സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരുടെ സോഷ്യല്‍മീഡിയ ഇടപെടല്‍ നിരീക്ഷിക്കുന്നു
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ സമൂഹമാധ്യമ ഇടപെടല്‍ നിരീക്ഷിക്കാന്‍ തീരുമാനം. ജീവനക്കാരുടെ സംഘടനാപ്രതിനിധികള്‍ ഉന്നയിച്ച വിവിധ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഈ തീരുമാനമെന്നതാണ് ശ്രദ്ധേയം. ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി, സ്ഥാനക്കയറ്റം, ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് അവരുടെ സമൂഹമാധ്യമ ഇടപെടലും നിരീക്ഷിക്കാന്‍ തീരുമാനിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ജീവനക്കാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ബാങ്കിന്റെ നയങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും എതിരാകുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പത്താമത്തെ തീരുമാനമായിട്ടാണ് ഇക്കാര്യം മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2019 ജനുവരി മുതല്‍ ജീവനക്കാര്‍ക്കായി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ ഉന്നയിച്ച സ്ഥാനക്കയറ്റം സംബന്ധിച്ചുള്ള പ്രശ്‌നത്തിനും ആവശ്യമായ നടപടികളെടുക്കാമെന്ന് പ്രസിഡന്റ് സോളമന്‍ അലക്‌സ് അറിയിച്ചു.
ജീവനക്കാര്‍ക്കുള്ള ഭവനവായ്പയും ആശ്രിത നിയമനവും ബോര്‍ഡിന്റെ പരിഗണനയിലാണെന്നും പ്രസിഡന്റ് സംഘടനാ പ്രതിനിധികളെ അറിയിച്ചു. ബാങ്കിലെ അസിസ്റ്റന്റ്‌സ് തസ്തികയിലുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കി. ബാങ്ക് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ജനറല്‍ മാനേജര്‍ അപര്‍ണപ്രതാപ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.വി.രാജന്‍ എന്നിവര്‍ക്ക് പുറമെ വിവിധ യൂണിയനുകളെ പ്രതിനിധികരിച്ച് ഒമ്പത് നേതാക്കളും പങ്കെടുത്തു.