സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ തീവ്രയജ്ഞ പരിപാടി
വില്ലേജുതലം വരെയുള്ള സര്‍ക്കാര്‍ഓഫീസുകളിലെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ തീവ്രയജ്ഞപരിപാടി സംഘടിപ്പിക്കുന്നു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണു പരിപാടി. ഇതിന്റെ ഭാഗമായി ജൂണ്‍ 15 നു മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി സര്‍ക്കാര്‍ ജീവനക്കാരോട് സംസാരിക്കും.
വിവിധ വകുപ്പുകളിലെ ഫയലുകളുടെ തീര്‍പ്പാക്കല്‍ അവലോകനം ചെയ്യാന്‍ എല്ലാ മാസവും മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാതല യോഗം ചേരും. ഫയല്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച പുരോഗതിറിപ്പോര്‍ട്ട് വകുപ്പുകള്‍ എല്ലാ മാസവും നല്‍കണം. സെപ്റ്റംബര്‍ 30 വരെ തീര്‍പ്പാക്കിയ ഫയലുകളുടെ പുരോഗതി അതതു വകുപ്പുകള്‍ ഒക്ടോബര്‍ പത്തിനകം പ്രസിദ്ധീകരിക്കും. ഇവയുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 15 നകം ഉദ്യോഗസ്ഥ-ഭരണപരിഷ്കാരവകുപ്പ് പ്രസിദ്ധീകരിക്കും.
ഓരോ വകുപ്പും തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളുടെ വിവരവും തീര്‍പ്പാകാതെ കിടന്ന കാലയളവും വ്യക്തമാക്കിക്കൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് ജൂണ്‍ പത്തിനകം ജില്ലാ കളക്ടര്‍മാര്‍ക്കു നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
