സര്‍ക്കാര്‍ 2000 കോടി ചോദിച്ചു; അത്രയും നല്‍കാതെ സഹകരണ സംഘങ്ങള്‍
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹകരണ സംഘങ്ങളില്‍ നിന്ന് 2000 കോടി കടമെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ലക്ഷ്യം കണ്ടില്ല. സമൂഹ്യ സുരക്ഷ പെന്ഷന് കമ്പനി വഴി 2000 കോടി പിരിച്ചെടുക്കാനായിരുന്നു തീരുമാനിച്ചത്. ഇതനുസരിച്ച് കമ്പനി രൂപീകരിച്ച് സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് പണം സ്വീകരിച്ചു. 2023 ഫിബ്രവരിയില്‍ തുടങ്ങിയിട്ടും ഇതുവരെ 2000 കോടി തികയ്ക്കാനായില്ല. പല രീതിയിലായി സര്‍ക്കാരില്‍നിന്ന് കോടികളുടെ കുടിശ്ശിക സംഘങ്ങള്‍ക്ക് കിട്ടാനുള്ളതാണ് പിന്നെയും പണം നല്കുന്നതില് സംഘങ്ങളെ പിന്തിരിപ്പിച്ചത്.
ഇനി കാത്തിരുന്നിട്ട് കാര്യമില്ലെന്നും അതിനാല്‍ സഹകരണ സംഘങ്ങളുടെ നിലവിലെ കണ്‍സോര്‍ഷ്യം പിരിച്ചുവിടുന്നതാണെന്ന് നല്ലതെന്നും കണ്‍സോര്‍ഷ്യം ഫണ്ട് മാനേജര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. 8.5 ശതമാനം പലിശയ്ക്ക് വായ്പ എടുക്കാനാണ് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. ഓരോ മാസവും ക്ഷേമപെന്ഷന് കൃത്യമായി വീടുകളിലെത്തിച്ച് നല്‍കുന്നതിനായിരുന്നു ഇങ്ങനെയൊരു ക്രമീകരണം.
പെന്ഷന് കമ്പനി എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇതോടെ, സഹകരണ സംഘങ്ങളില്‍നിന്ന് പെന്ഷന് കമ്പനി കടമെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പക്ഷേ, സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ പെന്ഷന് കമ്പനി വഴി സഹകരണ ബാങ്കുകളില്‍നിന്ന് സര്‍ക്കാരിനായി കടമെടുക്കാന്‍ തീരുമാനിച്ചു. ഇതാണ് 2000 കോടിയായി നിശ്ചയിച്ചത്. അഞ്ചുമാസം കഴിഞ്ഞിട്ടും അത്രയും തുക നല്കാന് സഹകരണ സംഘങ്ങള്‍ തയ്യാറാകാത്തതോടെയാണ് കണ്‍സോര്‍ഷ്യം പിരിച്ചുവിടണമെന്ന ആവശ്യം ഫണ്ട് മാനേജര്‍ സര്‍ക്കാരിനെ അറിയിച്ചത്. അത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇനിയും പണം പിരിച്ചെടുക്കേണ്ട ആവശ്യം നിര്‍ബന്ധമാണെങ്കില്‍ പുതിയ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി വീണ്ടും കണ്‍സോര്‍ഷ്യം രൂപീകരിക്കാനാണ് സാധ്യത.
സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ കോടികളാണ് നിലവില്‍ കുടിശ്ശികയായുള്ളത്. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവ് അനുസരിച്ചുള്ളത്, ഉത്തേജന പലിശ ഇനത്തിലുള്ളത് എന്നിവയെല്ലാം ഇതിലുണ്ട്. പെന്ഷന് വിതരണം ചെയ്ത വകയില്‍ സഹകരണ ജീവനക്കാര്‍ക്ക് നല്‍കേണ്ട ഇന്‍സെന്റീവ് ഒരുവര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. ഇതിനുള്ള കമ്മീഷന് വെട്ടിക്കുറയ്ക്കുകയും ചെയ്തു. 4000 കോടിയോളം രൂപ ക്ഷേമപെന്ഷന് നല്‍കുന്നതിന് പെന്ഷന് കമ്പനിക്ക് നല്കിയ തുകയും സഹകരണ സംഘങ്ങള്‍ക്ക് കൊടുക്കാന്‍ ബാക്കിയുണ്ട്. സഹകരണ സംഘങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാരിന്റെ കൂടിശ്ശികയും കൂടുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.