സഹകരണ ഡാറ്റാ ബേസിന്റെ രണ്ടു ഘട്ടം പൂര്‍ത്തിയായി- മന്ത്രി അമിത് ഷാ
രാജ്യത്തെ സഹകരണസംഘങ്ങളുടെ വിവരങ്ങളടങ്ങിയ സഹകരണ ഡാറ്റാ ബേസ് കേന്ദ്ര സഹകരണമന്ത്രാലയം ദേശീയതലത്തില്‍ തയാറാക്കി വരികയാണെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ലോക്സഭയില്‍ അറിയിച്ചു. സഹകരണസംഘങ്ങളെ തരംതിരിച്ചു മൂന്നു ഘട്ടങ്ങളായിട്ടാണു ഡാറ്റാ ബേസ് തയാറാക്കുന്നത്. ഇതില്‍ ആദ്യത്തെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ദേശീയ സഹകരണ യൂണിയന് ഓഫ് ഇന്ത്യ ( എന്‍.സി.യു.ഐ ) 2018 ല്‍ തയാറാക്കിയ കണക്കനുസരിച്ചു സഹകരണസംഘങ്ങളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. തൊട്ടടുത്തു ഗുജറാത്തും ആന്ധ്രപ്രദേശുമാണ്.
മൂന്നു മേഖലകളിലെ 2.64 ലക്ഷം സംഘങ്ങളെ തരംതിരിച്ച് അവയുടെ വിവരങ്ങളടങ്ങിയ ഡാറ്റാ ബേസ് തയാറായിക്കഴിഞ്ഞു. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍, ക്ഷീരോല്‍പ്പാദന സംഘങ്ങള്‍, മീന്‍പിടിത്ത സംഘങ്ങള്‍ എന്നിവയാണു മൂന്നു മേഖലകള്‍. ഒന്നാംഘട്ടത്തിലുള്ള ഇവയുടെ ഡാറ്റാ ബേസ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ ദേശീയ സഹകരണസംഘങ്ങളുടെയും ഫെഡറേഷനുകളുടെയും വിശദാംശങ്ങള്‍ തയാറാക്കി. ബാക്കിവരുന്ന എല്ലാതരം സംഘങ്ങളുടെയും വിവരങ്ങളാണു മൂന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. മൂന്നാംഘട്ടവും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഡാറ്റാ ബേസ് പുറത്തുവിടും. ദേശീയ സഹകരണ ഡാറ്റാ ബേസിന്റെ പ്രവര്‍ത്തനം എവിടംവരെയായി എന്നു ലോക്സഭയില്‍ ഒരംഗം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി അമിത് ഷാ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
എന്‍.സി.യു.ഐ.യുടെ കണക്കനുസരിച്ചു രാജ്യത്താകെയുള്ള സഹകരണസംഘങ്ങളുടെ എണ്ണം 8,54,355 ആണ്. മഹാരാഷ്ട്രയില്‍ ആകെ 2,05,886 സഹകരണസംഘങ്ങളാണുള്ളത്. ഗുജറാത്തില്‍ 77,550 സംഘങ്ങളുണ്ട്. ആന്ധ്രപ്രദേശില്‍ 73,218 ഉം. കേരളത്തില്‍ 19,263 സഹകരണസംഘങ്ങളാണുള്ളത്. അതേസമയം, തെലങ്കാനയില്‍ 65,156, കര്‍ണാടകത്തില്‍ 40,938, തമിഴ്നാട്ടില്‍ 24,482 എന്നിങ്ങനെയാണു സംഘങ്ങളുടെ എണ്ണം.
ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണപ്രദേശത്തെയും സഹകരണസംഘങ്ങളുടെ എണ്ണം ഇപ്രകാരമാണ്: ആന്‍ഡമാന്‍-നിക്കോബാര്‍ – 2104, ആന്ധപ്രദേശ് – 73,218, അരുണാചല്‍ പ്രദേശ് – 783, അസം – 10,246, ബിഹാര്‍ – 39,169, ഛണ്ഡീഗഡ് – 243, ഛത്തിസ്ഗഡ് – 11,364, ഡല്‍ഹി – 6360, ഗോവ – 3822, ഗുജറാത്ത് – 77,550, ഹരിയാന – 24,572, ഹിമാചല്‍ പ്രദേശ് – 5394, ജമ്മു ആന്റ് കാശ്മീര്‍ – 2020, ഝാര്‍ഖണ്ഡ് – 13,855, കര്‍ണാടക – 40,938, കേരളം – 19,263, ലക്ഷദ്വീപ് – 81, മധ്യപ്രദേശ് – 47,415, മഹാരാഷ്ട്ര – 2,05,886, മണിപ്പൂര്‍ – 9237, മേഘാലയ – 1555, മിസോറം – 1437, നാഗാലാന്റ് – 9059, ഒഡിഷ – 17,330, പുതുച്ചേരി – 532, പഞ്ചാബ് – 17,437, രാജസ്ഥാന് – 28,459, സിക്കിം – 5464, തമിഴ്നാട് – 24,482, തെലങ്കാന – 65,156, ദാദ്രാ ആന്റ് നഗര്‍ ഹവേലി ആന്റ് ദാമന്‍-ദിയു – 390, ത്രിപുര – 2067, ഉത്തര്‍പ്രദേശ് – 48,188, ഉത്തരാഖണ്ഡ് – 5623, പശ്ചിമ ബംഗാൾ – 33,656.