ബാങ്കിംഗ് നിയമഭേദഗതി ബിൽ, ആദായനികുതി വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ ഗൗരവപൂർവ്വം സമീപിക്കാൻ വിദഗ്ധരുടെ ശില്പശാലയിൽ തീരുമാനം.

adminmoonam

ബാങ്കിങ് നിയമഭേദഗതി ബിൽ, ആദായനികുതി വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ ഗൗരവപൂർവ്വം സമീപിക്കാനും ഇതുമൂലം സഹകരണമേഖലയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ദോഷവശങ്ങളും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താനും ശ്രമിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മേഖലയിലുള്ള ഉന്നതർ പങ്കെടുത്ത ശില്പശാലയിൽ ആണ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കാര്യങ്ങൾ പറഞ്ഞത്. മുൻകാലങ്ങളിൽ വേണ്ടത്ര രീതിയിൽ ഫോളോ അപ്പ് നടത്താൻ സാധിച്ചില്ല എന്ന് മന്ത്രി സമ്മതിച്ചു. ബാങ്കിങ് നിയമഭേദഗതി ബിൽ പ്രാഥമിക അഗ്രികൾച്ചർ ക്രെഡിറ്റ് സംഘങ്ങളെ എത്രമാത്രം ബാധിക്കുമെന്നത് സംബന്ധിച്ചും എങ്ങനെയെല്ലാം ഇതിനു പരിഹാരം കാണാം എന്നതു സംബന്ധിച്ചും ശിൽപ്പശാല ചർച്ചചെയ്തു.

194N, 269SS, 269SP എന്നീ വകുപ്പുകളിൽ കേന്ദ്രസർക്കാരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പ്രത്യേകം അപേക്ഷ നൽകും. ഇതിനുപുറമേ പാക്സ് അസോസിയേഷൻ194 N വിഷയത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് നു പ്രത്യേകം അപേക്ഷ നൽകാനും ശില്പശാല തീരുമാനിച്ചു. ബാങ്കിങ് നിയമഭേദഗതി ബിൽ സംബന്ധിച്ച് എ ജി യുടെ റിപ്പോർട്ട് ലഭിച്ചതായി മന്ത്രി അറിയിച്ചു. ബാങ്കിങ് നിയമഭേദഗതി ബിൽ സംബന്ധിച്ച സഹകരണസംഘങ്ങളുടെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര സർക്കാറിനെ സമീപിക്കും. ബാങ്കിംഗ് നിയമഭേദഗതി ബിൽ, ആദായനികുതി വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ചും ഏതു രീതിയിലുള്ള അപേക്ഷയാണ് കേന്ദ്രസർക്കാരിന് നൽകേണ്ടതെന്ന് സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കുന്നതിനായി മൂന്ന് സബ് കമ്മിറ്റികൾ രൂപീകരിച്ചു. ഈ കമ്മിറ്റികൾ അടിയന്തരമായി യോഗം ചേർന്ന് രണ്ടുദിവസത്തിനുള്ളിൽ നിർദ്ദേശം സർക്കാരിന് സമർപ്പിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആദായനികുതി വിഷയത്തിൽ ഈ മാസം 20ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗം അറിയിക്കാനായി ശ്രമം നടത്താൻ ശിൽപ്പശാലയിൽ തീരുമാനിച്ചു. ഇക്കാര്യത്തിൽ എജിയുടെ നിയമോപദേശം തേടാനും ശിൽപ്പശാലയിൽ ധാരണയായി. രാവിലെ നടന്ന ശില്പശാലയിൽ സഹകരണ വകുപ്പ് മന്ത്രി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം നടന്ന ചർച്ച സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News