സഹകരണ അക്ഷര മ്യൂസിയത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

[mbzauthor]

സഹകരണ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം നിര്‍മ്മിക്കുന്ന അക്ഷര മ്യൂസിയം പദ്ധതിയുടെ മേല്‍നോട്ടത്തിന് സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് സമിതി. കോട്ടയം ജില്ലയിലെ നാട്ടകത്തുള്ള ഇന്ത്യാ പ്രസ് കോമ്പൗണ്ടിലാണാണ് അക്ഷര മ്യൂസിയം നിര്‍മ്മിക്കുന്നത്. 25,000 ചതുരശ്ര അടിയിലുള്ള കെട്ടിടം, പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായിട്ടാണ് നിര്‍മ്മാണം.

നാലുഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന ബൃഹത് പദ്ധതിയാണ് അക്ഷര മ്യൂസിയം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അക്ഷര-ഭാഷ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയം. നിര്‍മ്മാണത്തിന്റെ ഗുണനിലവാരും, രൂപകല്‍പന, മണ്ണിന്റെ ഘടന എന്നിവയെല്ലാം ഓരോ ഘട്ടത്തിലും ഉറപ്പാക്കി മ്യൂസിയത്തിന്റെ പണി വേഗം പൂര്‍ത്തിയാക്കണമെന്നാണ് സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇത് ഉറപ്പുവരുത്താന്‍ ഒരു ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ആഗസ്റ്റ് 31ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന് സഹായകമായ വിധത്തിലാണ് ഇപ്പോള്‍ രൂപംനല്‍കിയ കമ്മിറ്റിയുടെ ഘടന.

കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍ പിള്ള, പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്ട് പി.എസ്.രാജീവ്, ടൂറിസം വകുപ്പ് പ്ലാനിങ് ഓഫീസര്‍ രാജീവ് കാരിയല്‍, ആര്‍ക്കിയോളജി വിഭാഗം കണ്‍സര്‍ഫേഷന്‍ എന്‍ജിനീയര്‍ എസ്.ഭൂപേഷ്, പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ കെ.മാധവന്‍ പിള്ള, തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട. സൂപ്രണ്ടിങ് എന്‍ജീനീയര്‍ എസ്.അന്‍വര്‍ ഹുസൈന്‍, പൊതുമരാമത്ത് വകുപ്പ് റിട്ട. ഇലക്ട്രിക്കല്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.മോഹനന്‍, കേരള മ്യൂസിയം പ്രൊജക്ട് എന്‍ജീനിയര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

നാഘ് ഘട്ടങ്ങളിലാണ് അക്ഷര മ്യൂസിയം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ പുസ്തകങ്ങളുടെ പ്രഥമ പതിപ്പുകളുടെ ശേഖരം അടങ്ങുന്ന ലൈബ്രറി, പുരാവസ്തു ശേഖരങ്ങള്‍, ഗവേഷണ കേന്ദ്രം, എപ്പിഗ്രഫി, മ്യൂസിയോളജി, കണ്‍സര്‍വേഷന്‍, പ്രിന്റിങ് എന്നിവയുമായി ബന്ധപ്പെട്ട പരിശീലനങ്ങളും ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആംഫി തിയേറ്റയര്‍ എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. അക്ഷരത്തിനും സാഹിത്യത്തിനും സംസ്‌കാരത്തിനും വേണ്ടിയാണ് ഈ മ്യൂസിയം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഭാഷ, സാഹിത്യം, സാംസ്‌കാരിക മൂന്നേറ്റം എന്നിവയെ അടയാളപ്പെടുത്തുകയാണ് മ്യൂസിയത്തിന്റെ ഉദ്ദേശം.

[mbzshare]

Leave a Reply

Your email address will not be published.