റിസർവ് ബാങ്കിന്റെ നടപടിക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് പ്രതിരോധം തീർക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ

Deepthi Vipin lal

റിസർവ് ബാങ്കിന്റെ നടപടിക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് പ്രതിരോധം തീർക്കുമെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: സംസ്ഥാനങ്ങളിലെ സഹകരണ മേഖലയ്‌ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പടുവിച്ചിരിക്കുന്ന പുതിയ തീരുമാനങ്ങള്‍ പുനഃപരിശോധിക്കേണ്ടതാണ്. കേരളത്തിലെ സഹകരണ മേഖളയിലെ ക്രെഡിറ്റ് സഹകരണ സംഘങ്ങള്‍ സഹകരണ ബാങ്കുകളായാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് തരത്തിലുള്ള അംഗത്വമാണുള്ളത്. എ,ബി,സി വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് നിക്ഷേപത്തിനും വായ്പയ്ക്കും ഒരേ പരിധിയും അവകാശങ്ങളുമാണുള്ളത്. കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും ഉതകുന്ന തരത്തിലുള്ള സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വിത്ത്, വളം, കീടനാശിനി എന്നിവ ലഭ്യമാക്കുന്നതിനും ഉത്പ്പന്നങ്ങള്‍ സംഭരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും തുടര്‍ന്ന് വിപണനം ചെയ്യുന്നതിനുമുള്ള സംഘങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ വിപണനം ചെയ്യുന്ന നീതി സ്‌റ്റോറുകള്‍, മരുന്നുകള്‍ ന്യായവിലയ്ക്കു നല്‍കുന്ന നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍, പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന ലബോറട്ടറികള്‍ തുടങ്ങി ജനജീവിതത്തിന്റെ എല്ലാ മേഖലയിലും ഇടപെടുന്ന സഹകരണ സംഘങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ മേഖലയില്‍ സേവനങ്ങള്‍ ഏറ്റെടുക്കുന്ന സംഘങ്ങളുമുണ്ട്. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലയില്‍ ഒഴിച്ചു കൂട്ടാനാകാത്ത സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. ബാങ്കിംഗ് നിയമ ഭേദഗതിയിലൂടെ സഹകരണ മേഖലയില്‍ ഇടപെടാന്‍ നടത്തിയ കേന്ദ്ര ശ്രമത്തെ സുപ്രീം കോടതി തടഞ്ഞു. സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഫെഡറല്‍ തത്വങ്ങള്‍ ഒന്നാകെ ലംഘിച്ച് ഇടപെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന  ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി  കോര്‍പ്പറേഷന്റെ ( ഡിഐസിജിസി ) ഇന്‍ഷുറന്‍സ് പരിരക്ഷ ബാങ്കിംഗ് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കു മാത്രം വ്യവസ്ഥകള്‍ക്കു വിധേയമായി ബാധകമായിട്ടുള്ളതാണ്. പ്രഥമിക സഹകരണ സംഘങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇത് ലഭ്യമല്ല. വസ്തുതകള്‍ ഇതായിരിക്കെയാണ് ആര്‍ബിഐ തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തുന്നത്. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പു വരുത്തുകയും ഇതിലേയ്ക്ക് ഡെപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രണ്ട് ലക്ഷം രൂപയാണ് നല്‍കുന്നത്. കാലോചിതമായി ഇതു പരിഷ്‌കരിക്കാനുള്ള നടപടികളിലുമാണ്.

സഹകരണ മേഖലയിലേയ്ക്കുള്ള കടന്നു കയറ്റം തടയാന്‍ നോട്ട് നിരോധനം അടക്കമുള്ള പല ഘട്ടങ്ങളിലും കക്ഷി രാഷ്ട്രീയത്തിനും ജാതി മത ഭേദങ്ങള്‍ക്കും അതീതമായ ചെറുത്ത് നില്‍പ്പ് കേരളം നടത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലും ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആര്‍ബിഐ പത്രക്കുറിപ്പിനെതിരെ കേന്ദ്ര സര്‍ക്കാരിനും മറ്റ് ഉന്നത അധികാരികള്‍ക്കും നിവേദനങ്ങള്‍ നല്‍കും. കാര്യകാരണ സഹിതം വ്യക്തമാക്കി നിയമപോരാട്ടം നടത്തുന്ന കാര്യവും പരിഗണിക്കും. ഈ പ്രശ്‌നത്തിലെ നിയമപരമായ വിഷയങ്ങള്‍ വിദഗ്ദ്ധരായ നിയമജ്ഞരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. സഹകാരികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കും. ഏത് പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് എക്കാലത്തും സഹകരണ മേഖലയ്ക്കുണ്ടെന്ന് ഇതിനകം കേരളം തെളിയിച്ചിട്ടുണ്ട് സഹകാരികള്‍ക്ക് അതിനാൽ ആശങ്ക വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

Latest News