സംഘശക്തി എന്തെന്നു ലോകത്തിനു കാണിച്ചുകൊടുക്കുക- ഐ.സി.എ. പ്രസിഡന്റ്

moonamvazhi

അന്തസ്സുള്ള തൊഴില്‍, സമാധാനം, കുറഞ്ഞുവരുന്ന അസമത്വം എന്നിവയ്‌ക്കൊപ്പം കൈകോര്‍ത്തു പോകേണ്ടതാണു സാമ്പത്തികവളര്‍ച്ചയും അഭിവൃദ്ധിയുമെന്നു സഹകരണമേഖല കാണിച്ചുകൊടുക്കണമെന്നു ഐ.സി.എ. ( അന്താരാഷ്ട്ര സഹകരണസഖ്യം ) പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍ക്കോ അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യത്തിലെത്താനായി കഴിഞ്ഞ കാലത്തു നമ്മളെന്തു ചെയ്തു, ഇപ്പോള്‍ എന്തു ചെയ്യുന്നു, വരുംകാലത്ത് എന്തെല്ലാം ചെയ്യും എന്നു ഈ അന്താരാഷ്ട്ര സഹകരണദിനത്തില്‍ നമ്മള്‍ ലോകത്തിനു കാണിച്ചുകൊടുക്കണം- അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

നമ്മളെ ഒന്നിപ്പിക്കുകയും ഉള്‍ച്ചേര്‍ക്കുകയും ശാക്തീകരിക്കുകയും ചെയ്ത ഒരു ദിവസത്തിന്റെ ഓര്‍മയ്ക്കായാണു നമ്മള്‍ സഹകരണദിനം ആഘോഷിക്കുന്നത്. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി പ്രവര്‍ത്തിക്കുന്ന നമ്മുടെ വഴിയില്‍ നേട്ടങ്ങളും തിരിച്ചടികളും ഒരുപോലെയുണ്ടായിട്ടുണ്ട്. യാതനകളുടെയും അനിശ്ചിതത്വത്തിന്റെയും നാളുകള്‍ നമ്മള്‍ തരണം ചെയ്തിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക അസമത്വം നമ്മുടെ ലോകത്തു തുടരുന്നുണ്ട്. അവ പരിഹരിക്കപ്പെടണം. നമ്മുടെ ഉല്‍പ്പാദന-ഉപയോഗരീതികളില്‍ നിരന്തരമായി നവീനത കൊണ്ടുവരേണ്ടതുണ്ട്. പക്ഷേ, അമൂല്യമായ ആവാസവ്യവസ്ഥയെ അപായപ്പെടുത്തിക്കൊണ്ടാവരുത് ഇത്. ഒരുമിച്ചു ചേര്‍ന്നുള്ള നമ്മുടെ പ്രവര്‍ത്തനം വളരെ പ്രധാനമാണ്. ഓരോ ഭൂഖണ്ഡത്തിലുമുള്ള 30 ലക്ഷത്തിലധികംവരുന്ന സഹകരണസംഘങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടാക്കണം. സഹകരണസംഘങ്ങള്‍ മികവുറ്റ ഒരു ലോകം കെട്ടിപ്പടുക്കുന്നു. നമ്മുടെ സഹകരണസ്വത്വത്തില്‍ നമുക്ക് അഭിമാനം കൊള്ളാം- ഗ്വാര്‍ക്കോ അഭിപ്രായപ്പെട്ടു.

സഹകരണസംഘങ്ങള്‍ സ്വാഭാവികമായും സാമൂഹിക-സാമ്പത്തികമാറ്റങ്ങളുടെ പ്രതിനിധികളാണ്. സാമൂഹികകേന്ദ്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകുന്ന സംഘങ്ങള്‍ മൂല്യങ്ങളാലും തത്വങ്ങളാലുമാണു നയിക്കപ്പെടുന്നത്. ജനാധിപത്യ ഭരണക്രമത്തിലും താഴെത്തട്ടില്‍വരെയും പ്രവര്‍ത്തിക്കുന്ന സഹകരണ സംഘടനകള്‍ ആഗോളതലത്തില്‍ ശക്തമായ ഒരു ശൃംഖല കെട്ടിപ്പടുക്കുന്നുണ്ട.് നമ്മുടെ വൈവിധ്യങ്ങള്‍ക്കിടയിലും സഹകരണപ്രസ്ഥാനത്തിന്റെ ശക്തിയിലൂടെ എന്തെല്ലാം നമുക്കു നേടിയെടുക്കാനാവും എന്ന് ഒരുമിച്ചുനിന്നു ലോകത്തിനു കാട്ടിക്കൊടുക്കണം- ഗ്വാര്‍ക്കോ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News