സംസ്ഥാനങ്ങളുടെ സഹകരണ നിയമത്തില്‍ കേന്ദ്രം ഇടപെടില്ല – മന്ത്രി അമിത് ഷാ

[mbzauthor]

സംസ്ഥാനങ്ങള്‍ക്കു തങ്ങളുടേതായ സഹകരണ നിയമമുണ്ടാക്കാന്‍ അവകാശമുണ്ടെന്നും അവയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്നും കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. അതേസയമം, ചര്‍ച്ചകളിലൂടെയും ഏകോപനത്തിലൂടെയും സംസ്ഥാന നിയമങ്ങളില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരണമെന്നു അദ്ദേഹം പറഞ്ഞു.

ദേശീയ സഹകരണ നയം രൂപപ്പെടുത്തുന്നതിനു മുന്നോടിയായി ഡല്‍ഹിയില്‍ നടത്തുന്ന രണ്ടു ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഇപ്പോഴത്തെ വെല്ലുവിളികള്‍ നേരിടാന്‍ തക്കവിധത്തില്‍ സഹകരണ സംഘങ്ങളെ വികസിപ്പിക്കേണ്ടതുണ്ടെന്നു മന്ത്രി അമിത് ഷാ പറഞ്ഞു. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ ( PACS ) മുതല്‍ അപക്‌സ് സഹകരണ ഫെഡറേഷന്‍ വരെയുള്ളവയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ദേശീയ സഹകരണ നയം എട്ട്, ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ തയാറാകും. ചെറുകിട കര്‍ഷകരുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ സഹകരണ മേഖലയില്‍ സുതാര്യത അത്യാവശ്യമാണ്. പ്രൊഫഷണലിസവും ആധുനികീകരണവും ഈ മേഖലയില്‍ ഉണ്ടാകണം. സഹകരണ മന്ത്രാലയത്തിന്റെ പോര്‍ട്ടലിലൂടെ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം – അദ്ദേഹം പറഞ്ഞു.

സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീതിപൂര്‍വവും സുതാര്യവുമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സംവിധാനം ഉണ്ടാകണമെന്നു മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. പ്രവര്‍ത്തനം നിലച്ചുപോയ പ്രാഥമിക സഹകരണ സംഘങ്ങളെ ഒന്നുകില്‍ പുനരുജ്ജീവിപ്പിക്കണം. അല്ലെങ്കില്‍ അവ പിരിച്ചുവിടണം. കോര്‍പ്പറേറ്റുകളും വ്യവസായങ്ങളും രാജ്യത്തു വികസനം കൊണ്ടുവന്നേക്കും. എന്നാല്‍, രാജ്യത്തെ 60-70 കോടി വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനതയ്ക്കു സമ്പത്തിന്റെ തുല്യ വിതരണം സാധ്യമാക്കാന്‍ സഹകരണ സംഘങ്ങള്‍ക്കു മാത്രമേ കഴിയൂ – മന്ത്രി അഭിപ്രായപ്പെട്ടു.

[mbzshare]

Leave a Reply

Your email address will not be published.