ബാങ്ക് നിക്ഷേപത്തിലും വായ്പയിലും സ്ത്രീമുന്നേറ്റം
സാമ്പത്തികകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിസര്‍വ് ബാങ്കിന്റെ കണക്കുകളില്‍ നിന്നു വ്യക്തമാകുന്നു. ബാങ്കുകളില്‍ നിക്ഷേപിക്കുകയും ബാങ്ക്‌വായ്പയെടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച വിവിധ ക്ഷേമപദ്ധതികളില്‍ സ്ത്രീപങ്കാളിത്തം വര്‍ധിച്ചതാണു ഇതിനു കാരണം.
2021-22 ല്‍ രാജ്യത്തു ബാങ്ക് വായ്പയെടുത്ത സ്ത്രീകള്‍ 22.5 ശതമാനം വരും. അഞ്ചു വര്‍ഷം മുമ്പ് ഇതു 19.5 ശതമാനമായിരുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എല്ലാ പദ്ധതികളിലും സ്ത്രീപങ്കാളിത്തം കൂടിവരികയാണ്. 2016 ല്‍ ആരംഭിച്ച സ്റ്റാന്റപ്പ് ഇന്ത്യ പദ്ധതിയില്‍ സ്ത്രീപങ്കാളിത്തം 81 ശതമാനമാണ്. സ്ത്രീകളിലും പട്ടികജാതി / പട്ടികവര്‍ഗ വിഭാഗങ്ങളിലുംപെട്ട സംരംഭകരെ സഹായിക്കാനാണ് ഈ പദ്ധതി കൊണ്ടുവന്നത്. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെ സഹായിക്കാനുള്ള വായ്പാ പദ്ധതിയായി 2016 ല്‍ നടപ്പാക്കിയ മുദ്ര ( മൈക്രോ യൂനിറ്റ്‌സ് ഡവലപ്‌മെന്റ് ആന്റ് റീഫിനാന്‍സ് ഏജന്‍സി – MUDRA ) വായ്പയുടെ കാര്യത്തില്‍ 71 ശതമാനമാണു സ്ത്രീപങ്കാളിത്തം. 2015 ല്‍ തുടങ്ങിയ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജന ( PMSBY ) യില്‍ 37 ശതമാനവും ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന ( PMJJBY ) യില്‍ 27 ശതമാനവുമാണു സ്ത്രീപങ്കാളിത്തം. ഇതു പ്രോത്സാഹജനകമാണ് – സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുഖ്യ ഉപദേഷ്ടാവായ എസ്.കെ. ഘോഷ് അഭിപ്രായപ്പെട്ടു. ഇന്‍ക്രിമെന്റല്‍ ബാങ്ക് നിക്ഷേപത്തില്‍ 2022 സാമ്പത്തികവര്‍ഷത്തില്‍ സ്ത്രീകളുടെ പങ്ക് 35 ശതമാനമാണ്. മുന്‍ സാമ്പത്തികവര്‍ഷമാകട്ടെ ഇതു 15 ശതമാനമായിരുന്നു. 20 ശതമാനത്തിന്റെ വര്‍ധന. ഗ്രാമീണ മേഖലയില്‍ ഇന്‍ക്രിമെന്റല്‍ നിക്ഷേപത്തില്‍ സ്ത്രീകളുടെ പങ്ക് 2020 സാമ്പത്തികവര്‍ഷത്തില്‍ 37 ശതമാനമായിരുന്നെങ്കില്‍ 2022 ല്‍ അതു 66 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.
2014 ല്‍ പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന ( PMJDY ) നടപ്പാക്കിയതോടെയാണു ബാങ്ക് നിക്ഷേപത്തിലും കടം വാങ്ങുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം കൂടാന്‍ തുടങ്ങിയത്. പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനു പണം കണ്ടെത്താന്‍ രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുന്ന സുകന്യ സമൃദ്ധി എന്ന സേവിങ് സ്‌കീം, പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള അഞ്ചു കോടി സ്ത്രീകള്‍ക്കു പാചകവാതക കണക് ഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടു 2016 ല്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി ഉജ്വല യോജന തുടങ്ങിയവയും ബാങ്കിടപാടുള്ള സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്.