ബാലരാമപുരം കൈത്തറിയുടെ ഓണക്കോടികള്‍ അമേരിക്കയിലേക്ക്

[mbzauthor]

കോവിഡ് കാരണം ദുരിതത്തിലായ തിരുവനന്തപുരം ബാലരാമപുരത്തെ കൈത്തറി വ്യവസായത്തെ പ്രതിസന്ധയില്‍ നിന്ന് കരയറ്റുന്നതിന് അമേരിക്കന്‍ മലയാളികളുടെ സഹായം. ഓണക്കാലത്ത് ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍ തീരുമാനമായി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇത്തരമൊരു സഹായത്തിനായി ഇടപെട്ടത്. അമേരിക്കന്‍ മലയാളികളുമായും പ്രവാസി ബിസിനസ്സുകാരുമായും മന്ത്രി നടത്തിയ ഓണ്‍ലൈന്‍ കൂടിയാലോചനയിലാണ് ഈ തീരുമാനമുണ്ടായത്.

ഒന്നര വര്‍ഷത്തിലേറെയായി കൈത്തറി സംഘങ്ങളും തൊഴിലാളികളും പ്രതിസന്ധി നേരിടുകയാണ്. സ്‌കൂള്‍ യൂണിഫോം പദ്ധതി കൈത്തറി സംഘങ്ങള്‍ക്ക് ഉത്തജേനം നല്‍കിയിരുന്നുവെങ്കിലും കോവിഡ് അതില്ലാതാക്കി. ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും വിപണിയെയും കെടുത്തി. സംസ്ഥാനത്തെ കൈത്തറി സംഘങ്ങളുടെ പ്രധാന കേന്ദ്രമായ ബാലരാമപുരത്തെ സംഘങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണ്. തൊഴിലും കൂലിയുമില്ലാതെ തൊഴിലാളികള്‍ ദുരിതത്തിലുമാണ്. ഈ ഘട്ടത്തിലാണ് കേന്ദ്ര സഹമന്ത്രി വിദേശ വിപണി സാധ്യതയ്ക്കായി ശ്രമിച്ചത്.

ലോകം മുഴുവന്‍ കൊവിഡിന്റെ ആഘാതം സംഭവിച്ചപ്പോള്‍ അതില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് പരമ്പരാഗത വ്യവസായത്തിനാണെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഈയവസരത്തില്‍ പാരമ്പര്യത്തെ മുറുകെപ്പിടിച്ച് മുന്നോട്ടു പോകുന്ന ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ സഹായം നല്‍കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി ലോക മലയാളികള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ ആയുര്‍വേദം, കൈത്തറി, കരകൗശലം തുടങ്ങിയ ഹരിതവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കാലഘട്ടം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു.

ബാലരാമപുരം കൈത്തറിയെ സഹായിക്കുന്നതിന് വേണ്ടി സിസ്സയുടെ നേതൃത്വത്തിലാണ് വിദേശ ഇന്ത്യക്കാരുമായി കേന്ദ്രമന്ത്രി ആശയവിനിമയം നടത്തിയത്.

കേന്ദ്ര സഹ മന്ത്രിയുടെ ആഹ്വാനത്തോട് അനുഭാവപൂര്‍വ്വമായ പ്രതികരണമാണ് വിദേശ ഇന്ത്യക്കാരില്‍ നിന്നുണ്ടായത്. അമേരിക്ക നിലവില്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്നു മുക്തമാവുകയാണ്. അതിനാല്‍ ഇത്തവണ ആളുകള്‍ കൂട്ടംചേര്‍ന്നുള്ള ഓണാഘോഷങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനാല്‍ കേരള ജനതയെ സഹായിക്കുന്നതിന് വേണ്ടി ഇവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറാണെന്നും വിവിധ സംഘടനാ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. ബാലരാമപുരത്ത് കെട്ടിക്കിടക്കുന്ന മുഴുവന്‍ കൈത്തറി ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ അമേരിക്കന്‍ മലയാളികള്‍ സന്നദ്ധത അറിയിച്ചു.

ഏകദേശം ഇരുപതിനായിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ചെറുകിട നെയ്ത്തുകാരില്‍ നിന്നുതന്നെ നേരിട്ട് സംഭരിച്ച് അമേരിക്കയില്‍ എത്തിക്കാനാണ് സിസ്സ പദ്ധതിയിടുന്നത്. ജൂലായ് ആദ്യവാരത്തോടെ ബാലരാമപുരത്ത് നിന്നുള്ള കൈത്തറി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റിയക്കുമെന്നും നാല് ഘട്ടങ്ങളിലായി ഏകദേശം മൂന്നു കോടി രൂപ വില വരുന്ന കൈത്തറിത്തുണികളാണ് അമേരിക്കയിലേക്ക് കയറ്റിയക്കുകയെന്നും ഇതിന് മുന്‍കൈയുടുത്ത സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ അറിയിച്ചു.

ഓണക്കാലത്താണ് കൈത്തറിയുടെ 80 ശതമാനം ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണക്കാലം നഷ്ടപ്പെട്ടു. ഈ വര്‍ഷവും ഓണവിപണി ഉണ്ടാകുമെന്ന് ഉറപ്പില്ല. അതിനാല്‍ വലിയ നഷ്ടം ഉണ്ടാവും. അത്‌കൊണ്ടാണ് രാജ്യാന്തര തലത്തില്‍ വിപണി കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് – സിസ്സ പ്രസിഡന്റ് ഡോ. ജി.ജി ഗംഗാധരന്‍ പറഞ്ഞു.

ബാലരാമപുരത്തെ കൈത്തറി മേഖലയുടെ ഉത്തേജനത്തിനായി സിസ്സ നടത്തിവരുന്ന പദ്ധതികളില്‍ ഒന്നായാണ് ഈ സംരംഭം നടപ്പാക്കുന്നത്. ഇതോടൊപ്പം, സെപ്തംബര്‍ ഒന്നിനു ബാലരാമപുരം കൈത്തറിയുടെ ലോക വിപണനത്തിന് വേണ്ടി ഇ കൊമേഴ്സ് സൈറ്റും ആരംഭിക്കും. ഇത് കൂടാതെ സിസ്സയുടെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ നെയ്ത്തുകാര്‍ അംഗങ്ങളായുള്ള ഒരു കമ്പനിയും രൂപീകരിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.

[mbzshare]

Leave a Reply

Your email address will not be published.