സഹകരണ പരീക്ഷയുടെ ഓണ്‍ലൈന്‍ നിയന്ത്രണത്തിന് പ്രത്യേക നിയമനത്തിന് അനുമതി

moonamvazhi

സഹകരണ പരീക്ഷകള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ പരീക്ഷബോര്‍ഡിലും തുടങ്ങി. ഇതിനായി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്ന തസ്തികയില്‍ സാങ്കേതിക പരിജ്ഞാനവും പ്രവൃത്തി പരിചയവുമുള്ള ഒരാളെ അഞ്ചുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

സഹകരണ പരീക്ഷ ബോര്‍ഡില്‍ ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ ഡെവല്‌മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ അത് നിയന്ത്രിക്കാന്‍ സ്ഥിരം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ വേണമെന്ന് ബോര്‍ഡ് സഹകരണ സംഘം രജിസ്ട്രാറോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷ ബോര്‍ഡിലെ ഓണ്‍ ലൈന്‍ സംവിധാനത്തിന്റെ മേല്‍നോട്ട ചുമതല സഹകരണ സംഘം രജിസ്ട്രാര്‍ക്കാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഡി.-ഡിറ്റിനാണ് ഇതിനുള്ള കരാര്‍.

ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച് രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയിറിങ്ങില്‍ ഒന്നാം ക്ലാസോട് ബി-ടെക് ബിരുദം/ എം.സി.എ./ കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐ.ടി.യില്‍ എം.എസ്.സി. എന്നീ യോഗ്യതയിലുള്ള ഒരാളെ നിയമിക്കണമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിയമനം സ്ഥിരമായോ കരാര്‍ അടിസ്ഥാനത്തിലോ ആകാമെന്നും കത്തില്‍ പരമാര്‍ശിച്ചിരുന്നു.

രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ച യോഗ്യതയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളയാളെ പ്രതിമാസം 40,000 രൂപ ശമ്പളത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിയമനം ബോര്‍ഡിന് നടത്താം. പക്ഷേ, ഇതിനുള്ള സാമ്പത്തിക ബാധ്യത പരീക്ഷ ബോര്‍ഡ് സ്വന്തം വരുമാനത്തില്‍നിന്ന് വഹിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News