രാജ്യം ഭരിക്കാനോ? പ്രായം പ്രശ്‌നമല്ല
2020 ഫെബ്രുവരി ലക്കം
ഒരു രാജ്യത്തിന്റെ ഭരണാധികാരിയാവാന്‍ എത്ര വയസ് തികയണം? എത്ര വയസ് വരെ ഒരാള്‍ക്ക് ഭരണത്തില്‍ തുടരാനാവും? ഇതു സംബന്ധിച്ച് ലിഖിത നിയമങ്ങളൊന്നുമില്ലെങ്കിലും ഭരണാധികാരിയാവാനുള്ള പ്രായം സംബന്ധിച്ച് ഒരു സങ്കല്പം നമ്മുടെ മനസിലുണ്ട്. എന്നാല്‍, ആ സങ്കല്പങ്ങളെയെല്ലാം അട്ടിമറിക്കുകയാണ് ഇന്ന് ലോകത്തുള്ള മൂന്നു ഭരണാധികാരികള്‍. ഓസ്ട്രിയന്‍ ചാന്‍സലര്‍ ( പ്രധാനമന്ത്രിക്കു തുല്യമായ പദവി ) സെബാസ്റ്റ്യന്‍ കൂര്‍സ്, ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരീന്‍, മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദ് എന്നിവരാണവര്‍.
ജനവരി ഏഴിന് ഓസ്ട്രിയന്‍ ചാന്‍സലറായി ചുമതലയേറ്റ സെബാസ്റ്റ്യന്‍ കുര്‍സിന് 33 വയസാണ്. നേരത്തെ 2017-2019 കാലത്തും അദ്ദേഹം തന്നെയായിരുന്നു ചാന്‍സലര്‍. അതായത് മുപ്പതാം വയസ്സില്‍ അദ്ദേഹം രാജ്യത്തിന്റെ ഭരണാധികാരിയായി. 1986 ആഗസ്റ്റ് 27 ന് ജനിച്ച അദ്ദേഹം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. 2003 മുതല്‍ രാഷ്ട്രീയ രംഗത്തുള്ള സെബാസ്റ്റ്യന്‍ കുര്‍സ് പീപ്പിള്‍സ് പാര്‍ട്ടിയിലൂടെയാണ് അതിവേഗ രാഷ്ട്രീയ വളര്‍ച്ച കൈവരിച്ച് രാജ്യഭരണത്തിന്റെ തലപ്പത്തെത്തിയത്.
മുപ്പത്തിനാലുകാരിയായ സന്ന മരീന്‍ 2019 ഡിസംബര്‍ പത്തിനാണ് ഫിന്‍ലാന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രികൂടിയായ അവര്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ്. 1985 നവംബര്‍ പതിനാറിനാണ് ജനിച്ചത്. അച്ഛനും അമ്മയും വിവാഹമോചിതരായതോടെ അമ്മയും അമ്മയുടെ സ്വവര്‍ഗപങ്കാളിയും ചേര്‍ന്നാണ് അവരെ വളര്‍ത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ബിരുദാനന്തര ബിരുദം നേടിയ സന്ന 2006 ലാണ് എസ്.ഡി.പി.യില്‍ ചേര്‍ന്നത്. 2010 ല്‍ പാര്‍ട്ടിയുടെ ഫസ്റ്റ് വൈസ് പ്രസിഡന്റായി. പിന്നീട് ടാമ്പിയറിലെ സിറ്റി കൗണ്‍സിലറും ചെയര്‍പേഴ്‌സണുമായി. 2019 ല്‍ ഗതാഗത മന്ത്രിയായ അവര്‍ ആന്റി റിന്ന സ്ഥാനമൊഴിഞ്ഞതോടെയാണ് പ്രധാനമന്ത്രിയായത്. മാനവ വികസന സൂചികയില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്. തുടര്‍ച്ചയായി രണ്ടു വര്‍ഷവും ലോകത്തെ സന്തോഷസൂചികയില്‍ രാജ്യം ഒന്നാം സ്ഥാനത്താണ്. സന്നയുടെ കാബിനറ്റില്‍ ആകെയുള്ള 19 മന്ത്രിമാരില്‍ 12 പേരും വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. സന്ന മരീനും ഭര്‍ത്താവ് മാര്‍ക്കസ് റെയ്‌ക്കോനും ഒരു മകളുണ്ട്.
ഭരണത്തിലേറാന്‍ പ്രായാധിക്യം എന്നൊരു തടസ്സമില്ലെന്നാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദ് തെളിയിച്ചത്. 15 വര്‍ഷത്തിനു ശേഷം 2018 ല്‍ വീണ്ടും പ്രധാനമന്ത്രിയായപ്പോള്‍ മഹാതിറിന് വയസ് 93. മുമ്പ് 1981 മുതല്‍ 2003 വരെ കാലയളവില്‍ തുടര്‍ച്ചയായി അഞ്ചു തവണ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. വികസനനായകനായും എതിരാളികളെ അടിച്ചമര്‍ത്തുന്ന ഏകാധിപതിയായും പാശ്ചാത്യലോകത്തിന്റെ വിമര്‍ശകനായും അദ്ദേഹം ഇക്കാലയളവില്‍ അറിയപ്പെട്ടു. 1925 ജൂലായ് പത്തിന് ജനിച്ച അദ്ദേഹത്തിന്റെ പിതൃകുടുംബവേര് കേരളത്തിലേക്ക് നീളുന്നതാണ്. സിംഗപൂരില്‍നിന്ന് എം.ബി.ബി.എസ്. പാസായ അദ്ദേഹം ഡോക്ടറായും ജോലി ചെയ്തു. മെഡിസിനിലെ സഹപാഠിയായ സിതി ഹസ്മയെയാണ് വിവാഹം ചെയ്തത്. മലേഷ്യയിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ യു.എം.എ.ഒ.യില്‍ 1946 ല്‍ ചേര്‍ന്ന അദ്ദേഹം 1964 ല്‍ എം.പി.യും 1977 ല്‍ ഉപപ്രധാനമന്ത്രിയുമായി. 2003 ല്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചെങ്കിലും 2018 ല്‍ വീണ്ടും സജീവമാവുകയായിരുന്നു. പക്കാത്തന്‍ ഹരാപ്പന്‍ സഖ്യത്തിന്റെ ചെയര്‍മാനായാണ് തിരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും പ്രധാനമന്ത്രിയായത്. 95-ാമത്തെ വയസ്സിലും ഭരണത്തലപ്പത്ത് തിളങ്ങിനില്‍ക്കുകയാണ് മഹാതിര്‍.
[mbzshare]