സംസ്ഥാനത്ത് 14 കോ-ഓപ്മാര്‍ട്ടുകള്‍ കൂടി തുടങ്ങാനുള്ള അപേക്ഷ കിട്ടി- മന്ത്രി വാസവന്‍
സംസ്ഥാനത്തു നിലവിലുള്ള 14 കോ-ഓപ്മാര്‍ട്ടുകള്‍ക്കു പുറമേ 14 എണ്ണംകൂടി ആരംഭിക്കാന്‍ സഹകരണസംഘങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. വി. ജോയി, മുരളി പെരുനെല്ലി, കെ.ഡി. പ്രസേനന്‍, കെ.എം. സച്ചിന്‍ദേവ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് എഴുതിക്കൊടുത്ത മറുപടിയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
സഹകരണസംഘങ്ങളുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ഏകീകൃത ബ്രാന്‍ഡിങ് കൊണ്ടുവന്ന് വിപണിശൃംഖല കെട്ടിപ്പടുക്കാനായി സഹകരണവകുപ്പ് തുടങ്ങിയ പദ്ധതിയാണ് ബ്രാന്‍ഡിങ് ആന്റ് മാര്‍ക്കറ്റിങ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രൊഡക്ട്. സഹകരണഉല്‍പ്പന്നങ്ങളെ ഒറ്റ ബ്രാന്‍ഡിനു കീഴിലാക്കി കോ-ഓപ്‌കേരള എന്ന പൊതു വ്യാപാരനാമത്തിലാണു വിപണിയിലെത്തിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 14 ജില്ലകളില്‍ 14 സഹകരണ സംഘങ്ങള്‍ കോ-ഓപ്മാര്‍ട്ടുകള്‍ തുടങ്ങിയിട്ടുണ്ട്- മന്ത്രി അറിയിച്ചു.
ഓരോ ജില്ലയിലും കോ-ഓപ്മാര്‍ട്ട് നടത്തുന്ന സംഘങ്ങള്‍ ഇവയാണ്: തിരുവനന്തപുരം – കടകംപള്ളി സര്‍വീസ് ബാങ്ക്, കൊല്ലം- കരുനാഗപ്പള്ളി ബാങ്ക്, പത്തനംതിട്ട- പറക്കോട് ബാങ്ക്, ആലപ്പുഴ- കഞ്ഞിക്കുഴി ബാങ്ക്, കോട്ടയം- കുമാരനെല്ലൂര്‍ ബാങ്ക്, ഇടുക്കി- തങ്കമണി ബാങ്ക്, എറണാകുളം- ഒക്കല്‍ ബാങ്ക്, തൃശ്ശൂര്‍- കല്ലംകുന്നു ബാങ്ക്, പാലക്കാട്- കണ്ണമ്പ്ര ബാങ്ക്, മലപ്പുറം- കോഡൂര്‍ ബാങ്ക്, കോഴിക്കോട്- ചേവായൂര്‍ ബാങ്ക്, വയനാട്- വയനാട് ജില്ലാ ഡ്രൈവേഴ്‌സ് സഹകരണസംഘം, കണ്ണൂര്‍- കതിരൂര്‍ ബാങ്ക്, കാസര്‍കോഡ്- കാസര്‍ഗോഡ് ബാങ്ക്. ഈ കോ-ഓപ്മാര്‍ട്ടുകളുടെ പ്രവര്‍ത്തനം വിലയിരുത്തി കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും സ്ഥലസൗകര്യവും താല്‍പ്പര്യവുമുള്ള സഹകരണസംഘങ്ങളില്‍ കൂടുതല്‍ സഹകരണ ഉല്‍പ്പന്നവിപണന കൗണ്ടര്‍ തുടങ്ങാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.