സഹകരണ പ്രതിരോധത്തില്‍ നമുക്കു പിഴവു പറ്റിയോ ?

[mbzauthor]

– കിരണ്‍ വാസു

ബാങ്കിങ് നിയന്ത്രണ ഭേദഗതിക്കുശേഷം റിസര്‍വ് ബാങ്ക് സ്വീകരിച്ച
നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഹരജി ഇപ്പോള്‍
മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍
റിസര്‍വ് ബാങ്ക് നല്‍കിയ സത്യവാങ്മൂലം കേരളത്തിലെ
സഹകാരികള്‍ പ്രത്യേകം ശ്രദ്ധിക്കണം. സഹകരണ സംഘങ്ങള്‍
ആര്‍.ബി.ഐ. ലൈസന്‍സില്ലാതെ ബാങ്കിങ് പ്രവര്‍ത്തനം
നടത്തുന്നത് അംഗീകരിക്കില്ലെന്നാണ് ഈ സത്യവാങ് മൂലത്തില്‍
പറയുന്നത്. കേരളത്തിലെ പ്രശ്‌നങ്ങളില്‍ റിസര്‍വ് ബാങ്ക്
സ്വീകരിക്കാന്‍ പോകുന്ന നിലപാട് വ്യക്തമാക്കുന്ന
സത്യവാങ്മൂലമാണിത്. സഹകരണ ബാങ്കുകളെയും
ക്രെഡിറ്റ് സഹകരണ സംഘങ്ങളെയും രണ്ടായിത്തന്നെ
കണക്കാക്കി നിയന്ത്രണ നടപടികള്‍ സ്വീകരിക്കുകയെന്നതാണു
ബാങ്കിങ് നിയന്ത്രണ ഭേദഗതിയുടെ ലക്ഷ്യമെന്നു റിസര്‍വ് ബാങ്ക്
മധ്യപ്രേദേശ് ഹൈക്കോടതിയില്‍ വിശദീകരിച്ചിട്ടുണ്ട്. ബാങ്ക്
എന്ന പേരുപയോഗിച്ചാല്‍ ആ കാരണം കൊണ്ടുതന്നെ
ബാങ്കിങ് നിയന്ത്രണ നിയമമനുസരിച്ച് റിസര്‍വ് ബാങ്കിനു
നേരിട്ട് ഇടപെടാനാകുമെന്ന സൂചനയാണ് ഈ സത്യവാങ്മൂലം നല്‍കുന്നത്.

 

സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്ക് നടത്തിയ ചില ഇടപെടല്‍ അതിഗുരുതരമായ പ്രതിസന്ധിക്കാണു വഴിവെക്കുന്നത് എന്നതായിരുന്നു കേരളത്തിന്റെ വിലയിരുത്തല്‍. സഹകരണ സംഘങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുക എന്ന ‘അജണ്ട’ പോലും റിസര്‍വ് ബാങ്കിനുണ്ടെന്ന മട്ടിലായിരുന്നു കേരളത്തില്‍നിന്നുയര്‍ന്ന വാദങ്ങള്‍. അതുകൊണ്ടുതന്നെ ഈ ശ്രമം പ്രതിരോധിക്കേണ്ടത് അനിവാര്യമാണെന്ന ചിന്ത സഹകാരികള്‍ക്കുണ്ടായി. അതില്‍ രാഷ്ട്രീയമുണ്ടായിരുന്നില്ല. ‘സഹകരണം’ മാത്രമായിരുന്നു രാഷ്ട്രീയം. സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും കൈകോര്‍ത്തു. സംസ്ഥാനതലത്തില്‍ സഹകരണ സംരക്ഷണ സമിതി രൂപം കൊണ്ടു. എല്ലാ ജില്ലയിലും സംരക്ഷണ സമിതികള്‍ പിറന്നു. സമരങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. റിസര്‍വ് ബാങ്കിന്റെ കൊച്ചി, തിരുവനന്തപുരം ഓഫീസുകളിലേക്കു പലവട്ടം മാര്‍ച്ചുകള്‍ നടന്നു. അതിലൊന്നില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍തന്നെ പങ്കെടുത്തു. പ്രതിഷേധ സമരങ്ങള്‍ മാത്രമായിരുന്നില്ല കേരളത്തില്‍ നടന്നത്. ബോധവല്‍ക്കരണത്തിനു സഹകരണ സംഘങ്ങള്‍തോറും നടപടികളുണ്ടായി. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മുന്നറിയിപ്പുനോട്ടീസിലെ നിയമവിരുദ്ധതയും സഹകരണത്തിന്റെ ജനകീയതയും ബോധ്യപ്പെടുത്തുന്ന ലഘുലേഖകള്‍ തയാറാക്കി. ഓരോ വീട്ടിലും സഹകരണ പ്രതിനിധികളെത്തി. പെന്‍ഷനും കിറ്റുമെല്ലാം എത്തിച്ചുതന്നവര്‍ പറയുന്നത് അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ജനങ്ങള്‍ ഉള്‍ക്കൊണ്ടു. നിക്ഷേപത്തിനു സുരക്ഷയില്ലെന്ന അതിഗുരുതരമായ മുന്നറിയിപ്പ്‌നോട്ടീസ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടും സഹകരണ സംഘങ്ങളിലെ നിക്ഷേപത്തില്‍ ചോര്‍ച്ചയുണ്ടാകാതിരുന്നത് ഈ ജനവിശ്വാസ്യത കൊണ്ടാണ്.

റിസര്‍വ് ബാങ്കിന്റെ നിയമവിരുദ്ധതയെ നിയമപരമായിത്തന്നെ ചോദ്യം ചെയ്തു തോല്‍പ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സഹകരണ സംരക്ഷണ സമിതിയുടെ മറ്റൊരു തീരുമാനം. ഇതനുസരിച്ച്, റിസര്‍വ് ബാങ്കിനെതിരെ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യാന്‍ സര്‍ക്കാരും തീരുമാനിച്ചു. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ 2021 ഡിസംബര്‍ ആദ്യവാരം ചേര്‍ന്ന മന്ത്രിസഭായോഗവും തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍. വാസവന്‍, നിയമമന്ത്രി പി.രാജീവ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് എന്നിവരെല്ലാം കൊച്ചിയില്‍ അഡ്വക്കറ്റ് ജനറലിന്റെ നേതൃത്വത്തിലുള്ള നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പുനോട്ടീസിനെ നിയമപരമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതില്‍ കേരളത്തിന് അനുകൂലമായ വിധി നേടിയെടുക്കാനാവുമെന്നുമായിരുന്നു ഈ യോഗത്തിന്റെ വിലയിരുത്തല്‍. അങ്ങനെ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു. കേരളത്തിനുവേണ്ടി ഹാജരാകാന്‍ മുന്‍ സോളിസിറ്റര്‍ ജനറലായ അഡ്വ. വിശ്വനാഥനെ ചുമതലപ്പെടുത്തി. മന്ത്രി വി.എന്‍. വാസവന്‍ നേരിട്ട് ഡല്‍ഹിയിലെത്തിയാണ് ഇദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. ഇത്രയും നടപടികള്‍ വേഗത്തിലാണു നടന്നത്. പക്ഷേ, പിന്നീടുള്ള നടപടികള്‍ ഇരുട്ടിലായി. മാസം രണ്ടായിട്ടും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയില്ല. ഹരജി ഫയല്‍ ചെയ്യാനുള്ള നിര്‍ദേശം സുപ്രീംകോടതിയിലെ കോണ്‍സലിന് ലഭിച്ചില്ലെന്നാണു ഡല്‍ഹിയില്‍നിന്നുള്ള വാര്‍ത്തകള്‍. ഇതേക്കുറിച്ച് സര്‍ക്കാരിന്റെ വിശദീകരണമൊന്നും ഉണ്ടായിട്ടില്ല. പ്രതിഷേധവും സമരവും ഉയര്‍ത്തിയ സഹകാരികളും എന്താണു സംഭവിച്ചത് എന്നറിയാത്ത ആശയക്കുഴപ്പത്തിലാണ്.

ആര്‍.ബി.ഐ. വാദത്തിലെ
നിയമവിരുദ്ധത

2021 നവംബര്‍ 23 നാണു പ്രാഥമിക സഹകരണ ബാങ്കുകളെ ബാധിക്കുന്ന ഒരു പത്രക്കുറിപ്പ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. ഇതു കേരളത്തിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇതിന്റെ ചര്‍ച്ചകള്‍ സഹകരണ മേഖലയില്‍ സജീവമാകുമ്പോഴാണു നവംബര്‍ 27 ന് റിസര്‍വ് ഒരു പത്രപ്പരസ്യം നല്‍കുന്നത്. നേരത്തെ പത്രക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ മലയാളത്തില്‍ പരസ്യമായി നല്‍കി. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നോട്ടീസ് എന്ന നിലയിലാണ് ഇതു പരസ്യപ്പെടുത്തിയത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ ബാങ്ക്് എന്നു പേരിനൊപ്പം ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കരുത്, സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ക്കു കേന്ദ്ര ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്റെ പരിരക്ഷ ലഭിക്കില്ല എന്നീ കാര്യങ്ങളാണു റിസര്‍വ് ബാങ്ക് പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള നോട്ടീസില്‍ പറഞ്ഞിരുന്നത്. ചില സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ നിയമവിരുദ്ധമായി ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതും നിയമവിരുദ്ധമായി ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണു മുന്നറിയിപ്പുപരസ്യത്തിലെ വാചകം. മലയാള മാധ്യമങ്ങളില്‍ മാത്രമാണ് ആര്‍.ബി.ഐ. പരസ്യം നല്‍കിയത് എന്നതിനാല്‍ ലക്ഷ്യം കേരളത്തിലെ സഹകരണ സംഘങ്ങളാണ് എന്നതില്‍ തര്‍ക്കമുണ്ടായിരുന്നില്ല.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കേരളത്തില്‍ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്ന നിലയിലാണു പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കു ജനങ്ങളില്‍ക്കിടയില്‍ വലിയ സ്വാധീനവും വിശ്വാസ്യതയുമുണ്ട്. ബാങ്കുകള്‍ എന്ന നിലയില്‍ത്തന്നെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ മൊത്തം നിക്ഷേപത്തിന്റെ 85 ശതമാനവും കേരളത്തിലെ സംഘങ്ങളുടെതാണ്. എണ്ണത്തില്‍ മൊത്തം സംഘങ്ങളുടെ രണ്ടു ശതമാനമേ കേരളത്തിലെ സംഘങ്ങള്‍ വരുകയുള്ളൂ. ഉയര്‍ന്ന നിക്ഷേപവും സാമ്പത്തിക വിനിമയത്തിലെ ഉയര്‍ന്ന തോതുമാണു കേരളത്തിലെ സഹകരണ സംഘങ്ങളില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന നിലപാടിലേക്കു റിസര്‍വ് ബാങ്കിനെ എത്തിച്ചത്. അതിനു പല ഘട്ടമായി ആര്‍.ബി.ഐ. ശ്രമിക്കുന്നുണ്ട്. കത്തുകളും മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്കു ശേഷം അതിലെ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തി ഇതു കൂടുതല്‍ ശക്തമാക്കി എന്നതാണു പത്രപ്പരസ്യത്തിലൂടെയുണ്ടായത്.

ആര്‍.ബി.ഐ. ഉന്നയിച്ച മൂന്നു കാര്യങ്ങളും നിയമവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്നു സര്‍ക്കാര്‍ ഔദ്യോഗികമായിത്തന്നെ റിസര്‍വ് ബാങ്കിനെ അറിയിച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതും സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന നോട്ടീസ് പരസ്യപ്പെടുത്തിയതുമായ നടപടി ആര്‍.ബി.ഐ. തിരുത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കേന്ദ്ര ധനകാര്യമന്ത്രിക്കും കത്തയച്ചു. റിസര്‍വ് ബാങ്കിന്റെ ജനറല്‍ മാനേജരുടെ പേരിലാണു പത്രപ്പരസ്യം വന്നത്. അതിനാല്‍, സഹകരണ സംഘം രജിസ്ട്രാര്‍ ആര്‍.ബി.ഐ. ജനറല്‍ മാനേജര്‍ക്കും കത്ത് നല്‍കി. കേരളം ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കാം എന്നാണു മന്ത്രിയെ ആര്‍.ബി.ഐ. ഗവര്‍ണര്‍ മറുപടിയിലൂടെ അറിയിച്ചത്. പക്ഷേ, തിരുത്തലൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുമെന്നു മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.

എടുത്തുചാടിയത്
അപകടത്തിലേക്കോ?

കേരളത്തിന്റെ എടുത്തുചാട്ടം അപകടത്തിലേക്കായിരുന്നുവെന്ന ചില വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വേണ്ടത്ര പഠനമോ പരിശോധനയോ ഇല്ലാതെയാണു റിസര്‍വ് ബാങ്കിനെതിരെ കേരളം നടപടിക്കിറങ്ങിയതെന്നാണ് ഈ വാദത്തിന്റെ പൊരുള്‍. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക് എന്നുപയോഗിക്കരുതെന്നത് ആര്‍.ബി.ഐ. വര്‍ഷങ്ങളായി ഉന്നയിക്കുന്ന വിഷയമാണ്. തര്‍ക്കവിഷയമായിത്തന്നെയാണ് അതു നിലനില്‍ക്കുന്നത്. നോമിനല്‍-അസോസിയേറ്റ് അംഗങ്ങളെ പൊതുജനങ്ങള്‍ക്കു തുല്യമായി കണക്കാക്കുമെന്നതും നേരത്തെ ആര്‍.ബി.ഐ. ഉന്നയിച്ചതാണ്. ഇത് ആദായനികുതി വകുപ്പും ഉന്നയിച്ചതാണ്. 2021 ജനുവരിയില്‍ ആദായനികുതി കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ സഹകരണ സംഘങ്ങളെ വിഭജിക്കാന്‍ പാടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധിയിലെ പരമാര്‍ശമാണ് ഇപ്പോള്‍ ആര്‍.ബി.ഐ. ആവര്‍ത്തിക്കുന്ന, വോട്ടവകാശമില്ലാത്ത അംഗങ്ങളുടെ നിക്ഷേപം പൊതുജന നിക്ഷേപമായി കണക്കാക്കുമെന്ന വാദത്തെ നിയമവിരുദ്ധമാണെന്നു പറയാന്‍ കേരളം ഉന്നയിക്കുന്നത്. ഇതു വസ്തുതാപരവുമാണ്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിനു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്റെ പരിരക്ഷ ഇല്ലെന്നതിനാല്‍ സുരക്ഷിതമല്ലെന്ന പരസ്യത്തിലെ പരാമര്‍ശം തെറ്റിദ്ധാരണയുണ്ടാക്കുന്നതും അപകടകരവുമാണ്. അതായതു കേരളത്തിനു കേസിനു പോകാനുള്ള വഴി ആര്‍.ബി.ഐ. തന്നെ ഒരുക്കിയാണ് ഈ പരസ്യം നല്‍കിയത് എന്നു വ്യക്തം.

കേരളത്തെ സപ്രീംകോടതിക്കു മുമ്പില്‍ എത്തിക്കാനുള്ള ‘ട്രാപ്പ്’ ആണ് ആര്‍.ബി.ഐ. ഒരുക്കിയതെന്നു സഹകരണ വിഷയങ്ങളില്‍ അവഗാഹമുള്ള ചിലര്‍ ചൂണ്ടിക്കാട്ടുന്നു. റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം സുപ്രീംകോടതി വിധിയിലൂടെ നേടിയെടുക്കാനാണു ശ്രമം. അതിനുള്ള എല്ലാ ഗ്രൗണ്ട്‌വര്‍ക്കും ആര്‍.ബി.ഐ. പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാങ്കിങ് ബിസിനസ് കേന്ദ്ര വിഷയമായതിനാല്‍ ബാങ്ക് എന്ന വാക്ക് സഹകരണ സംഘങ്ങള്‍ ഉപയോഗിക്കുന്നതു വിലക്കണമെന്ന ആവശ്യം ആര്‍.ബി.ഐ. ഉന്നയിക്കും. ഇതില്‍ ആര്‍.ബി.ഐ.യ്ക്ക് അനുകൂലമായി വിധിയുണ്ടാകാനുള്ള സാധ്യത സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിലുമുണ്ട്. അംഗങ്ങളുടെ വര്‍ഗീകരണമാണ് അടുത്ത വിഷയം. കേരളത്തിലെ സഹകരണ നിയമമനുസരിച്ച് ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിനു പ്രവര്‍ത്തന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധിക്കു പുറത്തുള്ളവരില്‍നിന്നാണു നോമിനല്‍, അസോസിയേറ്റ് അംഗത്വം നല്‍കി നിക്ഷേപം സ്വീകരിക്കുന്നത്. അതു സംസ്ഥാന നിയമത്തിനും വിരുദ്ധമാണെന്നാണ് ആര്‍.ബി.ഐ. ഉന്നയിക്കാന്‍ പോകുന്നത്. ഇതിനു സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന്റെ കണക്ക്, നോമിനല്‍, അസോസിയേറ്റ് അംഗങ്ങളുടെ നിക്ഷേപവിഹിതം, അവരുടെ എണ്ണം എന്നിവയെല്ലാം റിസര്‍വ് ബാങ്ക് ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ വാദം അംഗീകരിക്കപ്പെട്ടാല്‍ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ളവരുടെ നിക്ഷേപം സ്വീകരിക്കുന്നതിനു സഹകരണ സംഘങ്ങള്‍ക്കു വിലക്ക് വരും. അല്ലെങ്കില്‍ പ്രവര്‍ത്തന പരിധി ഒഴിവാക്കാനുള്ള നിയമഭേദഗതി കേരളത്തില്‍ കൊണ്ടുവരേണ്ടിവരും. ഇതു രണ്ടും സഹകരണ മേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

നിക്ഷേപസുരക്ഷ റിസര്‍വ് ബാങ്ക് ഉന്നയിച്ചതു ബോധപൂര്‍വമാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ ചില പ്രാഥമിക സഹകരണ ബാങ്കുകളിലെ പ്രശ്‌നങ്ങള്‍ നിക്ഷേപകരെ ബാധിച്ചതിന്റെ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ശേഖരിച്ചിട്ടുണ്ട്. 33 സഹകരണ ബാങ്കുകളില്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടെന്നാണു ആര്‍.ബി.ഐ. കണ്ടെത്തിയിട്ടുള്ളത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രശ്‌നങ്ങള്‍ ഇതില്‍ ഏറെ ചര്‍ച്ചയായതാണ്. ഈ ബാങ്കിലെ പണം തിരിച്ചുകിട്ടാത്ത നിക്ഷേപകരുടെ പരാതി റിസര്‍വ് ബാങ്ക് പ്രത്യേകമായി ശേഖരിച്ചിട്ടുണ്ട്. ബാങ്ക് എന്ന പേരുപയോഗിച്ച് നിക്ഷേപം സ്വീകരിച്ചശേഷം ബാങ്കിങ് ബിസിനസ്സില്‍ നിക്ഷേപകരുടെ വിശ്വാസ്യത തകര്‍ത്തു എന്നാവും സുപ്രീംകോടതിയില്‍ ആര്‍.ബി.ഐ. ഉന്നയിക്കുക. അതിനു തെളിവായി കരുവന്നൂരിലെ പരാതിയടക്കം ഹാജരാക്കും. പരാതിക്കാരായ നിക്ഷേപകരെപ്പോലും സുപ്രീം കോടതിയില്‍ റിസര്‍വ് ബാങ്ക് ഹാജരാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണു സഹകരണ മേഖലയിലുള്ളവര്‍ പറയുന്നത്. അതു കോടതി അംഗീകരിച്ചാല്‍ കേരളത്തിനെതിരായ വിധിയുണ്ടാകാനാണു സാധ്യത. ആ വിധി അംഗീകരിക്കുകയല്ലാതെ കേരളത്തിനു മറ്റൊരു വഴിയുണ്ടാവില്ല. ഇതാണു റിസര്‍വ് ബാങ്കും ലക്ഷ്യമിടുന്നത്.

കേസിനൊരുങ്ങി
ആര്‍.ബി.ഐ.

തങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുന്ന കേരളത്തെ അതേ രീതിയില്‍ എതിരിടാനാണു റിസര്‍വ് ബാങ്കും ഒരുങ്ങുന്നതെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘങ്ങളുടെയും ഇടപാടുവിവരങ്ങള്‍, ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, സഹകരണ വകുപ്പ് സ്വീകരിച്ച നടപടികള്‍, മാധ്യമ വാര്‍ത്തകള്‍, പ്രതിഷേധങ്ങളില്‍ ഉന്നയിച്ച വിഷയങ്ങള്‍ എന്നിവയെല്ലാം റിസര്‍വ് ബാങ്ക് ശേഖരിച്ചുകഴിഞ്ഞു. മൂന്നു മാസം മുമ്പ് എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നും ആര്‍.ബി.ഐ. ഇടപാടുവിവരങ്ങള്‍ രേഖാമൂലം ശേഖരിച്ചിരുന്നു. ബാങ്ക് എന്ന പേരുപയോഗിക്കുന്നുണ്ടോ, ബാങ്കിങ് ബിസിനസ് നടത്തുന്നുണ്ടോ, ഇടപാടുകാര്‍ക്കു ചെക്ക് നല്‍കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത്. ബാങ്ക് എന്നുപയോഗിക്കുന്നുണ്ടെന്നും ചെക്ക് ഉള്‍പ്പടെ നല്‍കി ബാങ്കിങ് ബിസിനസ് നടത്തുന്നുണ്ടെന്നും മറുപടി നല്‍കണമെന്നാണ് അന്നു സംശയമുന്നയിച്ച ബാങ്ക് സെക്രട്ടറിമാര്‍ക്ക് ഒരു വിഭാഗം സംഘടനാ നേതാക്കള്‍ നല്‍കിയിരുന്ന നിര്‍ദേശം. കാരണം, പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ഒരു രീതിയിലും റിസര്‍വ് ബാങ്കിന് ഇടപെടാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറഞ്ഞത്. ഇതനുസരിച്ച് നല്‍കിയ വിവരങ്ങളാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ആയുധമാക്കുന്നത്.

ബാങ്ക് എന്ന പേര് മാറ്റുന്നതു സംബന്ധിച്ച് പലതവണ കേരളത്തിനു റിസര്‍വ് ബാങ്ക് കത്തു നല്‍കിയിട്ടുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ 2020 സെപ്റ്റംബറിലെ ഭേദഗതിക്കുശേഷം സംസ്ഥാന നിയമത്തിലടക്കം വരുത്തേണ്ട മാറ്റങ്ങളും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം കേരളം അംഗീകരിച്ചതാണ്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു സഹകരണ സംഘം രജിസ്ട്രാറടക്കം റിസര്‍വ് ബാങ്കിന് ഉറപ്പുനല്‍കുകയും ചെയ്തതാണ്. ഇതിന്റെ രേഖകളെല്ലാം കേസിനായി ക്രോഡീകരിക്കാന്‍ ആര്‍.ബി.ഐ. നടപടി തുടങ്ങി. കേരളത്തിലെ റീജിയണല്‍ ഓഫീസിനാണ് ഇതിന്റെ ചുമതല. ബാങ്കിങ് നിയന്ത്രണ ഭേദഗതിക്കുശേഷം സംസ്ഥാനത്ത് വരുത്തേണ്ട മാറ്റം സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കു നല്‍കിയ കത്ത്, സഹകരണ സംഘം രജിസ്ട്രാറെ അറിയിച്ച കാര്യങ്ങള്‍, അര്‍ബന്‍ ബാങ്ക് ടാസ്‌ക് ഫോഴ്സ് യോഗത്തിന്റെ മിനുറ്റ്സ് എന്നിവയെല്ലാം ഇതില്‍പ്പെടും.

2020 ആഗസ്റ്റ് 14നുതന്നെ സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണു റിസര്‍വ് ബാങ്കിന്റെ രേഖ. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാനതല ഏകോപനസമിതി യോഗത്തിലായിരുന്നു ഇത്. ഇതില്‍ മൂന്നാമത്തെ അജണ്ടയായി ഉണ്ടായിരുന്നതു ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി സംബന്ധിച്ചായിരുന്നു. 2020 ജൂണ്‍ 26 നു കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും പുതിയ ഭേദഗതിയനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ലഭിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നുമുള്ള ആര്‍.ബി.ഐ. ജനറല്‍ മാനേജറുടെ അറിയിപ്പ് യോഗത്തെ അറിയിച്ചു. അതനുസരിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍.ബി.ഐ. റീജിയണല്‍ ഡയറക്ടര്‍ സഹകരണ സംഘം രജിസ്ട്രാറോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ മിനുറ്റ്സടക്കം കേസിനായി ആര്‍.ബി.ഐ. ഉപയോഗിക്കും. 2020 ഒക്ടോബര്‍ ഏഴിനു നടന്ന അര്‍ബന്‍ ബാങ്കുകളുടെ ടാസ്‌ക് ഫോഴ്സ് യോഗത്തിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഈ യോഗത്തിലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ബാങ്ക് എന്നുപയോഗിക്കുന്നതു തടയണമെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണു ചെക്ക്, ഡ്രാഫ്റ്റ് ഉപയോഗിക്കുന്ന സംഘങ്ങളുടെ വിവരം തേടി റിസര്‍വ് ബാങ്ക് കത്തു നല്‍കിയത്. ഈ കത്തനുസരിച്ച് റജിസ്ട്രാറാണു സംഘങ്ങളില്‍നിന്നു വിവരങ്ങള്‍ തേടിയത്. ആവര്‍ത്തിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതുകൊണ്ടാണു പത്രപ്പരസ്യത്തിലൂടെ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയത് എന്നായിരിക്കും ആര്‍.ബി.ഐ.യുടെ വാദം. അതിനെ സാധൂകരിക്കാനുള്ള രേഖകള്‍ ആര്‍.ബി.ഐ.യിലുണ്ട്. കേരളത്തിന്റെ വാദം ഈ രേഖകള്‍ക്കു മുമ്പില്‍ ദുര്‍ബലമാകാനാണ് സാധ്യത.

നടപടിയിലേക്കും
ആര്‍.ബി.ഐ.

നിയമപോരാട്ടത്തിനു വഴിയൊരുങ്ങിയില്ലെങ്കിലും നിയമപരമായ നടപടിയുമായി റിസര്‍വ് ബാങ്ക് മുന്നോട്ടുപോവുകയാണ്. ആര്‍.ബി.ഐ.യുടെ ഓരോ നടപടിയും കേരളത്തിലെ സഹകരണ മേഖലയ്ക്കു മൊത്തത്തില്‍ ഒരു ‘പാഠ’മാക്കി മാറ്റാനുള്ള ശ്രദ്ധ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമഭേദഗതിക്കു പിന്നാലെ അര്‍ബന്‍ ബാങ്കുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരത്തിനെതിരെ നിയമനടപടി സ്വീകരിച്ച കേരളത്തിലെ ഒരു അര്‍ബന്‍ ബാങ്കിനെതിരെ ഞെട്ടിക്കുന്ന നടപടിയാണ് ആര്‍.ബി.ഐ. സ്വീകരിച്ചത്. ഈ ബാങ്കിന്റെ പ്രവര്‍ത്തനം ആര്‍.ബി.ഐ. മരവിപ്പിച്ചു. നിക്ഷേപം സ്വീകരിക്കാനോ വായ്പ നല്‍കാനോ പാടില്ലെന്നാണു നിര്‍ദേശം. സ്വന്തം നിലയിലുള്ള ‘ബാങ്കിങ്’ മതിയാക്കാനുള്ള നടപടി തുടങ്ങിക്കോളാനും നിര്‍ദേശിച്ചിട്ടുണ്ട്. ഫലത്തില്‍ ബാങ്ക് ‘അടച്ചുപൂട്ടാനുള്ള’ നോട്ടീസാണു റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍, കേസിനു പോയതുകൊണ്ടല്ല നടപടിയെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചുള്ള തിരുത്തല്‍ നടപടിയാണിതെന്നാണു വിശദീകരണം.

റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെ ചോദ്യം ചെയ്താണു രണ്ട് അര്‍ബന്‍ ബാങ്കുകള്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന വിഷയമായ സഹകരണത്തില്‍ റിസര്‍വ് ബാങ്ക് അനാവശ്യ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നുവെന്നായിരുന്നു ബാങ്കുകളുടെ വാദം. കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഈ ബാങ്കുകളുടെ മുഴുവന്‍ പ്രവര്‍ത്തനവും റിസര്‍വ് ബാങ്ക് പരിശോധിക്കാന്‍ തീരുമാനിച്ചത്. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാവുന്ന വിധത്തിലുള്ള സാമ്പത്തിക സ്ഥിതിയല്ല ഇതില്‍ ഒരു ബാങ്കിനുള്ളതെന്നു റിസര്‍വ് ബാങ്ക് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കുകയും ചെയ്തു. ‘സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിം വര്‍ക്ക്’ അടിസ്ഥാനമാക്കിയാണു നിക്ഷേപവും വായ്പയും വിലക്കിയത്. ലാഭവിഹിതം വിതരണം ചെയ്യാനോ സംഭാവനകള്‍ നല്‍കാനോ അധികാരമില്ല. 12 മാസത്തിനുള്ളില്‍ മൂലധന പര്യാപ്തത ഒമ്പതു ശതമാനമാക്കാനുള്ള കര്‍മപരിപാടി ഫെബ്രുവരി ആദ്യവാരത്തിനു മുമ്പ് സമര്‍പ്പിക്കണമെന്നാണ് ഒരു നിര്‍ദേശം. മറ്റേതെങ്കിലും ബാങ്കുമായി ലയിക്കാനോ അല്ലെങ്കില്‍ ബാങ്ക് എന്ന പദവി ഉപേക്ഷിച്ച് സഹകരണ സംഘമായി പ്രവര്‍ത്തിക്കാനോ ഉള്ള തീരുമാനം മൂന്നു മാസത്തിനുള്ളില്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അര്‍ബന്‍ ബാങ്ക് ഫെഡറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി നേരിട്ട ബാങ്ക് ആര്‍.ബി.ഐ.ക്കെതിരെ കേസിനു പോയത്. എന്നാല്‍, ആര്‍.ബി.ഐ.യുടെ ഇടിവെട്ട് നടപടി ബാങ്കിനെതിരെ ഉണ്ടായപ്പോള്‍ സഹായിക്കാന്‍ ഫെഡറേഷനും രംഗത്തില്ല. ഇതോടെ, കേസ് കൊടുത്ത രണ്ടാമത്തെ ബാങ്കും ആശങ്കയിലാണ്. ഈ ബാങ്കിനെതിരെ തല്‍ക്കാലം ആര്‍.ബി.ഐ. നടപടി സ്വീകരിച്ചിട്ടില്ല. അര്‍ബന്‍ ബാങ്ക് ഫെഡറേഷനും സര്‍ക്കാരും കണ്ണടച്ചതോടെ കേസ് അവസാനിപ്പിച്ച് തലയൂരാനുള്ള ശ്രമത്തിലാണ് കേസിനു പോയ രണ്ടാമത്തെ ബാങ്കും. ആര്‍.ബി.ഐ.യ്‌ക്കെതിരെ ഫെഡറേഷന്‍ നേരിട്ട് കേസിനു പോകണമെന്നാണ്് ഒരു വിഭാഗം സഹകാരികള്‍ ആവശ്യപ്പെട്ടിരുന്നത്. ബാങ്കുകള്‍തന്നെ കേസ് നടത്തട്ടെ എന്നായിരുന്നു പൊതുതീരുമാനം. കേസ് നല്‍കാന്‍ നിശ്ചയിച്ച പല ബാങ്കുകളും അവസാനം പിന്മാറി. ഒടുവില്‍, കേസ് നല്‍കാന്‍ തയാറായതു രണ്ട് അര്‍ബന്‍ ബാങ്കുകള്‍ മാത്രമാണ്. ഇതില്‍ ഒന്നിനെതിരെയാണ് ഇപ്പോള്‍ നടപടി വന്നത്. മറ്റേതിന്റെ ഭരണസമിതി വലിയ ആശങ്കയിലാണ്. സഹകരണ മേഖലയ്ക്കുവേണ്ടി യുദ്ധത്തിനിറങ്ങി സ്വയം അപകടത്തില്‍ ചാടിയെന്ന വിലയിരുത്തലാണ് ഈ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങള്‍ക്കിടയിലുള്ളത്. ബാങ്കിങ് നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്ക് നിയമം വ്യവസ്ഥ ചെയ്യുന്ന നിയന്ത്രണ നടപടി സ്വീകരിക്കുമ്പോള്‍ അതിനെതിരെ കേസ് കൊടുക്കുന്നതു ബാങ്കുകളെ ബാധിക്കുമെന്നു ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇത് അവഗണിച്ചതാണു രണ്ട് ബാങ്കുകളെ കുരുക്കിലാക്കിയത്.

സഹകരണ ബാങ്കിങ്
സംസ്ഥാന വിഷയമല്ല

കേരളത്തിലെ പ്രശ്‌നങ്ങളില്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കാന്‍ പോകുന്ന നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലമാണു മധ്യപ്രദേശ് ഹൈക്കോടതിയില്‍ ആര്‍.ബി.ഐ. സമര്‍പ്പിച്ചിട്ടുള്ളത്. സഹകരണ ബാങ്കുകളെയും ക്രെഡിറ്റ് സഹകരണ സംഘങ്ങളെയും രണ്ടായിത്തന്നെ കണക്കാക്കി നിയന്ത്രണ നടപടികള്‍ സ്വീകരിക്കുകയെന്നതാണു ബാങ്കിങ് നിയന്ത്രണ ഭേദഗതിയുടെ ലക്ഷ്യമെന്നു ഹൈക്കോടതിയില്‍ റിസര്‍വ് ബാങ്ക് വിശദീകരിച്ചു. സംസ്ഥാന വിഷയമായ സഹകരണത്തില്‍ കേന്ദ്രതല ഇടപെടല്‍ വരുന്നതു നിയമവിരുദ്ധമാണെന്ന വാദം തള്ളാനാണു റിസര്‍വ് ബാങ്ക് ഇക്കാര്യം വിശദീകരിക്കുന്നത്. ബാങ്കിങ് നിയന്ത്രണ ഭേദഗതിക്കുശേഷം റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്തുള്ള ഹരജിയാണു മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കുന്നത്.

റിസര്‍വ് ബാങ്ക് ഉന്നയിക്കുന്ന കാര്യങ്ങള്‍ ഇവയാണ് : ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഒന്നാം പട്ടികയില്‍ ഉള്‍പ്പെട്ട കാര്യങ്ങളില്‍ നിയമം നിര്‍മിക്കാനും അതു നടപ്പാക്കാനുള്ള വ്യവസ്ഥകള്‍ കൊണ്ടുവരാനുമുള്ള പൂര്‍ണ അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ഒന്നാം പട്ടികയിലെ 45-ാം എന്‍ട്രിയായ ബാങ്കിങ് അത്തരമൊരു വിഷയമാണ്. ബാങ്കിങ് കാര്യങ്ങളില്‍ നിയമനിര്‍മാണാധികാരം പാര്‍ലമെന്റിനാണ്. ബാങ്കിങ് എന്നതിനു വിപുലമായ അര്‍ഥമാണു നല്‍കിയിരിക്കുന്നത്. ധനകാര്യ അനുബന്ധ കാര്യങ്ങളും ധനകാര്യ ഉപവിഭാഗങ്ങളുമെല്ലാം ബാങ്കിങ്ങിന്റെ നിര്‍വചാധികാരത്തില്‍പ്പെടുന്നതാണ്. സഹകരണ ബാങ്കുകളെക്കുറിച്ച് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നടപടികളെല്ലാം ഇതിന്റെ പരിധിക്കുള്ളില്‍നിന്നുകൊണ്ടാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാം പട്ടികയില്‍ 32-ാം എന്‍ട്രിയാണ് സഹകരണം. ഇതില്‍ നിയമനിര്‍മാണത്തിനുള്ള അധികാരം സംസ്ഥാന നിയമസഭകള്‍ക്കാണ്. ആ അധികാരത്തിന്റെ പരിധി ലംഘിക്കുന്ന ഒരു ഇടപെടലും റിസര്‍വ് ബാങ്കിന്റെ ഒരു സര്‍ക്കുലറിലും ഉണ്ടായിട്ടില്ല. സംഘടനകളും സര്‍വകലാശാലകളുമൊക്കെ രൂപവത്കരിക്കുന്ന അതേ രീതിയില്‍ സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന നിയമത്തിനു കീഴില്‍ കഴിയും. ഇത്തരം സംഘങ്ങളുടെ നിയന്ത്രണം, പ്രവര്‍ത്തനം അവസാനിപ്പിക്കല്‍ എന്നിവയെല്ലാം നിര്‍വഹിക്കുന്നതും സംസ്ഥാന നിയമമനുസരിച്ചാണ്. എന്നാല്‍, സഹകരണ സംഘങ്ങള്‍ നടത്തുന്ന ബാങ്കിങ് പ്രവര്‍ത്തനം ഈ പരിധിക്കുള്ളില്‍ നില്‍ക്കുന്നതല്ല. അത് കേന്ദ്ര നിയമത്തിന്റെ പരിധിയില്‍ മാത്രം ഉള്‍പ്പെടുന്നതും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ ബാധകമാകുന്നതുമാണ്.

കേരളത്തിലെ വിഷയത്തില്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന സൂചന ഈ സത്യവാങ്മൂലത്തിലുണ്ട്. സഹകരണ സംഘങ്ങള്‍ ആര്‍.ബി.ഐ. ലൈസന്‍സില്ലാതെ ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കില്ലെന്ന് ഈ സത്യവാങ് മൂലം ചൂണ്ടിക്കാട്ടുന്നു. ഇനി ലൈസന്‍സില്ലെങ്കിലും ബാങ്ക് എന്ന പേരുപയോഗിച്ചാല്‍ ആ കാരണം കൊണ്ടുതന്നെ ബാങ്കിങ് നിയന്ത്രണ നിയമമനുസരിച്ച് റിസര്‍വ് ബാങ്കിനു നേരിട്ട് ഇടപെടാനാകുമെന്ന സൂചനയും ഈ സത്യവാങ്മൂലത്തിലുണ്ട്. ആര്‍.ബി.ഐ.ക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളം ഇനിയും ഒരുപാട് പരിശോധനകളും ചര്‍ച്ചകളും നടത്തേണ്ടതുണ്ടെന്നാണു തോന്നുന്നത്. ഏറ്റുമുട്ടല്‍ മാത്രമാണു പ്രതിരോധമെന്ന പൊതുരീതി മാറേണ്ടിയിരിക്കുന്നു. ആവശ്യമായ ചില തിരുത്തലുകളും ആവശ്യപ്പെട്ട് നേടേണ്ട ചില അനുമതികളുമാണു കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടത്. രാഷ്ട്രീയപ്പോരാട്ടം രാഷ്ട്രീയമായി മാത്രമായി നിര്‍ത്താനാകും. ഭരണ – നിയമ പരിഷ്‌കാരം രാഷ്ട്രീയ ലക്ഷ്യത്തോടെയായാല്‍ അതു വലിയ അപകടങ്ങള്‍ക്കു വഴിവെച്ചേക്കും.

[mbzshare]

Leave a Reply

Your email address will not be published.