സഹകരണ ബോര്‍ഡുകളിലെ ജീവനക്കാര്‍ക്ക് ഒരുമാസ ശമ്പളം അഡ്വാന്‍സ്
സഹകരണ ബോര്‍ഡുകളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് ഉത്സവബത്തയും ശമ്പള അഡ്വാന്‍സും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ്, സഹകരണ ജീവനക്കാരുടെ പെന്ഷന് ബോര്‍ഡ്, കേരള സഹകരണ ക്ഷേമനിധി ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് എന്നിവയിലെ ജീവനക്കാര്‍ക്കാണ് ഇത് ബാധകം.
സ്ഥിരം ജീവനക്കാര്‍ക്ക് ഒരുമാസത്തെ ശമ്പളം അഡ്വാന്‍സായി ലഭിക്കും. ഇത് പത്ത് തുല്യ തവണകളായി പ്രതിമാസ ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കണമെന്നാണ് വ്യവസ്ഥ. 20,000 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക്, അഡ്വാന്‍സ് ഈ പരിധിയില്‍ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉത്സവബത്ത് സ്ഥിരം -കരാര്‍ ജീവനക്കാര്‍ക്ക് എല്ലാം ബാധകമാണ്. നിത്യവേതന അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവര്‍ക്ക് 3000 രൂപനിരക്കിലാണ് ഉത്സവ ബത്ത അനുവദിച്ചിട്ടുള്ളത്. സ്ഥിരം ജീവനക്കാരുടേത് ശമ്പളത്തിന്റെ തോത് അനുസരിച്ചാണ് നിശ്ചയിച്ചിട്ടുള്ളത്. പതിനൊന്നാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിച്ചതിന് ശേഷം 35,040 രൂപയോ അതില്‍ കുറവോ ശമ്പളം ലഭിക്കുന്നവര്‍ക്ക് 6000 രൂപയായിരിക്കും ഉത്സവ ബത്ത. അതിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് 4500 രൂപയായിരിക്കും ബത്ത.