രാജ്യത്തു സജീവമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ 1508, മഹാരാഷ്ട്ര മുന്നില്‍, കേരളത്തില്‍ 25

Deepthi Vipin lal
രാജ്യത്തു സജീവമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ എണ്ണം 1508 ആണെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. 81 സംഘങ്ങള്‍ ലിക്വിഡേഷനിലുണ്ട്. ഏറ്റവുമധികം മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുള്ളതു മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ ഇത്തരത്തില്‍പ്പെട്ട 25 സംഘങ്ങളാണുള്ളത്് – ഒരു ചോദ്യത്തിനുത്തരമായി എഴുതിക്കൊടുത്ത മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 655 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളാണുള്ളത്. ഡല്‍ഹിയാണു രണ്ടാം സ്ഥാനത്ത് – 159 സംഘങ്ങള്‍. 154 സംഘങ്ങളോടെ ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്തും തമിഴ്‌നാട് നാലാം സ്ഥാനത്തും ( 123 ) നില്‍ക്കുന്നു. രാജസ്ഥാനില്‍ 72, ബംഗാളില്‍ 69, ഗുജറാത്തില്‍ 42, കര്‍ണാടകത്തില്‍ 29, മധ്യപ്രദേശില്‍ 29, കേരളത്തില്‍ 25 എന്നിങ്ങനെയാണു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ നില. ഛത്തിസ്ഗഢിലും ജാര്‍ഖണ്ഡിലും എട്ടു വീതം സംഘങ്ങളുള്ളപ്പോള്‍ ഉത്തരാഖണ്ഡില്‍ നാലെണ്ണമേയുള്ളു.
വടക്കു കിഴക്കന്‍ മേഖലയില്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ എണ്ണം വളരെ കുറവാണ്. ആസാമില്‍ ആകെ എട്ടു സംഘങ്ങളാണുള്ളത്. മണിപ്പൂരില്‍ മൂന്നെണ്ണമുണ്ട്. എന്നാല്‍, സിക്കിമിലും അരുണാചല്‍ പ്രദേശിലും നാഗാലാന്‍ഡിലും ഓരോന്നു വീതമേയുള്ളു. ഹിമാചല്‍ പ്രദേശിലും ഒരു മള്‍ട്ടി സ്റ്റേറ്റ് സംഘമാണുള്ളത്. ജമ്മു കാശ്മീരില്‍ രണ്ടെണ്ണമുണ്ട്. ലിക്വിഡേഷന്‍ നേരിടുന്ന സംഘങ്ങള്‍ കൂടുതലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ്. 15 സംഘങ്ങള്‍ വീതം – മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News