സംഘങ്ങള്‍ക്ക് ചെയ്യാനുണ്ട് ഏറെ
ഡോ. എം. രാമനുണ്ണി
( ലാഡറിന്റെ ചീഫ് കമേഴ്‌സ്യല്‍ മാനേജര്‍.
കണ്‍സ്യൂമര്‍ഫെഡിന്റെ മുന്‍ മാനേജിങ് ഡയരക്ടര്‍.
ഫോണ്‍ : 9388555988 )
കോവിഡ് – 19 കാരണമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ പൊതുസമൂഹം കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് സഹകരണ മേഖലയെയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തില്‍, കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെയും പുതിയ പ്രവര്‍ത്തന മേഖലകളെയും കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സഹകരണമേഖലയുടെ ചരിത്രം, വളര്‍ച്ച, രൂപാന്തരം, വികാസം, നിലവിലെ അവസ്ഥ, കോവിഡിനുശേഷമുണ്ടാകാവുന്ന മാറ്റങ്ങള്‍, പുതിയ പ്രവര്‍ത്തന മേഖലകള്‍, ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് വിശദമായി എഴുതുകയാണ് സഹകരണ , സാമ്പത്തിക മേഖലകളിലെ വിദഗ്ധനായ ഡോ. എം. രാമനുണ്ണി
മാനവരാശിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ അദൃശ്യ ജീവാണുവിന്റെ ( കോവിഡ് – 19 ) വ്യാപനം അവസാനിച്ചിട്ടില്ല. ലോകമെങ്ങും പ്രതിദിനം കോവിഡ് മരണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയില്‍ ആരംഭിച്ച് ലോകമാകമാനം താണ്ഡവമാടുന്ന കോവിഡ് – 19 ഇന്ത്യയിലും അതിന്റെ മാരകമായ പ്രഹരശേഷി പ്രകടിപ്പിക്കുകയാണ്.
കോവിഡിനു സമാനമായ ഒരു ദുരന്തം അടുത്തകാലത്തൊന്നും ലോകം കണ്ടിട്ടില്ല. 1929 ല്‍ ആരംഭിച്ച് 1933 വരെ 43 മാസം നീണ്ടുനിന്ന ഗ്രേറ്റ് ഡിപ്രഷനാണ് നമ്മുടെ അറിവിലുള്ള ഏറ്റവും പ്രധാനമായ സാമ്പത്തിക ദുരന്തങ്ങളിലൊന്ന്. അക്കാലത്ത് അമേരിക്കയില്‍ തൊഴിലില്ലായ്മ 25 ശതമാനം വരെ വര്‍ധിച്ചു. 1928 ല്‍ കേവലം 4.2 ശതമാനമായിരുന്നു അവിടത്തെ തൊഴിലില്ലായ്മ. ഡിപ്രഷന്‍ കാലത്ത് അത് 25 ശതമാനമായി. വീടുകളുടെ വിലയില്‍ 67 ശതമാനം ഇടിവുണ്ടായി. അന്താരാഷ്ട്ര വ്യാപാരം 65 ശതമാനമാണ് ഇടിഞ്ഞത്. അമേരിക്കയില്‍ മാത്രം 650 ബാങ്കുകള്‍ തകര്‍ന്നടിഞ്ഞു. ഏതാണ്ട് 25 കൊല്ലത്തിനു ശേഷമാണ് ഈ ആഘാതത്തില്‍ നിന്നു ലോകത്തിന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിഞ്ഞത്.
ഇന്ത്യ കോവിഡിനു ശേഷം വന്‍തോതിലുള്ള തകര്‍ച്ചയെ നേരിടുമെന്നാണ് സൂചന. തൊഴിലില്ലായ്മ, പ്രവാസികളുടെ തിരിച്ചുവരവ്, പട്ടിണി , പട്ടിണിമരണം, സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെ വളര്‍ച്ച എന്നിവയെല്ലാം ഇതിന്റെ തുടര്‍ച്ചയായി സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. വിദേശ മലയാളികളുടെ വരുമാനത്തെ പ്രധാനമായും ഊന്നിക്കൊണ്ടുള്ള കേരളത്തിന്റെ സമ്പദ്് വ്യവസ്ഥയില്‍ ഉണ്ടാകാനിടയുള്ള ചലനങ്ങളും അത് സാധാരണക്കാരെയും സഹകരണ സ്ഥാപനങ്ങളെയും എങ്ങനെ ബാധിക്കുമെന്നതും അതിനു പ്രതിവിധിയായി എടുക്കേണ്ട ഏതാനും നടപടികളെക്കുറിച്ചുമാണിവിടെ പ്രതിപാദിക്കുന്നത്.
പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യാം
കാര്‍ഷിക മേഖലയില്‍ ഉല്‍പാദന വര്‍ധന സാധ്യമാക്കുന്നതിനായി സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന പ്രായോഗികമായ ഒരു പദ്ധതി നിര്‍ദേശിക്കട്ടെ. സംഘത്തിന്റെ പരിധിയില്‍ വരുന്ന ഭൂപ്രദേശത്തിന്റെ ഉപയോഗം പരിശോധിക്കുക എന്നതാണു പദ്ധതിയുടെ ആദ്യ ഘട്ടം. കൃഷിയ്ക്കു പറ്റിയതും എന്നാല്‍ നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്നതുമായ സ്ഥലങ്ങള്‍ കണ്ടെത്തി അതിന്റെ ഉടമസ്ഥരുമായി ബന്ധപ്പെടുക എന്നതാണു രണ്ടാം ഘട്ടം. ഇതിലൂടെ, തങ്ങളുടെ പരിധിയില്‍പ്പെടുന്ന, കൃഷിയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന മുഴുവന്‍ സ്ഥലവും സംഘത്തിന്റെ പേരില്‍ പാട്ടത്തിനെടുക്കാന്‍ കഴിയുന്നു. ഈ ആവശ്യത്തിലേക്കായി സഹകരണ സംഘത്തിന് സ്ഥലമുടമകളുമായി പാട്ടക്കരാറില്‍ ഏര്‍പ്പെടാവുന്നതാണ്. ഇത്തരത്തില്‍ കണ്ടെത്തിയ പ്രദേശത്ത്് എന്തെല്ലാം കൃഷിരീതികള്‍ നടപ്പാക്കാമെന്ന് കൃഷി വിദഗ്ധര്‍, കര്‍ഷകര്‍, കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച ചെയ്യാവുന്നതാണ് . ഈ പ്രവര്‍ത്തനത്തിലൂടെ സഹകരണ സംഘത്തിന്റെ പരിധിയില്‍ പുതുതായി കൃഷിയിറക്കാവുന്ന സ്ഥലവും ചെയ്യേണ്ട കൃഷിരീതിയും സംബന്ധിച്ചു വ്യക്തത ലഭിയ്ക്കുന്നു. അടുത്ത ഘട്ടത്തില്‍, ഓരോ കൃഷി സ്ഥലത്തിനും സമീപത്തുള്ള വ്യക്തികള്‍, യുവാക്കള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവരെ അവരവരുടെ അഭിരുചിയുടെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥലം കൃഷിയ്ക്കായി ഏല്‍പ്പിക്കാവുന്നതാണ്. വിളയിറക്കുന്നതിനാവശ്യമായ യാന്ത്രോപകരണങ്ങള്‍, വിത്ത്, നടീല്‍ വസ്തുക്കള്‍, ജൈവ വളം എന്നിവയെല്ലാം സഹകരണ സ്ഥാപനത്തിന് വാങ്ങി നല്‍കാവുന്നതാണ്. ഇതു മൂലം ഇവയുടെ വിലയില്‍ ഗണ്യമായ കുറവ് വരുത്താനും ഗുണമേന്മ ഉറപ്പ് വരുത്താനും സാധിക്കുന്നു. കൃഷിയിറക്കാന്‍ തയാറാകുന്ന വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും തങ്ങളുടെ അധ്വാനം ലഘൂകരിയ്ക്കാന്‍ ഇതുവഴി കഴിയുന്നു. പഞ്ചായത്തിലെ കൃഷി ഉദ്യോഗസ്ഥരുടെയും പരിചയ സമ്പന്നരായ കര്‍ഷകരുടെയും നേതൃത്വത്തില്‍ നിരീക്ഷണ സമിതികള്‍ക്ക് രൂപം നല്‍കാവുന്നതാണ്. ഏറ്റവും മാതൃകാപരമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും ക്ലബ്ബുകള്‍ക്കും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങള്‍ ഏര്‍പ്പെടുത്താം.
കൃഷിയിറക്കുന്നതിനാവശ്യമായ ധനസഹായം സഹകരണ ബാങ്കുകള്‍ക്ക് കാര്‍ഷിക വായ്പയായി അനുവദിക്കാം. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നല്‍കുന്ന വായ്പയെ ഇന്‍വെസ്റ്റ്മെന്റ് ക്രെഡിറ്റായും ഉല്‍പാദനത്തിന് വേണ്ടിയുള്ളവയെ ഹ്രസ്വകാല കാര്‍ഷിക വായ്പയായും നല്‍കാം. ഇങ്ങനെയുണ്ടാകുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളും അതതു കാലത്തെ വിലയനുസരിച്ച് വാങ്ങി വിതരണം ചെയ്യാന്‍ സഹകരണ സംഘങ്ങള്‍ തന്നെ സംവിധാനമൊരുക്കണം. ആഴ്ചച്ചന്തകള്‍, ഗ്രാമച്ചന്തകള്‍, വീടുതോറുമുളള വില്‍പ്പന, ഹോര്‍ട്ടികോര്‍പ്പ് പോലുള്ള ഏജന്‍സികളുമായി ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം എന്നിവ വഴി വിപണി ഉറപ്പാക്കാവുന്നതാണ്. കാര്‍ഷിക വിഭവങ്ങള്‍ക്ക് ലഭിയ്ക്കുന്ന വിലയില്‍ നിന്നും ഉല്‍പാദന ഉപകരണങ്ങള്‍ക്കും ജൈവ വളം, ജൈവ കീടനാശിനി, എന്നീ ആവശ്യങ്ങള്‍ക്കും വേണ്ടിവന്ന ചെലവ് കഴിച്ചു ബാക്കി തുക അതതു ഉല്‍പാദകര്‍ക്ക് നല്‍കാവുന്നതാണ്. വിറ്റുവരവില്‍ നിന്നു സ്ഥലമുടമകള്‍ക്ക് പാട്ടക്കരാര്‍ വ്യവസ്ഥയനുസരിച്ചുള്ള തുക നല്‍കാം. ഇത്തരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ നടപ്പാക്കി വരുന്ന സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിയ്ക്കുന്നതിന് സഹായകമാകും. എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സഹകരണ സംഘം ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടപ്പാക്കുന്നുണ്ടെന്നറിയാം.
ശീതീകരിച്ച ഗോഡൗണുകള്‍ ഒരുക്കണം
സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ നടത്തുന്ന ശക്തവും സമയബന്ധിതവുമായ ഇടപെടല്‍ നമ്മുടെ സംസ്ഥാനത്ത് പച്ചക്കറി- പഴവര്‍ഗങ്ങളുടെ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍, പച്ചക്കറികളും പഴവര്‍ഗങ്ങളും ചില സീസണില്‍ മാത്രമാണ് ഉണ്ടാക്കാന്‍ കഴിയുന്നത് . ഇവയ്ക്ക് സീസണ്‍ കഴിഞ്ഞാല്‍ നല്ല വില ലഭിക്കും. പക്ഷേ, സൂക്ഷിച്ചുവെക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ ഇത്തരം കൃഷിയില്‍ നിന്നു പിന്തിരിയാറുണ്ട് . സീസണില്‍ ധാരാളമായി ഉല്‍്പാദനം നടക്കുന്നതിനാല്‍ അക്കാലത്ത് വില ഗണ്യമായി കുറയാറുണ്ട്. ഇതുമൂലം കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാറില്ല . പ്രാദേശിക തലങ്ങളില്‍ ശീതീകരണ സംവിധാനങ്ങള്‍ സ്ഥാപിച്ച് ഓഫ് സീസണില്‍ കേടുപാടുകള്‍ കൂടാതെ വില്‍ക്കാന്‍ കഴിയുന്നത് കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും.
സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ശീതീകരണ സംവിധാനങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഓരോ പ്രദേശത്തെയും സാധ്യതകളനുസരിച്ച് ഇവയുടെ സംഭരണശേഷി ക്രമീകരിക്കണം . പച്ചക്കറികള്‍ കൂടാതെ പഴ വര്‍ഗങ്ങളും ഇത്തരം ശീതീകരണ കേന്ദ്രത്തില്‍ സൂക്ഷിക്കണം. ഉല്‍പ്പന്നം സൂക്ഷിക്കുന്നതിന് കര്‍ഷകരില്‍ നിന്ന് വാടക ഈടാക്കാം. ഇതുവഴി പച്ചക്കറി – പഴവര്‍ഗ വിപണി വിപുലീകരിക്കാന്‍ സാധിക്കുന്നു . പച്ചക്കറി – പഴവര്‍ഗങ്ങള്‍ക്ക് ഓഫ് സീസണില്‍ നല്ല വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ക്ക് വാടക നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല . കൂടാതെ, ഇവ സൂക്ഷിക്കുന്നത് ഉല്‍പാദന കേന്ദ്രത്തിന് സമീപത്തുതന്നെ ആയതിനാല്‍ ഗതാഗതച്ചെലവ് വഹിക്കേണ്ടി വരില്ല.
പഴവര്‍ഗങ്ങളുടെ കാര്യത്തില്‍ ഇന്നു നേരിടുന്ന പ്രശ്നം കൃത്യമായി പഴുപ്പിക്കാന്‍ സൗകര്യമില്ല എന്നതാണ് . കച്ചവടക്കാര്‍ പലപ്പോഴും പാകമാകാത്ത പഴങ്ങള്‍ക്കു മുകളില്‍ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തു വിതറി വെള്ളം തളിച്ച് പഴുപ്പിക്കാറുണ്ട് . ഇത്തരത്തില്‍ പഴുക്കുന്ന പഴങ്ങള്‍ക്ക് ശരിയായ മധുരവും സ്വാദും ഉണ്ടാകാറില്ല . തന്നെയുമല്ല, ഇത്തരം രാസവസ്തുക്കള്‍ കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട് . ഈ സാഹചര്യത്തില്‍ പഴവര്‍ഗങ്ങള്‍ പഴുപ്പിക്കാന്‍ സഹായിക്കുന്ന എത്തിലീന്‍ ചേംബറുകള്‍ ക്രമീകരിക്കുന്നതും കര്‍ഷകര്‍ക്ക് സഹായകമാകും. പച്ചക്കറി – പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സഹായകമായ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നേതൃത്വം നല്‍കാവുന്നതാണ് . ഇതിനാവശ്യമായ ധനസഹായം നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് ,നബാര്‍ഡ് എന്നിവയില്‍ നിന്നു ലഭിക്കും.
ഉല്‍പാദനത്തോടൊപ്പം വിപണിയും കണ്ടെത്തണം
ഉല്‍പാദനത്തോടൊപ്പം വിപണി കണ്ടെത്താനും സഹകരണ ബാങ്കുകള്‍ ശ്രമിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, കൃഷി ചെയ്യാന്‍ തയാറാകുന്നവര്‍ കടുത്ത പ്രതിസന്ധിയെ നേരിടേണ്ടിവരും. വിപണി എങ്ങനെ കണ്ടെത്താം എന്നതാണ് ശ്രദ്ധിക്കേണ്ടത്. കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കാര്‍ഷിക വിഭവങ്ങള്‍ എത്തുന്നു എന്നതില്‍ നിന്നു നമ്മള്‍ മനസ്സിലാക്കേണ്ടത്, ഇത്തരം സാധനങ്ങള്‍ക്ക് ഇവിടെ ആവശ്യക്കാര്‍ ഏറെയുണ്ട് എന്നുതന്നെയാണ്. തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റ്, തിരുവനന്തപുരം ചാലക്കമ്പോളം , പാളയം മാര്‍ക്കറ്റ് എന്നു തുടങ്ങി എല്ലാ ജില്ലകളിലും കോവിഡ് കാലത്തും മാര്‍ക്കറ്റുകള്‍ സജീവമാണ്. ഈ മാര്‍ക്കറ്റുകളില്‍ നിന്നു പച്ചക്കറികളും പഴങ്ങളും വാങ്ങി നാട്ടിന്‍പുറത്തും നഗര പ്രദേശത്തുമുള്ള ചെറിയ കടകള്‍ വഴിയും സൂപ്പര്‍ മാര്‍ക്കറ്റ്, ഷോപ്പിങ്മാള്‍ എന്നിവയില്‍ കൂടിയുമാണ് വില്‍പ്പന നടത്തുന്നത് . ഇത് ഏറെ ചെലവേറിയതാണ് . ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്ന ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട ഏജന്‍സികള്‍ തങ്ങളുടെ ലാഭം കൂടി ചേര്‍ക്കുമ്പോള്‍ ഉപഭോക്താവിന് വര്‍ധിച്ച വില നല്‍കേണ്ടതായി വരും. പച്ചക്കറികളുണ്ടാക്കുന്ന കര്‍ഷകന് ലഭിക്കുന്ന വിലയേക്കാള്‍ നാലോ അഞ്ചോ മടങ്ങു വരെ വലിയ വില നല്‍കിയാണ് ഉപഭോക്താവ് വാങ്ങുന്നത്. ഈ പണം കിട്ടുന്നത് ഇടനിലക്കാര്‍ക്കാണ് . ഓരോ പഞ്ചായത്തിലും സൗകര്യപ്പെടുന്ന സ്ഥലങ്ങളില്‍ ആഴ്ചച്ചന്തയും സായാഹ്നച്ചന്തയും ഒരുക്കാനായാല്‍ ഉപഭോക്താവിന് വരുന്ന നഷ്ടം ഒഴിവാക്കാനാവും. ന്യായമായ വിലക്ക് ഉപഭോക്താവിന് സാധനങ്ങള്‍ കിട്ടുകയും ചെയ്യും . ഗ്രാമപ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ചന്തക്ക് ആവശ്യമായ അടിസ്ഥാന സൗകര്യവും കെട്ടിടവും സഹകരണസംഘത്തിന് നിര്‍മിച്ച് നല്‍കാവുന്നതാണ്. വില്‍പനയ്ക്കായി സാധനങ്ങള്‍ കൊണ്ടുവരുന്ന കര്‍ഷകരില്‍ നിന്നു ചെറിയ തുക വാടകയായി ഈടാക്കിയാല്‍ സഹകരണ സംഘത്തിന് മുടക്കുമുതല്‍ തിരികെക്കിട്ടും. ഇത്തരത്തില്‍ ഓരോ പഞ്ചായത്തിലും ഒന്നില്‍ക്കൂടുതല്‍ ചന്തകള്‍ ആവശ്യാനുസരണം തുറക്കാവുന്നതാണ്. അതതു പ്രദേശത്ത് വിറ്റശേഷം മിച്ചം വരുന്ന സാധനങ്ങള്‍ ജില്ലാതല ചന്തകളിലേക്ക് എത്തിക്കുന്ന കാര്യവും ഉല്‍പന്നങ്ങളുടെ മൂല്യ വര്‍ധനവിനായി സംരംഭങ്ങള്‍ ആരംഭിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇത്തരത്തില്‍ പച്ചക്കറി – പഴവര്‍ഗങ്ങളുടെയും കാര്‍ഷിക വിഭവങ്ങളുടെയും കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ നമ്മുടെ സംസ്ഥാനത്തിനാവും.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യ വര്‍ധന ഉറപ്പാക്കണം
കേരളത്തില്‍ സ്ത്രീകള്‍ നടത്തുന്ന ഒട്ടനവധി ലഘു സംരംഭങ്ങള്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതിന്റെ പുറകിലെ പ്രധാന ചാലകശക്തി 22 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീയാണ് . ഇവരുടെ വളര്‍ച്ച സന്തോഷകരമാണ്. എന്നാല്‍, കാര്‍ഷിക ഉല്‍പന്നങ്ങളുടെയും ലഘു സംരംഭങ്ങളുടെയും കാര്യത്തില്‍ ഇത്തരം കൂട്ടായ്മകള്‍ പരസ്പരം മത്സരിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട് . 22 വര്‍ഷത്തിനു ശേഷവും ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? ഗുണമേന്മ ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ടോ ? ഇവിടെയാണ് സഹകരണ സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമമായി ഇടപെടാന്‍ കഴിയുക. ഓരോ പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള സ്ഥാപിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്. പഞ്ചായത്തും സഹകരണ സ്ഥാപനവും സംയുക്തമായി ഇത്തരം അടുക്കളകള്‍ ഉണ്ടാക്കുന്നതാണ് ഉചിതം. അതത് പ്രദേശത്ത് കൂടുതലായി കിട്ടുന്ന കായ , കപ്പ, ചക്ക , ചേന എന്നിവ വറുക്കാനും ജാം, ജല്ലി, സ്‌ക്വാഷ് എന്നിവ ഉണ്ടാക്കാനും ഇവിടെ സൗകര്യമൊരുക്കാം. അച്ചാറുകള്‍, കടുമാങ്ങ, ഉപ്പുമാങ്ങ, ചക്ക വരട്ടിയത് എന്നിവയും ഇവിടെയുണ്ടാക്കാം. ഇത്തരം സംവിധാനം പ്രയോജനപ്പെടുത്തുന്നവരില്‍ നിന്നു വാടക അല്ലെങ്കില്‍ യൂസര്‍ ഫീ ഈടാക്കാവുന്നതാണ് . ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കാം. എന്തെങ്കിലും അസംസ്‌കൃത വിഭവങ്ങളുമായി വരുന്ന സംരംഭകന് തന്റെ ഉല്‍പന്നം വൃത്തിയായി പാക്ക് ചെയ്ത്, ലേബല്‍ ചെയ്ത് കൊണ്ടുപോകാന്‍ കഴിയണം. ഇതുവഴി ഗുണമേന്മയുള്ള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാം. ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ നിന്നുള്ള അംഗീകാരം ഇതുവഴി നേടാനാവും. ഓരോ പഞ്ചായത്തിലും കുറഞ്ഞത് ഒരു അടുക്കള എന്ന മട്ടില്‍ ക്രമീകരിച്ചാല്‍ വിപണിയില്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആധിപത്യം നേടാന്‍ കഴിയും. ഇതുവഴി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യ വര്‍ധന ഉറപ്പാക്കാനും കൂടുതല്‍ വരുമാനം നേടാനും സാധിക്കും.
മായമില്ലാത്ത വെളിച്ചെണ്ണയുണ്ടാക്കാം
ഭക്ഷ്യവസ്തുക്കളില്‍ ഏറ്റവും എളുപ്പത്തില്‍ മായം കലര്‍ത്താവുന്നത് വെളിച്ചെണ്ണയിലാണ്. കേരം തിങ്ങും കേരള നാട്ടില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ കഴിച്ച് പലരും രോഗികളായി മാറുന്നു എന്നത് ഏറെ ദുഃഖകരമാണ്. ഇത് നമുക്ക് ഒഴിവാക്കാനാവും.
ഒരു വലിയ പഞ്ചായത്തില്‍ സാധാരണ 20 മുതല്‍ 22 വരെ വാര്‍ഡുകള്‍ കാണും. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളും അഞ്ചരക്കോടി തെങ്ങും ഉണ്ടെന്നാണ് കണക്ക്. തേങ്ങ വിറ്റുകിട്ടുന്ന പണംകൊണ്ട് വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കുന്നവരാണ് നല്ലൊരു ശതമാനം കേരളീയരും . എന്തുകൊണ്ട് ഓരോ വാര്‍ഡിലും ഏഴ് മുതല്‍ പത്ത് വരെ പേര്‍ ചേര്‍ന്നു ഒരു സംരംഭം തുടങ്ങിക്കൂടാ ? കൃഷിവകുപ്പിന്റെ സഹായത്തോടെ കിട്ടു ന്ന കൊപ്ര ഡ്രയര്‍ സ്ഥാപിച്ചാല്‍ നല്ല ഗുണമേന്മയുള്ള, മാലിന്യമില്ലാത്ത കൊപ്ര ഉണ്ടാക്കാന്‍ കഴിയും. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് ഏഴ് മുതല്‍ 10 ഗ്രൂപ്പുകള്‍ക്ക് വരെ ഇത്തരം പ്രവര്‍ത്തനം ഏറ്റെടുക്കാവുന്നതാണ്. ഇതിനാവശ്യമായ വായ്പ സഹകരണ ബാങ്കിന് നല്‍കാന്‍ കഴിയും . കൃഷി വകുപ്പില്‍ നിന്നു സബ്സിഡിയോടെ കൊപ്ര ഡ്രയറും കിട്ടും. വെളിച്ചെണ്ണ എടുക്കുന്നതിനുള്ള മരച്ചക്കോ യന്ത്രച്ചക്കോ സ്ഥാപിക്കുകയാണ് അടുത്ത ഘട്ടം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കിയോ അല്ലെങ്കില്‍ സഹകരണ സംഘത്തിന് നേരിട്ടോ ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാം. ഓരോ വാര്‍ഡില്‍ നിന്നും യൂണിറ്റുകള്‍ കൊണ്ടുവരുന്ന കൊപ്ര ആട്ടി വെളിച്ചെണ്ണ എടുക്കാന്‍ ഇവിടെ സൗകര്യം ഒരുക്കാം. ഇതുവഴി ഒരു പഞ്ചായത്തില്‍ കുറഞ്ഞത് നൂറു പേര്‍ക്കെങ്കിലും ജോലി കിട്ടും. സഹകരണ ബാങ്കിന് വായ്പ വിതരണവും ഉറപ്പാക്കാന്‍ കഴിയും. ഇങ്ങനെ തുടങ്ങുന്ന കോമണ്‍ ഫെസിലിറ്റി സെന്ററില്‍ വെളിച്ചെണ്ണ ഫില്‍റ്റര്‍ ചെയ്യാനും പാക്കിങ്ങിനും ലേബല്‍ ചെയ്യാനും യന്ത്ര സംവിധാനങ്ങള്‍ ഒരുക്കണം. കൊപ്ര ആട്ടാന്‍ വരുന്നയാള്‍ക്ക് വെളിച്ചെണ്ണ വൃത്തിയായി പാക്ക് ചെയ്തു കൊണ്ടു പോകാനാവും. പഞ്ചായത്തിനും സഹകരണ സ്ഥാപനത്തിനും ഒന്നിച്ചോ അല്ലെങ്കില്‍ സഹകരണ സ്ഥാപനത്തിന് തനിച്ചോ ഒരു ഒരു ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എല്ലാ ഉല്‍പാദകരും ഇതേ ബ്രാന്‍ഡ് ഉല്‍പന്നം വിപണിയിലെത്തിക്കുമ്പോള്‍ ഗുണമേന്മ ഉറപ്പാക്കാനും മത്സരശേഷി കൂട്ടാനും കഴിയും. ഇതുകൂടാതെ, ഈ കേന്ദ്രത്തില്‍ തെങ്ങുകയറ്റക്കാരുടെ സേവനം കിട്ടുമാറാക്കണം. തെങ്ങിനുള്ള വളം, ജൈവകീടനാശിനി, സാങ്കേതിക സഹായം എന്നിവയും നല്‍കാനാവണം. സഹകരണ സ്ഥാപനം നല്‍കുന്ന സേവനങ്ങള്‍ക്ക് ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നു യൂസര്‍ ഫീ ഈടാക്കാം. ഇത്തരം കേന്ദ്രങ്ങളോടു ചേര്‍ന്ന് മുളകും അരിയും മറ്റും പൊടിക്കാനുള്ള സൗകര്യങ്ങള്‍ കൂടി ചെയ്തുകൊടുത്താല്‍ പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഗുണം കിട്ടും. തെങ്ങുകൃഷി ധാരാളമുള്ള എല്ലാ പ്രദേശങ്ങളിലും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ് .
ആയുര്‍വേദ മരുന്നു വ്യവസായം സംരക്ഷിക്കാം
ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ആയുര്‍വേദ മരുന്ന് വ്യവസായത്തെ സംരക്ഷിക്കാനും നമ്മുടെ ജൈവസമ്പത്ത് നിലനിര്‍ത്താനും സഹകരണ മേഖലയ്ക്ക് കഴിയും. സാധാരണക്കാരനും പണക്കാരനും എന്നും ഒരുപോലെ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഒന്നാണ് ആയുര്‍വേദം. എന്നാല്‍, സമീപകാലത്തായി ആയുര്‍വേദ മരുന്നു വ്യവസായം ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവാണ് പ്രധാന പ്രശ്നം. പല ഔഷധ സസ്യങ്ങളും കിട്ടാനില്ല. നമ്മുടെ നാട്ടില്‍ സുലഭമായുണ്ടായിരുന്ന കുറുന്തോട്ടി , ചിറ്റമൃത്, ആടലോടകം , മുക്കുറ്റി തുടങ്ങി ഒട്ടേറെ ഔഷധസസ്യങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്. കേരളത്തിന്റെ അഭിമാനമായ ആയുര്‍വേദം നിലനില്‍ക്കണമെങ്കില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കണം . ഇതിനു സഹായകമായി ഒട്ടേറെ പദ്ധതികള്‍ ഔഷധ സസ്യ ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങള്‍ ശാസ്ത്രീയമായി കൃഷിചെയ്യുന്നതിന് കാര്‍ഷിക സര്‍വ്വകലാശാലയും പദ്ധതികള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇത് പ്രയോജനപ്പെടുത്തി ആയുര്‍വേദത്തെ സംരക്ഷിക്കാനോ അതുവഴി കര്‍ഷകന് കൃത്യമായി വരുമാനം ഉറപ്പാക്കാനോ നമുക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍, ഓരോ പഞ്ചായത്തിലും തരിശായിക്കിടക്കുന്ന സ്ഥലങ്ങളില്‍ ഔഷധസസ്യക്കൃഷി ആരംഭിക്കാവുന്നതാണ്. ഇതിനാവശ്യമായ വിത്ത്, നടീല്‍ വസ്തുക്കള്‍, പരിചരണം എന്നിവ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ ശ്രദ്ധിക്കണം. കാര്‍ഷിക സര്‍വകലാശാലക്കും കേരളത്തിലെ പ്രധാനപ്പെട്ട ആയുര്‍വേദ മരുന്നു വ്യവസായ സ്ഥാപനങ്ങള്‍ക്കും കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനാവും. കൃഷി ചെയ്തുണ്ടാക്കുന്ന ഔഷധസസ്യങ്ങള്‍ തിരികെ വാങ്ങാമെന്ന ഉറപ്പും ഇവര്‍ക്ക് നല്‍കാനാവും. ഈ പ്രവര്‍ത്തനത്തിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വിലയും ഉറപ്പുള്ള വിപണിയും കിട്ടുന്നു. അതുപോലെ, ആയുര്‍വേദ മരുന്നു കമ്പനികള്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ള ഔഷധസസ്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനും കഴിയുന്നു. പഞ്ചായത്തിലെ സര്‍ക്കാരാപ്പീസുകള്‍, സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഔഷധത്തോട്ടങ്ങള്‍ നിര്‍മിക്കാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും യുവജന സംഘടനകളെയും ക്ലബ്ബുകളെയും ചുമതലപ്പെടുത്താം. കാര്യമായ രോഗ കീടബാധ ഇല്ലെന്നതും നനയ്ക്കലും വളപ്രയോഗവും കാര്യമായി വേണ്ട എന്നതും ഈ കൃഷിയുടെ പ്രത്യേകതയാണ്.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തണം
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാവശ്യമായ സൗകര്യങ്ങള്‍ സഹകരണസംഘങ്ങള്‍ക്ക് ചെയ്യാനാകും. ഉണ്ടാക്കുന്ന ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വഴി വിപണി ഉറപ്പാക്കാനും കര്‍ഷകര്‍ക്ക് അര്‍ഹമായ വില സ്ഥിരമായി നല്‍കാനും സഹകരണസംഘങ്ങള്‍ക്ക് സാധിക്കും.
ഉല്‍പാദനം വര്‍ധിക്കുന്നതോടെ വിപണി കണ്ടെത്തേണ്ടതും അനിവാര്യമാണ് . ഒരുപക്ഷേ, നമ്മളുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുടേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞേക്കും. അതുകൊണ്ടുതന്നെ വിപണി ഉറപ്പാക്കുക എന്നത് ഏറ്റവും പ്രധാനമാണ് . പാലിന്റെയും പച്ചക്കറിയുടെയും ഔഷധ സസ്യങ്ങളുടെയുമൊക്കെ കാര്യം നമ്മള്‍ ഗൗരവമായി എടുക്കേണ്ടതുണ്ട്. ഇവിടെയാണ് സഹകരണ ബാങ്കുകള്‍ ഫലപ്രദമായി ഇടപെടേണ്ടത്. പാശ്ചാത്യ രാജ്യങ്ങളിലെല്ലാം പാലിനോടൊപ്പം യോഗര്‍ട്ട്, വെണ്ണ, ചീസ് എന്നീ വിഭവങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. പാലില്‍ നിന്നുമാത്രം പതിനഞ്ചിലേറെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പനീര്‍ ഇത്തരത്തില്‍പ്പെട്ട ഒന്നാണ്. വിവിധ തരം ചീസ്, യോഗര്‍ട്ട് എന്നിവ ഉല്‍പാദിപ്പിക്കുക വഴി പാലിന്റെ മിച്ചം ഒഴിവാക്കാനാകും. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലും ആരംഭിക്കണം.
ഉല്‍പാദകര്‍ തന്നെ മൂല്യവര്‍ധനവിന് ശ്രമിക്കുന്ന പക്ഷം അവരുടെ ഉല്‍പ്പന്നത്തിന് ന്യായമായ വിലയും വിപണിയും ഉറപ്പാക്കാന്‍ സാധിക്കും. സ്വിറ്റ്സര്‍ലന്‍ഡില്‍ ശൈത്യം ആരംഭിക്കുന്നതോടെ പശുക്കളും എരുമകളുമായി കര്‍ഷകര്‍ മലമുകളിലേക്ക് യാത്രതിരിക്കും. ഇത്തരത്തില്‍ കര്‍ഷകരെ യാത്രയാക്കുന്ന ചടങ്ങ് ഗ്രാമീണ ടൂറിസം ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ്. തന്റെ മൃഗങ്ങളെ തിരിച്ചറിയാന്‍ കര്‍ഷകര്‍ അവയുടെ കഴുത്തില്‍ കൗ ബെല്‍ അണിയിക്കും. വരിയായി പോകുന്ന മൃഗങ്ങളുടെ പുറകിലായി കര്‍ഷകരും യാത്രതിരിക്കും. ഓരോ ദിവസവും കറക്കുന്ന പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ അവര്‍ ചീസുണ്ടാക്കും. ശൈത്യകാലത്തിനു ശേഷം മൃഗങ്ങളുമായി മലയിറങ്ങുന്ന കര്‍ഷകരുടെ കൈവശം വിവിധ തരം ചീസുണ്ടായിരിക്കും. അതായത്, ഫാക്ടറി സംവിധാനം ഇല്ലാതെതന്നെ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ മൂല്യ വര്‍ധന നടത്തുന്നു . കര്‍ഷകര്‍തന്നെ മൂല്യവര്‍ധനക്ക് ശ്രമിക്കുന്നതിനാല്‍ വിപണി കണ്ടെത്താനുള്ള പ്രയാസം ഒരു പരിധിവരെ ഒഴിവാക്കാനാകും. കേരളത്തില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ നേതൃത്വത്തിലും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഇതുവഴി വിപണി കണ്ടെത്തുക എന്ന പ്രശ്നത്തിന് വലിയ തോതില്‍ പരിഹാരമാകും. ഇവര്‍ക്കാവശ്യമായ പ്രോജക്ട് വായ്പ സഹകരണ ബാങ്കുകള്‍ നല്‍കണം. കാര്‍ഷിക സര്‍വകലാശാല , ഡെയറി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കര്‍ഷകരെയും ചെറുപ്പക്കാരെയും സഹായിക്കാനാകും. ഇതുപോലെത്തന്നെ പച്ചക്കറി- പഴവര്‍ഗങ്ങളുടെ കാര്യത്തില്‍ സഹകരണ ബാങ്കുകളുടെയും കാര്‍ഷിക സര്‍വകലാശാല അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഓരോ പഞ്ചായത്തിലും കുറഞ്ഞത് 10 – 20 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനായാല്‍ മൂല്യ വര്‍ധന സാധ്യമാക്കാന്‍ കഴിയും. ഇത്തരത്തിലുള്ള കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമേ നമുക്ക് പുരോഗതി കൈവരിക്കാനാകൂ. പഞ്ചായത്തിന്റെ സഹായത്തോടെ വ്യവസായ ഇന്‍കുബേറ്റര്‍ സംവിധാനം ഒരുക്കുന്നതും അവിടെ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതും ഗ്രാമീണ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സഹായകമാകും. വിദേശരാജ്യങ്ങളില്‍ നിന്നു മടങ്ങി വരുന്ന മലയാളികള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നപക്ഷം അവരുടെ പുനരധിവാസവും സാധ്യമാകും.
സ്ഥായിയായ കാര്‍ഷിക വികസനത്തിന് നേതൃത്വം നല്‍കണം
സ്ഥായിയായ കാര്‍ഷിക വികസനത്തിന് സഹകരണസംഘങ്ങള്‍ നേതൃത്വം നല്‍കണം. ജൈവ പച്ചക്കറിക്കൃഷി, വിളപരിപാലനം, ഭൂമിയുടെ ഉപയോഗം, മാലിന്യ നിര്‍മാര്‍ജനം, ഊര്‍ജ സംരക്ഷണം എന്നിവയില്‍ സഹകരണ സംഘങ്ങള്‍ താല്‍പര്യം കാണിക്കണം. ഒരു ഗ്രാമത്തെ മുഴുവന്‍ സംരക്ഷിക്കാനും പുതിയ വികസന മാതൃക സൃഷ്ടിക്കാനും സഹകരണ ബാങ്കുകള്‍ക്കും കഴിയും. ഇത് വ്യക്തമാക്കാന്‍ കോഴിക്കോട് ജില്ലയിലെ വേങ്ങേരി ഗ്രാമത്തിന്റെ അനുഭവം ഇവിടെ കുറിക്കാം. 2006 ല്‍ പ്രദേശത്തെ 1824 വീടുകളില്‍ നടത്തിയ ആരോഗ്യ സര്‍വ്വേയില്‍ ഏഴു പേര്‍ കാന്‍സര്‍ ബാധിതരാണെന്ന് കണ്ടെത്തുകയുണ്ടായി. ജീവിതശൈലീ രോഗങ്ങളും വൃക്കരോഗവും പലരെയും പിടികൂടിയതായി കണ്ടു. പച്ചക്കറിക്കൃഷിക്കുപയോഗിക്കുന്ന കീടനാശിനികളും രാസവസ്തുക്കളും കാന്‍സറിന് കാരണമായിട്ടുണ്ടാവാമെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതുകൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന പുകയും രോഗകാരണമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 101 വീട്ടുകാര്‍ ചേര്‍ന്ന് രൂപവത്കരിച്ച റസിഡന്‍സ് അസോസിയേഷന്‍ ജൈവ പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിലും വീട്ടിലെ പറമ്പിലും ടെറസിലുമെല്ലാം കൃഷി ആരംഭിച്ചു.
2008 ല്‍ കേരളത്തിലെ ആദ്യ ജൈവ വാര്‍ഡായി വേങ്ങേരിയെ തിരഞ്ഞെടുത്തു . 2008 ല്‍ നമ്മുടെ സംസ്ഥാനത്ത് ജൈവ നയം നടപ്പാക്കുന്നതിനുള്ള പ്രേരണ ഇവരുടെ പ്രവര്‍ത്തനമായിരുന്നു . തുടര്‍ന്ന് നബാര്‍ഡിന്റെ സഹായത്തോടെ റസിഡന്‍സ് അസോസിയേഷന്‍ നിറവ് എന്ന പ്രൊഡ്യൂസര്‍ കമ്പനിക്ക് രൂപം നല്‍കി. കേവലം ഒരു വര്‍ഷംകൊണ്ട് മൂന്നു കോടി രൂപയുടെ വിറ്റുവരവുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു . ഇവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ അഞ്ചു മേഖലകളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് . സ്ഥായിയായ കാര്‍ഷിക വികസനമാണ് ഇതില്‍ ഒന്നാമത്തേത് . ജൈവ പച്ചക്കറിക്കൃഷി , വിളപരിപാലനം, ഭൂമിയുടെ ഉപയോഗം എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. രണ്ടാമത്തെത് മാലിന്യ നിര്‍മാര്‍ജനമാണ.് കോഴിക്കോട് കോര്‍പ്പറേഷന്റെ നാലു വാര്‍ഡുകളിലും സമീപത്തുള്ള 12 പഞ്ചായത്തിലും മാലിന്യ നിര്‍മാര്‍ജനം നടപ്പാക്കുന്നത് ഇവരാണ്. . കമ്പോസ്റ്റ് നിര്‍മാണം, ബയോഗ്യാസ് തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപിലെ മാലിന്യ നിര്‍മാര്‍ജനം ഇപ്പോള്‍ ഇവരുടെ ചുമതലയിലാണ്. ഊര്‍ജസംരക്ഷണമാണ് മൂന്നാമത്തെ പ്രവര്‍ത്തനം . എല്ലാ വീടുകളിലും സോളാര്‍ വൈദ്യുതിയുണ്ട്. മണ്ണ് സംരക്ഷണവും ജലസംരക്ഷണവുമാണ് മറ്റു മേഖലകള്‍. വീടുകളില്‍ പശു , ആട്, എരുമ എന്നിവയെ വളര്‍ത്തുന്നു. പച്ചക്കറിയും കൃഷി ചെയ്യുന്നു. ഗോമൂത്രവും ചാണകവും ഉപയോഗിച്ച് ബയോഗ്യാസ് , ജൈവ കീടനാശിനി എന്നിവ നിര്‍മിക്കുന്നു . വേങ്ങേരിയിലെ നിറവിന് ഇത്രയും കാര്യങ്ങള്‍ നടപ്പാക്കാമെങ്കില്‍ നമ്മുടെ സഹകരണ സ്ഥാപനങ്ങള്‍ക്കും ഇത് ചെയ്യാവുന്നതേയുള്ളു. പുതിയൊരു കേരളസൃഷ്ടിക്കായി സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഒരായിരം ‘ നിറവു ‘ കള്‍ക്ക്’ രൂപം നല്‍കാന്‍ കഴിയും.
പോള്‍ട്രി, ഹാച്ചറി യൂണിറ്റുകള്‍
പോള്‍ട്രി, ഹാച്ചറി യൂണിറ്റുകള്‍ ആരംഭിച്ച് കോഴിയിറച്ചിയുടെ കാര്യത്തിലുള്ള ദൗര്‍ലഭ്യത്തിന് പരിഹാരം കാണാന്‍ സഹകരണ സംഘങ്ങള്‍ക്ക് സാധിക്കും. ഇതുവഴി തൊഴിലവസരങ്ങളുമുണ്ടാക്കാം.
മറുനാട്ടിലെ കോഴി വളര്‍ത്തു കേന്ദ്രങ്ങളെപ്പറ്റി ഒരുപാട് പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വലിപ്പവും തൂക്കവും കൂട്ടാന്‍ കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവെക്കുന്നു എന്നതാണ് പ്രധാന പരാതി. അതുപോലെ, രോഗം ബാധിച്ച കോഴികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതായും പരാതിയുണ്ട്. ഇതിനൊക്കെ നമുക്ക് പരിഹാരം കാണാനാവും. വീടുകളിലെ കോഴി വളര്‍ത്തല്‍ നമ്മള്‍ സജീവമായി പരിഗണിക്കണം. കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യതയാണ് ഒരു പ്രശ്നം. ഒരു ദിവസം മാത്രം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടില്‍നിന്നു കൊണ്ടുവരുന്നത് കാണാറുണ്ട്. ഇങ്ങോട്ടുള്ള യാത്രയില്‍ത്തന്നെ ഇതില്‍ പകുതിയും ചത്തുപോകും. എന്തുകൊണ്ട് വി.എച്ച്.എസ.്ഇ. ക്കാരായ കുട്ടികളെ നമുക്ക് പ്രയോജനപ്പെടുത്തിക്കൂടാ ? ഓരോ പഞ്ചായത്തിലും കുറഞ്ഞത് നാലോ അഞ്ചോ ഹാച്ചറിയെങ്കിലും തുടങ്ങി കുട്ടികള്‍ക്ക് പരിശീലനം കൊടുക്കണം. ഇതിന് കാര്‍ഷിക സര്‍വ്വകലാശാല സഹായിക്കും. ഇവിടെ മുട്ട വിരിയിക്കാനുള്ള യന്ത്രസാമഗ്രികള്‍ ആവശ്യമായി വരും. കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള സൗകര്യവും ഒരുക്കേണ്ടിവരും. ഇതിനാവശ്യമായ പണം സഹകരണ ബാങ്കുകള്‍ കാര്‍ഷികവായ്പ എന്ന നിലയില്‍ അനുവദിക്കണം.
കോഴിക്കുഞ്ഞുങ്ങളെ ഒന്നോ രണ്ടോ ദിവസം ഹാച്ചറിയില്‍ത്തന്നെ വളര്‍ത്തണം. അതിനുശേഷം ഇവയെ മറ്റൊരു കൂട്ടം വീടുകളിലേക്ക് മാറ്റാം. വളര്‍ച്ചയുടെ അടുത്ത ഘട്ടം അവിടെയാണ് നടക്കുന്നത് . കുറച്ചു വലുതായാല്‍ ഇവയെ കോഴി വളര്‍ത്താന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് നല്‍കാം. ഓരോ വീട്ടിലും പത്തു മുതല്‍ 25 വരെ കോഴികള്‍ മാത്രമാണെങ്കില്‍ ആവശ്യമായ തീറ്റ അടുക്കളയില്‍ നിന്നും അടുത്ത പറമ്പുകളില്‍ നിന്നും കിട്ടും. ആവശ്യമുള്ള പക്ഷം കോഴിത്തീറ്റയും വാങ്ങി നല്‍കാം. ഒരു വാര്‍ഡില്‍ 50 വീടുകളില്‍ കോഴികളെ വളര്‍ത്തിയാല്‍ ഓരോ പ്രദേശത്തെയും കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ സ്ത്രീകള്‍ക്ക് മുട്ട, ഇറച്ചി വില്‍പ്പനയിലൂടെ നല്ലൊരു വരുമാനം കിട്ടും. ഇതോടൊപ്പം, മുട്ട വിരിയിക്കുന്ന കേന്ദ്രം ഓരോ വാര്‍ഡിലും ആരംഭിച്ചാല്‍ 20 സംരംഭങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. ഇതാരംഭിക്കുന്നത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരായതിനാല്‍ അവരുടെ തൊഴിലും ഉറപ്പാക്കാന്‍ കഴിയും. ഹാച്ചറിയില്‍ നിന്നു വിരിയിച്ചെടുക്കുന്ന കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുന്ന ക്ലസ്റ്റര്‍ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നു. ഓരോ ഘട്ടത്തിലും ഇവയെ ഇന്‍ഷുര്‍ ചെയ്യാനാവും. നമ്മുടെ കണ്‍മുമ്പില്‍ത്തന്നെ വളര്‍ന്നുവരുന്ന കോഴികളായതിനാല്‍ വിശ്വസിച്ച് തിന്നുകയും ചെയ്യാം. കേരളത്തില്‍ പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ കോഴി വളര്‍ത്തലിനാവശ്യമായ പരിശീലനം നല്‍കും. വിപണിയും കോര്‍പ്പറേഷന്‍ ഉറപ്പാക്കും.
ഗ്രാമങ്ങളില്‍ ആടുവളര്‍ത്തല്‍
കൃത്യമായ ആസൂത്രണത്തോടെ ഗ്രാമപ്രദേശങ്ങളില്‍ സഹകരണ മേഖലയ്ക്ക് ആടുവളര്‍ത്തല്‍ നടപ്പാക്കാനാവും . വായ്പ നല്‍കിയാല്‍ മാത്രം പോരാ. ഇതിനുള്ള വിപണി കണ്ടെത്താനും പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനും സാങ്കേതിക സഹായം ഉറപ്പാക്കാനും സഹകരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
മലയാളികള്‍ വിശ്വസിച്ചു കഴിക്കുന്ന ഒന്നാണ് ആട്ടിറച്ചി . എന്നാല്‍, ആവശ്യമായ തോതില്‍ ഇത് കിട്ടാറില്ല. അതിനാല്‍, വില വര്‍ധിച്ചുകൊണ്ടേയിരിക്കും. സമഗ്രമായ ആസൂത്രണമുണ്ടെങ്കില്‍ ആടു വളര്‍ത്തലിലും സഹകരണ മേഖലയ്ക്ക് ഇടപെടാം. വളര്‍ത്താനുദ്ദേശിക്കുന്ന ആടിന്റെ തിരഞ്ഞെടുപ്പാണ് പ്രധാനം. വേഗം വളരുകയും തൂക്കം വയ്ക്കുകയും ചെയ്യുന്ന ബോയര്‍ എന്ന ഇനം ആടുകളെ കിട്ടാനുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ബോയര്‍ ആടുകളെ വ്യാപകമായി വളര്‍ത്തുന്നുണ്ട്. നാടന്‍ ഇനമായ മലബാറി ആടുകള്‍ക്ക് ഏറെ പ്രിയമുണ്ട് . എന്നാല്‍, ഇവയുടെ കുഞ്ഞുങ്ങള്‍ക്ക് താരതമ്യേന വലുപ്പം കുറവാണ്. അതുകൊണ്ടുതന്നെ ഇറച്ചി കുറവായിരിക്കും . ജമുനാപാരി എന്ന ആടിനെയും പലരും വളര്‍ത്തുന്നുണ്ട്.
ഏറ്റവും അനുയോജ്യമായ ആടിനെ കണ്ടെത്താന്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായവും കാര്‍ഷിക സര്‍വകലാശാലയുടെ സേവനവും പ്രയോജനപ്പെടുത്താം. കേരളത്തിലെ ആടുകളില്‍ ഇന്‍ ബ്രീഡിങ് ഡിപ്രഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ് . നമ്മുടെ നാട്ടില്‍ മുട്ടനാടിനെ കിട്ടാനില്ല എന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത് . ഒരു മുട്ടനാട് തന്നെ നിരന്തരം പ്രജനന പ്രക്രിയയില്‍ ഏര്‍പ്പെടുന്നതിനാല്‍ തലമുറകള്‍ കഴിയുന്തോറും അതിന്റെ ഗുണമേ• ശോഷിച്ചു വരുന്നു. ആറു മുതല്‍ എട്ട് മാസത്തെ വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ ആട്ടിന്‍കുട്ടി പ്രജനനത്തിന് പാകമാകുന്നു. ഈ ഘട്ടത്തില്‍ പുതിയ മുട്ടനാടിനെ കിട്ടാത്തപക്ഷം നിലവിലുള്ളതിനെത്തന്നെ ഉപയോഗിക്കേണ്ടിവരുന്നു. ഇതാണ് ഇന്‍ ബ്രീഡിങ് ഡിപ്രഷന് കാരണമാകുന്നത് . ഓരോ വാര്‍ഡിലും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ നല്ല മുട്ടനാടുകളെ വളര്‍ത്തുക എന്നതാണ് ഇതിനുള്ള പരിഹാരം. മാത്രമല്ല, മുട്ടനാടുകളെ ഒരു പഞ്ചായത്തില്‍ത്തന്നെ പല വാര്‍ഡുകളിലേക്കും കൊണ്ടുപോകാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ഗുണമേ•യും വളര്‍ച്ചശേഷിയുമുള്ള കുട്ടികള്‍ ഉണ്ടാകും. ഓരോ കര്‍ഷകനും തന്റെ ഫാമില്‍ ജനിക്കുന്ന ആണാടുകളെ ഇറച്ചിക്കായി നല്‍കുന്നതിനാലാണ് മുട്ടനാടുകള്‍ക്ക് ക്ഷാമം നേരിടുന്നത് . ഈ പ്രശ്നം പരിഹരിക്കാന്‍ മുട്ടനാട് സംരക്ഷണ പരിപാടി നടപ്പാക്കണം.
സഹകരണ ബാങ്കുകള്‍ക്ക് ആടുവളര്‍ത്തലിനാവശ്യമായ വായ്പ നല്‍കാന്‍ കഴിയും. ഇത് കാര്‍ഷിക വായ്പയായി കണക്കാക്കാവുന്നതാണ്. അതുകൊണ്ട് കര്‍ഷകന് കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടും . പഞ്ചായത്ത് തലത്തില്‍ ആട് വളര്‍ത്തുന്നവരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കഴിയണം. ആടുകളെ വാങ്ങാന്‍ വരുന്നവര്‍ക്ക് ഇത് സഹായകമാവും. ഇത്തരത്തില്‍ കൃത്യമായ ഇടപെടലുണ്ടായാല്‍ ആടുവളര്‍ത്തല്‍ ലാഭകരമാകും. ആയുര്‍വേദ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഏറെ ആവശ്യവുമുള്ളതാണ് ആട്ടിന്‍പാല്‍. എന്നാല്‍, ഇത് ശേഖരിക്കാനും സംഭരിക്കാനും വിതരണം ചെയ്യാനും സംവിധാനമില്ലാത്തതിനാല്‍ ആ നിലയിലുള്ള വരുമാനം നഷ്ടമാകുന്നു. ആട്ടിന്‍ കാട്ടം ,ആട്ടിന്‍ മൂത്രം എന്നിവ നല്ല വളമാണ്. ഇത് ശേഖരിക്കാനായാല്‍ ആട് വളര്‍ത്തല്‍ ലാഭകരമായി മാറ്റാം. ആടുകളെ ഇന്‍ഷുര്‍ ചെയ്യുന്നത് നല്ലതാണ്. സഹകരണ ബാങ്ക് വായ്പ നല്‍കിയാല്‍ മാത്രം പോരാ. വിപണി കണ്ടെത്താനും പശ്ചാത്തല സൗകര്യമൊരുക്കാനും സാങ്കേതിക സഹായം ഉറപ്പാക്കാനും ശ്രദ്ധിക്കണം. ഇത്തരത്തില്‍ കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ആട്ടിറച്ചി, ആട്ടിന്‍ പാല്‍, ആട്ടിന്‍കാട്ടം , ആട്ടിന്‍ മൂത്രം, തോല്‍ എന്നിവ ഉപയോഗിച്ചുള്ള സംരംഭങ്ങളും തുടങ്ങാനാകും
കൂട്ടായ കൃഷിരീതി നടപ്പാക്കാം
കാര്‍ഷികമേഖലയില്‍ മനുഷ്യവിഭവശേഷി ഉറപ്പാക്കുന്നതിനും യന്ത്രവല്‍ക്കരണം സാധ്യമാക്കുന്നതിനും കൂട്ടായ കൃഷിരീതി നടപ്പാക്കുന്നതിനും സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. ഇതുവഴി കാര്‍ഷിക മേഖലയിലേക്ക് പൊതുജനങ്ങളെ അടുപ്പിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.
ഈയടുത്തായി കേരളത്തില്‍ കൃഷിയില്‍ താല്‍പര്യം കാണിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇത് ഗുണപരമായ മാറ്റമാണ് . പച്ചക്കറിയുടെ കാര്യത്തില്‍ നമ്മള്‍ സ്വയം പര്യാപ്തരല്ലെങ്കിലും ഏതാണ്ട് 60 – 70 ശതമാനം ഇവിടെ ഉല്‍പാദിപ്പിക്കാനാവുന്നുണ്ട് . പാല്‍ ഉല്‍പ്പാദനത്തിലും ഈ മാറ്റം പ്രകടമാണ് . സര്‍ക്കാരും പഞ്ചായത്തുകളും സഹകരണ സ്ഥാപനങ്ങളും ഒത്തുചേര്‍ന്ന് പരിശ്രമിക്കുന്നതിന്റെ ഭാഗമായി നെല്‍ക്കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതിയും വര്‍ധിപ്പിക്കാനായിട്ടുണ്ട് . ഈ മേഖലയിലേക്ക് പുതുതായി കടന്നുവരുന്നത് മൂന്നു വിഭാഗക്കാരാണ്. കുടുംബശ്രീയുടെ അയല്‍ക്കൂട്ടത്തിലെ സഹോദരിമാര്‍, സര്‍ക്കാര്‍ ജോലിയിലോ അധ്യാപനം തുടങ്ങിയ തൊഴിലുകളിലോ ഏര്‍പ്പെടുന്നവര്‍, ജോലിയില്‍ നിന്നു വിരമിച്ചവരോ ഐ.ടി. , കോര്‍പ്പറേറ്റ് മേഖലകളില്‍നിന്നു കൃഷിയിലേക്ക് തിരിഞ്ഞവരോ ആയവര്‍ എന്നിവരാണ് മൂന്നു വിഭാഗത്തില്‍പ്പെട്ടവര്‍. ഇവരുടെയൊക്കെ താല്‍പര്യം നിലനില്‍ക്കണമെങ്കില്‍ കൃഷിപ്പണിക്കാവശ്യമായ തൊഴിലാളികളെ കിട്ടേണ്ടതുണ്ട് .
നിലവിലെ കര്‍ഷകത്തൊഴിലാളികളില്‍ നല്ലൊരു വിഭാഗം 50 വയസ്സിനു മേല്‍ പ്രായമുള്ള സ്ത്രീകളാണ് . താരതമ്യേന ചെറുപ്പക്കാര്‍ ഈ മേഖലയില്‍ കുറവാണ്. ഇവര്‍ പൂര്‍ണമായും കായികശേഷിയാണ് ജോലിക്കായി പ്രയോജനപ്പെടുത്തേണ്ടത്. ഇത്തരക്കാരെ മാത്രം ആശ്രയിച്ചുകൊണ്ട് കൃഷി വ്യാപിപ്പിക്കാന്‍ പരിമിതിയുണ്ട് . ഇവിടെ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയും. തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച കാര്‍ഷിക കര്‍മ സേന സംസ്ഥാനത്ത് പല ഭാഗങ്ങളിലും ആവേശമായി മാറിയിട്ടുണ്ട് . തിരുവനന്തപുരത്ത് പെരുങ്കടവിള പഞ്ചായത്തില്‍ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ആരംഭിച്ച ഇത്തരം കൂട്ടായ്മകള്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് . ഇത്തരത്തിലുള്ള ഒരു ഗ്രൂപ്പ് ഓരോ പഞ്ചായത്തിലും സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്നത് കൃഷിയുടെ നിലനില്‍പ്പിനും വികസനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്.
കാര്‍ഷിക കര്‍മ സേനയില്‍ / ഗ്രീന്‍ ആര്‍മിയില്‍ ചേരാന്‍ താല്‍പര്യമുള്ളവരെ രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യപടി . തൊഴില്‍ ആഭിമുഖ്യം , തൊഴിലിനായി നീക്കിവെക്കാന്‍ കഴിയുന്ന സമയം എന്നിവ പരിഗണിച്ച് ഇവരെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കണം. ഇവര്‍ക്കാവശ്യമായ പരിശീലനം കാര്‍ഷിക സര്‍വ്വകലാശാല , പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹായത്തോടെ നല്‍കാവുന്നതാണ് . ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തിനുള്ള യന്ത്രസാമഗ്രികളും വാഹനങ്ങളും സഹകരണ സ്ഥാപനത്തിന് വായ്പയായി നല്‍കാം. യന്ത്രസാമഗ്രികളും മറ്റ് കാര്‍ഷിക ഉപകരണങ്ങളും വാങ്ങി വാടകയ്ക്ക് കര്‍മസേനയ്ക്ക നല്‍കുകയും ചെയ്യാം. ഓരോ തൊഴിലിനും ആവശ്യമായ കൂലി ചിട്ടപ്പെടുത്തി ബാങ്കില്‍ അടയ്ക്കാന്‍ നിര്‍ദേശിക്കാവുന്നതാണ്. ആവശ്യമായ ജോലിക്കാരെ ബാങ്കിനുതന്നെ അനുവദിക്കാം. ഏതെങ്കിലും വ്യക്തിയുടെ കൃഷിഭൂമി കര്‍മ സേന ഏറ്റെടുക്കാന്‍ സന്നദ്ധമാണെങ്കില്‍ അതിനാവശ്യമായ വായ്പ ബാങ്കുകള്‍ നല്‍കണം. ഇത്തരത്തില്‍ രൂപീകൃതമാവുന്ന സംഘങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഇടപെടുന്നത് സഹകരണ സ്ഥാപനത്തിന്റെ ശേഷി വര്‍ധിപ്പിക്കും.
വിതരണശൃംഖല സൃഷ്ടിക്കണം
വികേന്ദ്രീകൃതമായ സംവിധാനങ്ങളുടെ പിന്‍ബലത്തോടെ ശക്തമായ വിതരണശൃംഖല സൃഷ്ടിക്കാനായാല്‍ സാധനങ്ങളുടെ ഗുണമേ• ഉറപ്പാക്കാനും വില പിടിച്ചുനിര്‍ത്താനും തൊഴിലവസരം കൂട്ടാനും സഹകരണസംഘങ്ങള്‍ക്ക് സാധിക്കും.
കേരളത്തില്‍ നന്നായി നടക്കുന്ന മിക്കവാറും എല്ലാ സഹകരണ ബാങ്കുകളും സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്നുണ്ട് . ഓരോ പഞ്ചായത്തിലും ബാങ്കിന്റെ ആസ്ഥാനത്തോടു ചേര്‍ന്നുതന്നെയായിരിക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍. മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളും ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ സൂക്ഷിക്കേണ്ടി വരുന്ന സാധനങ്ങളുടെ അളവ് വളരെ കൂടുതലാണ് . അതുകൊണ്ടുതന്നെ ഇതിനു വേണ്ട പ്രവര്‍ത്തന മൂലധനവും അധികമായിരിക്കും . കൂടാതെ, വാടക, വൈദ്യുതിച്ചെലവ്്, ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇത്തരം സംരംഭങ്ങള്‍ ലാഭകരമാക്കാന്‍ ബുദ്ധിമുട്ടാണ് . ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യയിലെത്തന്നെ വന്‍കിട കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ വില്‍ക്കാന്‍ സഹായം ചെയ്യുന്നു എന്ന പരാതിയും ഈ സൂപ്പര്‍ മാര്‍ക്കറ്റുകളെപ്പറ്റി പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട് . എന്തുകൊണ്ട് ഈ രീതിയില്‍ ചെറിയ മാറ്റം വരുത്തിക്കൂടാ ? ഓരോ വാര്‍ഡിലും കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും പോയി ആവശ്യമായ വസ്തുക്കളുടെ ലിസ്റ്റ് ശേഖരിച്ചാല്‍ ജനകീയമായിത്തന്നെ വിതരണം ഫലപ്രദമായി നടപ്പിലാക്കാനാവും.
ഒരു വാര്‍ഡില്‍ 500 വീടുകളിലെങ്കിലും ഓരോ ആഴ്ചയിലേയും ആവശ്യങ്ങളറിഞ്ഞ് ഓര്‍ഡര്‍ സ്വീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ നേരിട്ട് എത്തിക്കാനായാല്‍ വില്‍പന കൂട്ടാന്‍ കഴിയും . ഇതോടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ലാഭത്തില്‍ നടത്താനാകും. തന്നെയുമല്ല, ഓരോ പ്രദേശത്തും ആവശ്യമായ സാധനങ്ങള്‍ ഏതാണെന്നും എത്ര അളവിലാണ് വേണ്ടതെന്നും കണ്ടെത്താന്‍ കഴിയും. ഇതുവഴി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് വിപണിയില്‍നിന്ന് വിലപേശി വാങ്ങാനും അങ്ങനെ കിട്ടുന്ന നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനും കഴിയും. പഞ്ചായത്തിലേക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും സൂപ്പര്‍ മാര്‍ക്കറ്റ് വഴി ശേഖരിക്കുന്ന രീതി അവലംബിക്കുന്നത് വിതരണം ശക്തിപ്പെടുത്താന്‍ സഹായകമാകും . അതത് പ്രദേശങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പച്ചക്കറി, പഴവര്‍ഗങ്ങള്‍ , അരി, പയര്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം.
പ്രകൃതിയെ സംരക്ഷണച്ചുമതലയും സംഘങ്ങള്‍ ഏറ്റെടുക്കണം
പ്രകൃതിയെ സംരക്ഷിക്കാനും ജൈവ സമ്പത്ത് നിലനിര്‍ത്താനുമുള്ള ഉത്തരവാദിത്തം കൂടി സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തില്‍ ഏതാണ്ട് നാലരക്കോടി ജനങ്ങള്‍ അംഗങ്ങളായിട്ടുണ്ട് . ഇത് കേരളത്തിന്റെ ജനസംഖ്യയെക്കാളും കൂടുതലാണ്. ഒരേ അംഗം തന്നെ പല വിഭാഗത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ അംഗത്വം എടുക്കുന്നതുകൊണ്ടാണിത്.
ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ പരപ്പിന് അപ്പുറത്തേക്ക് ആഴത്തിലേക്ക് വേരൂന്നിയിട്ടുണ്ടോ ? ഓരോ പ്രദേശത്തിന്റെയും വിഭവ സാധ്യത കണക്കിലെടുത്ത് ആസൂത്രണ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ ? തങ്ങളുടെ പ്രദേശത്ത് എത്ര വീടുകളില്‍ മാവ് , പ്ലാവ്, ഞാവല്‍, കൂവളം, ആല്‍മരം എന്നിവയുണ്ടെന്ന് സംഘങ്ങള്‍ക്ക് അറിയുമോ ? ഈ വിവരങ്ങള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടോ ? സംഘാംഗങ്ങളില്‍ നിന്നു വിവരം ശേഖരിക്കാന്‍ സാധിക്കുമോ ?
തൃശ്ശൂര്‍ വടക്കാഞ്ചേരി നഗരസഭ ഏതാനും വാര്‍ഡുകളില്‍ നടത്തിയ പഠനത്തില്‍ ഒരു വാര്‍ഡില്‍ 150 മുതല്‍ 400 വരെ പ്ലാവുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് എട്ടു വിഭാഗം നാട്ടുമാവുകളും ഞാവലും ജാതിയും ചാമ്പക്കയുമെല്ലാം ഓരോ പ്രദേശത്തും വളരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. ഇത്തരത്തില്‍ ഓരോ പ്രദേശത്തെയും വിഭവങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നത് ഗുണം ചെയ്യും. ഇതുപോലെത്തന്നെ, നമ്മുടെ നാട്ടില്‍ കൃഷിക്കുപയോഗിച്ചിരുന്ന പല വിത്തുകളും ഇന്ന് പ്രചാരത്തിലില്ല. തവളക്കണ്ണന്‍ , കട്ട മോഡന്‍, ചീര , ചമ്പാവ് എന്നു തുടങ്ങി ഒട്ടനവധി ഇനങ്ങള്‍ ഇന്ന് കിട്ടാനില്ല. ഇങ്ങനെ ഓരോ പ്രദേശത്തും അന്യം നിന്നുകൊണ്ടിരിക്കുന്ന സസ്യലതാദികളെ സംരക്ഷിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് പരിശ്രമിക്കാവുന്നതാണ്.
അന്യം നിന്നുകൊണ്ടിരിക്കുന്ന വിത്തിനങ്ങള്‍ ശേഖരിച്ച് സുക്ഷിക്കുന്നത് വരുംനാളുകളില്‍ വികസനത്തിന് സഹായകരമാകും. സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ച് കൃഷി ഓഫീസറുടെയും കാര്‍ഷിക സര്‍വകലാശാലയുടെയും സഹായത്തോടെ ഇത്തരം വിത്തുകളുടെ സംരക്ഷണം അടിയന്തര പ്രാധാന്യത്തോടെ ആരംഭിക്കാവുന്നതാണ്. ഓരോ പ്രദേശത്തെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും വികസിപ്പിക്കാനും സഹകരണ ബാങ്കുകള്‍ക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ സാധിക്കും. ഓരോ പഞ്ചായത്തിന്റെയും ജൈവ റജിസ്റ്റര്‍ ഉണ്ടാക്കാനും ജൈവസമ്പത്ത് സംരക്ഷിക്കാനും ശ്രമിക്കേണ്ടതുണ്ട്. നിക്ഷേപം സമാഹരിക്കാനും വായ്പ നല്‍കാനും മാത്രമായി ഒതുങ്ങിക്കൂടാതെ പ്രകൃതിയെ സംരക്ഷിക്കാനും ജൈവസമ്പത്ത് നിലനിര്‍ത്താനുമുള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുമ്പോഴേ സഹകരണ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജനകീയ സ്വഭാവം വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂ . ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാവശ്യമായ ചിന്തയും പ്രവര്‍ത്തനങ്ങളും ആരംഭിക്കേണ്ടതുണ്ട്.
( തുടരും )