സംസ്ഥാന കാര്‍ഷിക വികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഇനിയും തുടരും

moonamvazhi

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഇനിയും തുടരും. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണകാലാവധി 2024 ജനുവരി 26വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്നരവര്‍ഷമായി കാര്‍ഷിക വികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ്. അതിന്റെ കാലാവധി ജുലായ് 26ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കാലവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സംസ്ഥാന കാര്‍ഷിക വികസന ബാങ്കില്‍ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് രാഷ്ട്രീയ പോര് നിലനില്‍ക്കുന്നുണ്ട്. ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യവുമായി നേരത്തെ ഭരണസമിതിയില്‍ അംഗമായിരുന്നവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ കോടതി നിര്‍ദ്ദേശം ഉണ്ടായതിനെ തുടര്‍ന്ന് 2023 മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടന്നു.

ഈ തിരഞ്ഞെടുപ്പ് സംബന്ധിച്ചും തര്‍ക്കമുണ്ട്. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളാണ് സംസ്ഥാന കാര്‍ഷിക വികസന ബാങ്കിലെ അംഗങ്ങള്‍. ഇതില്‍ പല ബാങ്കുകളും അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. മൂന്ന് പ്രാഥമിക ബാങ്കുകളുടെ വോട്ട് സാധുവാക്കാനുള്ള തീരുമാനമാണ് കോടതി കയറിയത്. കുന്ദംകുളം, ചാവക്കാട്, നെയ്യാറ്റിന്‍കര എന്നീ ബാങ്കുകളുടെ വോട്ടുകളാണ് തര്‍ക്കത്തിലുള്ളത്. ഈ മൂന്ന് ബാങ്കുകളും യു.ഡി.എഫ്. ഭരണനിയന്ത്രണത്തിലാണ്. ചാവക്കാട് ബാങ്കിന് സംസ്ഥാന ബാങ്കില്‍ കുടിശ്ശികയുണ്ടെന്നതാണ് അയോഗ്യതഭീഷണിയായി മാറിയത്. കുന്ദംകുളം ബാങ്കിനെ വിഭജിച്ചതിലുള്ള പ്രശ്‌നമാണ് തടസ്സമായി ഉന്നയിച്ചത്.

മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായിട്ടില്ല. മൂന്നുബാങ്കുകളുടെ വോട്ടിന്റെ കാര്യത്തില്‍ അസാധുകാര്യത്തില്‍ ഹൈക്കോടതി തീരുമാനം വന്നശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഇത് ഇതുവരെ ഉണ്ടാകാത്തതിനാല്‍ ബാങ്ക് ഭരണത്തില്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി നീട്ടിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി തീരുമാനം ഉണ്ടാവുകയും പുതിയ ഭരണസമിതിക്ക് ഭരണമേറ്റെടുക്കാന്‍ അവസരമുണ്ടാകുകയും ചെയ്താല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കാലാവധിക്ക് മുമ്പുതന്നെ ഒഴിവാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News