ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ച അഞ്ചു അര്‍ബന്‍ ബാങ്കുകള്‍ക്ക് 13 ലക്ഷം രൂപ പിഴ

moonamvazhi
ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു റിസര്‍വ് ബാങ്ക് ഗുജറാത്തിലെ നാലു ബാങ്കുകളടക്കം അഞ്ചു അര്‍ബന്‍ സഹകരണ ബാങ്കുകളെ പിഴയടയ്ക്കാന്‍ ശിക്ഷിച്ചു. അഞ്ചു ബാങ്കുകളില്‍നിന്നുമായി 13 ലക്ഷം രൂപയാണു പിഴയായി ഈടാക്കുന്നത്.

അഹമ്മദാബാദിലെ പ്രോഗ്രസീവ് മെര്‍ക്കന്റൈല്‍ സഹകരണ ബാങ്കിനാണു വലിയ പിഴശിക്ഷ വിധിച്ചത്. ഈ ബാങ്ക് ഏഴു ലക്ഷം രൂപ പിഴയൊടുക്കണം. മറ്റു ബാങ്കുകളില്‍ നിക്ഷേപം ഇടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചതാണു കുറ്റം. എന്നാല്‍,  ഇതേ കുറ്റത്തിനു മോര്‍ബിയിലെ ശ്രീ മോര്‍ബി നാഗരിക് സഹകാരി ബാങ്കിനു 50,000 രൂപയാണു പിഴയിട്ടത്. ബനസ്‌കന്ദ ജില്ലയിലെ ഭാബര്‍ വിഭാഗ് നാഗരിക് സഹകാരി ബാങ്കിനും 50,000 രൂപയാണു പിഴയിട്ടത്. ബാങ്കിന്റെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അവര്‍ക്കു താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും ഡയറക്ടര്‍മാരുടെ ജാമ്യത്തില്‍ വഴിവിട്ടു വായ്പകള്‍ കൊടുത്തതാണ് ഈ ബാങ്കിന്റെ പേരിലുള്ള കുറ്റം. കച്ച് ജില്ലയിലെ കച്ച് മെര്‍ക്കന്റൈല്‍ സഹകരണ ബാങ്കിനു മൂന്നു ലക്ഷം രൂപയാണു പിഴയായി വിധിച്ചത്. മറ്റു ബാങ്കുകളില്‍ നിക്ഷേപം ഇടുന്നതിലും നോമിനല്‍ അംഗത്വം സംബന്ധിച്ചുമുള്ള റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ ലംഘിച്ചതാണു കുറ്റം. ശിക്ഷിക്കപ്പെട്ട ഈ നാലു അര്‍ബന്‍ ബാങ്കുകളും ഗുജറാത്തില്‍നിന്നുള്ളവയാണ്. അഞ്ചാമത്തെ ബാങ്ക് മഹാരാഷ്ട്രയിലെ താനെ ജില്ലാ കേന്ദ്ര സഹകരണ ബാങ്കാണ്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 56 ലെ ഇരുപതാം സെക്ഷന്‍ ലംഘിച്ചതാണു കുറ്റം. പിഴ രണ്ടു ലക്ഷം രൂപ.

അതേസമയം, 2022-23 സാമ്പത്തികവര്‍ഷം 176 അര്‍ബന്‍ സഹകരണ ബാങ്കുകളെ വിവിധ കാരണങ്ങളാല്‍ പിഴശിക്ഷയ്ക്കു വിധേയരാക്കിയിട്ടുണ്ടെന്നും ഇവയില്‍നിന്നെല്ലാംകൂടി 14.04 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ലോക്‌സഭയില്‍ എഴുതിക്കൊടുത്ത മറുപടിയിലാണു മന്ത്രി ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ 57 ബാങ്കുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. അതില്‍ അമ്പത്തിയഞ്ചും അര്‍ബന്‍ സഹകരണ ബാങ്കുകളാണ്- അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News