വായ്പക്കുള്ള പലിശ നിശ്ചയിക്കാന്‍ ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വിശേഷാധികാരമുണ്ട് -സുപ്രീം കോടതി
വായ്പക്കുള്ള പലിശ നിശ്ചയിക്കുന്നതില്‍ ബാങ്കിങ്ങിതര ധനകാര്യ കമ്പനികള്‍ക്ക് ( NBFC ) വിശേഷാധികാരമുണ്ടെന്നു സുപ്രീം കോടതി വിധിച്ചു. വായ്പത്തുക മുഴുവന്‍ തിരിച്ചടച്ചശേഷം പലിശനിരക്കിനെ ചോദ്യം ചെയ്യാന്‍ വായ്പയെടുത്തയാള്‍ക്ക് അവകാശമില്ലെന്നു ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. നിശ്ചയിച്ച പലിശനിരക്കില്‍ വായ്പ തിരിച്ചടച്ചശേഷം തന്നോട് കൂടുതല്‍ പലിശയാണു വാങ്ങിയതെന്ന് ആരോപിച്ച് അധികത്തുക തിരിച്ചുതരണമെന്നാവശ്യപ്പെടാന്‍ വായ്പക്കാരന് അവകാശമില്ലെന്നു കോടതി വ്യക്തമാക്കി.
ഒരു ബാങ്കിങ്ങിതര ധനകാര്യസ്ഥാപനത്തില്‍നിന്നു ഭവനനിര്‍മാണ വായ്പയെടുത്തയാളാണു പരാതിക്കാരന്‍. റിസര്‍വ് ബാങ്കിന്റെ പ്രാഥമിക വായ്പാ നിരക്ക് ( PLR ) അടിസ്ഥാനമാക്കിയായിരിക്കും പലിശ നിശ്ചയിക്കുകയെന്നാണു ബാങ്കിങ്ങിതര ധനകാര്യസ്ഥാപനത്തിന്റെ സെയില്‍സ് ഏജന്റ് ഉറപ്പു നല്‍കിയിരുന്നത് എന്നു പരാതിക്കാരന്‍ പറഞ്ഞു. എന്നാല്‍, വായ്പ കൊടുത്ത സ്ഥാപനം പലിശനിരക്ക് കൂട്ടി. ഇതുകാരണം തനിക്കു കൂടുതല്‍ പലിശ കൊടുക്കേണ്ടിവന്നുവെന്നു പരാതിക്കാരന്‍ ബോധിപ്പിച്ചു.
ബാങ്കിങ്ങിതര ധനകാര്യസ്ഥാപനത്തിനെതിരെ പരാതിക്കാരന്‍ ആദ്യം ദേശീയ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല. വായ്പാകരാറുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാന്‍ വായ്പക്കാരന്‍ ബാധ്യസ്ഥനാണെന്നായിരുന്നു കമ്മീഷന്റെ വിധി. വായ്പ സംബന്ധിച്ച് ഒരിക്കല്‍ കരാറിലെത്തിയാല്‍ കരാറിനു മുമ്പു നടത്തിയ എഴുത്തുകുത്തുകള്‍ക്കു പ്രാധാന്യമില്ലെന്നു കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയും കമ്മീഷന്റെ ഈ നിലപാട് ശരിവെച്ചു.
നല്ല കാര്യബോധമുള്ള പരാതിക്കാരന്‍ വായ്പാകരാറിലേര്‍പ്പെടുംമുമ്പു അതിലെ വ്യവസ്ഥകളെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണമായിരുന്നുവെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എതിര്‍പ്പില്ലാതെ സമ്മതിച്ച് കരാറില്‍ ഒപ്പിട്ട് വ്യവസ്ഥകള്‍പ്രകാരമുള്ള വായ്പ തിരിച്ചടച്ചശേഷം പലിശനിരക്കിനെപ്പറ്റി എതിര്‍പ്പുന്നയിക്കാനാവില്ല. ഒരു കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞാല്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും അതു പാലിക്കാന്‍ ബാധ്യസ്ഥരാണ്- കോടതി ഓര്‍മിപ്പിച്ചു.
[mbzshare]