ലൊക്കേഷന്‍, റസിഡന്‍ഷ്യല്‍, ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഇനി റവന്യൂ വകുപ്പ് നല്‍കേണ്ടതില്ല

Deepthi Vipin lal

റവന്യൂ വകുപ്പില്‍ നിന്നു ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നത് ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. റവന്യൂ വകുപ്പില്‍ നിന്നു സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണീ നടപടി.

വിവിധ വകുപ്പുകളില്‍ നിന്നു സേവനങ്ങള്‍ കിട്ടുന്നതിനു പൊതുജനങ്ങള്‍ക്കു നല്‍കേണ്ടിവരുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നു 2022 ജനുവരി മൂന്നിനു ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരുമായി നടത്തിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പില്‍ നിന്നു നല്‍കുന്ന ലൊക്കേഷന്‍, റസിഡന്‍ഷ്യല്‍, ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ കുറവു ചെയ്യാവുന്നതാണെന്നു ലാന്റ് റവന്യൂ കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണു സര്‍ക്കാരിന്റെ നടപടി.

വസ്തു ഈടു നല്‍കേണ്ടിവരുന്ന ബാങ്ക് ലോണ്‍ മുതലായ ആവശ്യങ്ങള്‍ക്കും പദ്ധതികള്‍ക്കും പൊസഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ മാപ്പ് എന്നിവയോടൊപ്പമാണു ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാറുള്ളത്. കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ യോഗ്യമായ ഒരു കൈവശഭൂമിയില്‍ എത്തിച്ചേരാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സ്ഥലപരിശോധന നടത്തി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഇതേ കാര്യങ്ങള്‍ എലുകയും ( അതിര് ) മറ്റുമുള്‍പ്പെടെ കൈവശ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കാറുണ്ട്. പ്രധാന റോഡില്‍ നിന്നുള്ള ദൂരം ഒരു നിശ്ചിത സ്‌കെയിലില്‍ രേഖപ്പെടുത്തി ലൊക്കേഷന്‍ മാപ്പും സാക്ഷ്യപ്പെടുത്തി നല്‍കുന്നുണ്ട്. അതിനാല്‍, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കി ലൊക്കേഷന്‍ മാപ്പില്‍ത്തന്നെ ദൂര അളവുകളും പ്രധാന അതിരുകളും ടൈപ്പോഗ്രാഫിക് ചിഹ്നങ്ങളും കൂടി രേഖപ്പെടുത്തി നല്‍കിക്കൊണ്ട് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഒഴിവാക്കാമെന്നാണു സര്‍ക്കാരിന്റെ ഉത്തരവ്.

അപേക്ഷകന്‍ ഒരു സ്ഥലത്തു സ്ഥിരതാമസമാണെന്നു തെളിയിക്കുന്നതിനായി സാക്ഷ്യപ്പെടുത്തി നല്‍കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ വകുപ്പില്‍ മാത്രമായി നിജപ്പെടുത്താവുന്നതാണെന്നാണു സര്‍ക്കാരിന്റെ മറ്റൊരു ഉത്തരവ്. ഇതേ സര്‍ട്ടിഫിക്കറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയും സമാന സ്വഭാവമുള്ള നേറ്റിവിറ്റി / ഡൊമിസൈല്‍ സാക്ഷ്യപത്രങ്ങള്‍ റവന്യൂ വകുപ്പില്‍ നിന്നും അനുവദിക്കുന്നതിനാല്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ വകുപ്പില്‍ മാത്രമായി നിജപ്പെടുത്താമെന്നാണു സര്‍ക്കാര്‍ തീരുമാനം.

ഒരാള്‍ ജീവിച്ചിരിക്കുന്നു എന്നു സാക്ഷ്യപ്പെടുത്തി നല്‍കാന്‍ ഏതു വകുപ്പിലെയും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കു അനുവാദമുള്ള സാഹചര്യത്തില്‍ റവന്യൂ വകുപ്പില്‍ നിന്നു ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഒഴിവാക്കാം എന്നതാണു സര്‍ക്കാരിന്റെ മറ്റൊരു ഉത്തരവ്. പുതിയ ഉത്തരവ് സംബന്ധിച്ച് ആവശ്യമായ ഭേദഗതികള്‍ ലാന്റ് റവന്യൂ മാന്വല്‍ വാല്യം VI ല്‍ പിന്നീട് വരുത്തും.

Leave a Reply

Your email address will not be published.