സംഘങ്ങളുടെ തലക്കു മുകളിൽ ആദായ നികുതി നിയമങ്ങൾ ഡമോക്ലീസിൻ്റെ വാളായി തൂങ്ങിക്കിടക്കുന്നു – മുഖ്യമന്ത്രി

[mbzauthor]

സഹകരണ സംഘങ്ങളുടെ തലക്ക് മുകളിൽ ഇപ്പോഴും ആദായ നികുതി നിയമത്തിൻ്റെ പല വകുപ്പുകളും ഡെമോക്ലീസിൻ്റെ വാളുപോലെ തൂങ്ങുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

അറുപത്തിയെട്ടാമത്അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖല പുതിയ കാലത്ത് വലിയൊരു ബദൽ സാധ്യതയാണ്. അതുകൊണ്ടുതന്നെ അതിൻ്റെ നിലനിൽപ്പ് ഉദാരീകരണ, ആഗോളവൽക്കരണ നയങ്ങളുടെ വക്താക്കളെ അസഹിഷ്ണുക്കളാക്കുന്നു. തദ്ദേശീയവും ജനകീയവുമായ ഈ ബദലിനെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ സഹകരണ മേഖലയെത്തന്നെ ഇല്ലാതാക്കും. നിയന്ത്രണങ്ങളിലൂടെ കേന്ദ്രം സഹകരണ മേഖലയെയും സ്ഥാപനങ്ങളെയും വരിഞ്ഞുമുറുക്കുന്നു. സഹകരണ മേഖല കുറച്ചു വർഷമായി തുടർച്ചയായി ആക്രമണം നേരിടുകയാണ് – മുഖ്യമന്ത്രി പറഞ്ഞു. 2016ലെ നോട്ടു നിരോധനവും അതിനെത്തുടർന്നു സഹകരണ സംഘങ്ങൾക്കെതിരെയുണ്ടായ അപവാദ പ്രചരണവും മറക്കാവതല്ല. സഹകരണ പ്രസ്ഥാനം പിടിച്ചു നിന്നത് ജനങ്ങളുടെ വിശ്വാസം കൊണ്ടാണ്‌. അതു ശക്തിപ്പെടുത്തി മുന്നോട്ടു പോകണം – അദ്ദേഹം പറഞ്ഞു.

വാരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരുവനന്തപുരം എടപ്പഴഞ്ഞി കൺവെൻഷൻ സെന്ററിൽ സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് പതാക ഉയർത്തി സഹകരണ പ്രതിജ്ഞ ചൊല്ലി. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.

മികച്ച സഹകരണ കോളേജുകൾക്കുളള ട്രോഫി മന്ത്രി വി.എൻ വാസവൻ വിതരണം ചെയ്തു. സംസ്ഥാനസഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട്‌ എൻ. കൃഷണൻ നായർ സ്വാഗതവും അഡീഷണൽ രജിസ്ട്രാർ അനിത.ടി. ബാലൻ നന്ദിയും പറഞ്ഞു. ഭക്ഷ്യ, സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി. സുരേഷ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.