സഹകരണ ജീവനക്കാരുടെ പ്രശ്നങ്ങള്‍ :മന്ത്രിക്കും പ്രതിപക്ഷ നേതാവിനും കെ.സി.ഇ.സി. നിവേദനം നല്കി
Deepthi Vipin lalJuly 28 2021,10:08 am
സഹകരണ മേഖലയുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് കോണ്‍ഗ്രസ് ( ഐ.എന്‍.ടി.യു.സി ) നേതാക്കള്‍ സഹകരണ മന്ത്രി വി.എന്‍. വാസവനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിവേദനം നല്കി.
ജീവനക്കാരുടെ പ്രമോഷനെ ബാധിക്കുന്ന 1 : 4 ലെ അപാകത പരിഹരിക്കുക, സഹകരണ ബാങ്ക് ജീവനക്കാരുടെ പി.എഫ്. പലിശ കുറച്ച നടപടി പിന്‍വലിക്കുക, സഹകരണ ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ക്കു നല്കുന്ന പലിശ കൂട്ടുക, കോവിഡ് സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കളക്ഷന്‍ ഏജന്റുമാര്‍ക്കു സാമ്പത്തിക സഹായം അനുവദിക്കുക, സഹകരണ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും രണ്ടു ഡോസ് കോവിഡ് വാക്സിന് എത്രയും പെട്ടെന്നു അനുവദിക്കുക, ജീവനക്കാര്‍ക്കു മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് സ്കീം ക്ഷേമനിധി ബോര്‍ഡുമായി ആലോചിച്ചു നടപ്പാക്കുക, റെയ്ഡ്കോ ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ നടപടിയെടുക്കുക, എംപ്ലോയ്മെന്റ് വെല്‍ഫെയര്‍ ബോര്‍ഡ് നല്കുന്ന സഹായവിതരണ ചികിത്സത്തുക കാലാസൃതമായി കൂട്ടുക, കോവിഡിനെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളാണു സംഘടന ഉന്നയിച്ചത്.
സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആമ്പക്കാട് സുരേഷ്, വര്‍ക്കിങ് പ്രസിഡന്റ് എസ്.ആര്. ഹാരിസ്, വിജയ്ചന്ദ്രന് നായര്‍, അഡ്വ. രമേശ്കുമാര്‍, ബിന്ദു മംഗലശ്ശേരി എന്നിവരാണു നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.