യു.പി.യില്‍ സഹകരണമേഖലയെ ശക്തിപ്പെടുത്തുമെന്നു ബി.ജെ.പി.യും എസ്.പി.യും
നിരവധി സഹകാരികൾ തിരഞ്ഞെടുപ്പു മത്സരത്തിനിറങ്ങിയിട്ടുള്ള ഉത്തർപ്രദേശിൽ പ്രധാനപ്പെട്ട രണ്ടു കക്ഷികൾ സഹകരണ മേഖലയെ കൂട്ടുകെട്ട് ശക്തിപ്പെടുത്തുമെന്ന വാഗ്ദാനവുമായി വോട്ടർമാർക്കു മുന്നിലെത്തി. ഭരണകക്ഷിയായ ബി.ജെ.പി. യും മുഖ്യ പ്രതിപക്ഷമായ സമാജ് വാദി പാർട്ടിയുമാണു തങ്ങളുടെ പ്രകടനപത്രികയിൽ സഹകരണ മേഖലയുടെ വക്താക്കളായി രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്തു തങ്ങൾ വീണ്ടും അധികാരത്തിലെത്തിയാൽ പുതിയ സഹകരണ മില്ലുകളും ക്ഷീര സംഘങ്ങളും സ്ഥാപിക്കുമെന്നാണു ബി.ജെ.പിയുടെ വാഗ്ദാനം. അതേസമയം, സഹകരണ മേഖലയെ രാഷ്ട്രീയ ഇടപെടലിൽ നിന്ന് മുക്തമാക്കുമെന്നാണു എസ്.പി. വോട്ടർമാർക്കു മുന്നിൽ വെക്കുന്ന വാഗ്ദാനം. സംസ്ഥാനത്തെ പഞ്ചസാര മില്ലുകളുടെ നവീകരണത്തിനായി 5000 കോടി രൂപയുടെ പദ്ധതിയാണു ബി.ജെ.പി. പ്രഖ്യാപിച്ചിരിക്കുന്നത്. കരിമ്പു കർഷകർക്ക് പതിനഞ്ചു ദിവസത്തിനകം പണം കിട്ടാൻ പതിനായിരം കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപവത്കരിക്കുമെന്ന് എസ്.പി. പറയുന്നു.
പാലുൽപാദനത്തിൽ ഉത്തര പ്രദേശത്തെ ഒന്നാമതെത്തിക്കാൻ ഗ്രാമങ്ങളിൽ തങ്ങൾ പുതിയ ക്ഷീര സഹകരണ സംഘങ്ങൾ രൂപവത്കരിക്കുമെന്ന് ബി.ജെ.പി. പറയുന്നു. തങ്ങളുടെ പാർട്ടി അധികാരത്തിലേറിയാൽ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുമെന്ന് സമാജ് വാദി പാർട്ടിയും പറയുന്നു. ഇങ്ങനെ ചെയ്താലേ കർഷകർക്കു യൂറിയയും കീടനാശിനികളും മറ്റു കാർഷിക വസ്തുക്കളും ന്യായവിലയ്ക്കു കിട്ടുകയുള്ളു എന്നാണു പാർട്ടിയുടെ അഭിപ്രായം.