സഹകരണ ബാങ്കുകള്‍ക്ക് പൊതുസോഫ്റ്റ് വെയറിനുള്ള നടപടി തുടങ്ങി; നാല് കോടിരൂപ അനുവദിച്ചു
പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് വേഗത്തിലാക്കുന്നു. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്കായി സര്‍ക്കാര്‍ നാലുകോടിരൂപ അനുവദിച്ചു. സോഫ്റ്റ് വെയര്‍ ഏകീകകരണത്തിനുള്ള പദ്ധതിരേഖ സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം പരിഗണിച്ചിരുന്നു. യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചാണ് നാലുകോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സഹകരണ വകുപ്പിന്റെ ആധുനിക വത്കരണത്തിനായി വകയിരുത്തിയ ഫണ്ടില്‍നിന്നാകും തുക അനുവദിക്കുക.
എല്ലാ ബാങ്കുകള്‍ക്കും സേവനം ഉപയോഗിക്കാവുന്ന പൊതു സോഫ്റ്റ് വെയറാണ് സഹകരണ വകുപ്പ് തയ്യാറാക്കുന്നത്. സോഫ്റ്റ് വെയറിന്റെ നിയന്ത്രണം കരാര്‍ ഏറ്റെടുത്ത സ്ഥാപനത്തിനാകും. ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കാനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. ഓരോ ബാങ്കുകള്‍ക്കും അവരുടെ സൗകര്യത്തിന് അനുസരിച്ചുള്ള ക്രമീകരണം സോഫ്റ്റ് വെയറില്‍ നടത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. സഹകരണ ബാങ്ക് പ്രതിനിധികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ല.
ഫെയ്‌സ് ബുക്ക് പോലുള്ള സമൂഹമാധ്യമ പേജിന്റെ ഉപയോഗം പോലെയാകും ‘സാസ്'( സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്) മാതൃകയിലുള്ള സോഫ്റ്റ്‌വെയര്‍ സഹകരണ ബാങ്കുകള്‍ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ സഹകാരികള്‍ക്ക് ആശങ്കയുണ്ട്. വന്‍തുക ചെലവഴിച്ചാണ് പ്രധാന സഹകരണ ബാങ്കുകളെല്ലാം സ്വന്തമായി സോഫ്റ്റ് വെയര്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതെല്ലാം ഉപേക്ഷിക്കേണ്ടിവരുമെന്നതാണ് പ്രധാന പ്രശ്‌നം. നിലവിലെ സോഫ്റ്റ് വെയറിലെയും ഡേറ്റ സെന്ററിലേയും ഡേറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സംബന്ധിച്ചും ധാരണയുണ്ടായിട്ടില്ല. ഡേറ്റ ട്രാന്‍സ്ഫറിന് കമ്പനികള്‍ക്ക് നല്‍കേണ്ട തുക സഹകരണ ബാങ്കുകള്‍ വഹിക്കേണ്ടിവരും. പാതുസോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് സഹകരണ ബാങ്കുകള്‍ വഹിക്കേണ്ടിവരുമെന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇത് എത്രയാകുമെന്നതിലും വ്യക്തത വരുത്തിയിട്ടില്ല.
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്കായി രാജ്യത്താകെ പൊതുസോഫ്റ്റ് വെയര്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. നബാര്‍ഡാണ് ഇതിന്റെ ഏജന്‍സി. കേന്ദ്ര സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് പൂര്‍ണമായും സര്‍ക്കാരാണ് വഹിക്കുന്നത്. പ്രാഥമിക സഹകരണ ബാങ്ക്, കേരളബാങ്ക്, നബാര്‍ഡ് എന്നിവ ബന്ധിപ്പിച്ചുള്ള സോഫ്റ്റ് വെയറാണ് കേന്ദ്രം തയ്യാറാക്കുന്നത്. ഇതും സാസ് മാതൃകയിലാണ്. കേരളാബാങ്കുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയറാണ് സഹകരണ വകുപ്പ് തയ്യാറാക്കുന്നത്. ഈ സോഫ്റ്റ് വെയറും നബാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും രാജ്യത്തെ പൊതുസഹകരണ ശൃംഖലയുടെ ഭാഗമാകേണ്ടിവരുമെന്നുമുള്ള സൂചന നബാര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. എങ്കില്‍മാത്രമേ, നബാര്‍ഡില്‍നിന്ന് അടക്കമുള്ള കേന്ദ്രപദ്ധതികള്‍ സഹകരണ സംഘങ്ങള്‍ക്ക് ലഭ്യമാകൂ. അങ്ങനെ വന്നാല്‍ സംസ്ഥാന സോഫ്റ്റ് വെയറിന്റെ ചെലവ് സംഘങ്ങള്‍ക്ക് അധിക ബാധ്യതയാകും.