യു.പി.യിലെ അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി, നാലെണ്ണത്തിനു പിഴശിക്ഷ

moonamvazhi
ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിന് ഉത്തര്‍പ്രദേശിലെ സീതാപ്പൂര്‍ അര്‍ബന്‍ സഹകരണബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ഡിസംബര്‍ ഏഴു മുതല്‍ ഇവിടെ ബാങ്കിങ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചും ലിക്വിഡേറ്ററെ നിയമിച്ചുംകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ ഉത്തര്‍പ്രദേശിലെ കമ്മീഷണറോടും സഹകരണസംഘം രജിസ്ട്രാറോടും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്കിങ് നിയന്ത്രണനിയമം പാലിക്കാത്ത നാല് അര്‍ബന്‍ബാങ്കുകള്‍ക്കു പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. ഇവയില്‍ മൂന്നെണ്ണവും മഹാരാഷ്ട്രയിലാണ്.
സീതാപ്പൂര്‍ അര്‍ബന്‍ബാങ്കിലെ നിക്ഷേപകര്‍ക്കു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ ( DICGC ) പരിരക്ഷയായ അഞ്ചു ലക്ഷം രൂപവരെ തിരിച്ചുകിട്ടും. നിക്ഷേപകരില്‍ 98.32 ശതമാനം പേര്‍ക്കും ഈ ആനുകൂല്യം കിട്ടുമെന്നു ബാങ്ക് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ബാങ്കിനു മതിയായ മൂലധനമോ വരുമാനസാധ്യതയോ ഇല്ലെന്നും ബാങ്കിനെ തുടരാനനുവദിക്കുന്നതു നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്കു ഹാനികരമാകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ഇതേ കാരണങ്ങളാല്‍ മഹാരാഷ്ട്രയിലെ കൊല്‍ഹാപ്പൂരിലുള്ള ശങ്കര്‍റാവു പൂജാരി നൂതന്‍ നാഗരിക് സഹകാരി ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയതു കഴിഞ്ഞ ദിവസമാണ്.

തെലങ്കാനയിലെ മെഹബൂബ് നഗര്‍ ജില്ലാ സഹകരണ സെന്‍ട്രല്‍ ബാങ്ക്, മുംബൈയിലെ പതാന്‍ സഹകരണബാങ്ക്, സത്താറയിലെ പ്രാഥമിക് ശിക്ഷക് സഹകാരി ബാങ്ക്, പുണെയിലെ രാജര്‍ഷി ഷാഹു സഹകാരി ബാങ്ക് ( മൂന്നും മഹാരാഷ്ട്ര ) എന്നിവയെയാണു പിഴയടയ്ക്കാന്‍ ശിക്ഷിച്ചത്. തട്ടിപ്പ് തടയാനുള്ള നബാര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണു തെലങ്കാനയിലെ അര്‍ബന്‍ ബാങ്കിനു പതിനായിരം രൂപയുടെ പിഴശിക്ഷ കിട്ടിയത്. മറ്റു മൂന്നു ബാങ്കുകള്‍ക്കും ഓരോ ലക്ഷം രൂപവീതമാണു പിഴയിട്ടത്. ഇടപാടുകാരെ അറിയുക എന്നതു സംബന്ധിച്ച നിബന്ധകള്‍ പാലിക്കാത്തതാണു പതാന്‍ ബാങ്കിനെ ശിക്ഷിക്കാന്‍ കാരണമായത്. അഡ്വാന്‍സ് മാനേജ്‌മെന്റ് സംബന്ധിച്ച നിബന്ധനകള്‍ പാലിക്കാത്തതാണു പ്രാഥമിക് ശിക്ഷക് സഹകാരി ബാങ്കിന്റെ കുറ്റം. ഡെപ്പോസിറ്റ് അക്കൗണ്ട്‌സ് പരിപാലിക്കാത്തതിനാണു രാജര്‍ഷി ഷാഹു ബാങ്കിനെ ശിക്ഷിച്ചത്. കര്‍ണാടകത്തിലെ ഹിരിയൂര്‍ അര്‍ബന്‍ സഹകരണബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ചുമത്തിയിരുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് മൂന്നു മാസത്തേക്കു നീട്ടിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published.