പുരപ്പുറ സോളാർ വൈദ്യുതി ഉൽപ്പാദനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് സാധിക്കണം: മന്ത്രി കെ.കൃഷ്‌ണൻ കുട്ടി
പുരപ്പുറ സോളാർ വൈദ്യുതി ഉൽപ്പാദനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് സാധിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻ കുട്ടി. മതിലകം പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിൻ്റെ പാപ്‌സ്‌കോ എൽ.ഇ.ഡി, പാപ്‌സ്‌കോ സോളാർ, ഊർജ്ജ മിത്ര അക്ഷയ ഊർജ്ജ സേവന കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ അഡ്മിനിട്രേറ്റീവ് ഓഫീസും, മാർക്കറ്റിംഗ് ഡിവിഷൻ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് കേരളം. 385 മെഗാവാട്ട് വൈദ്യുതി ഇപ്പോൾ കേരളത്തിൽ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിൽ 341ഉം സൗരോർജ്ജമാണ്. 60 വൈദ്യുത ഉൽപ്പാദന പ്രൊജക്റ്റുകൾ ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. കാർഷിക മേഖലയിലും സോളാറിന് വലിയ നേട്ടം കൈവരിക്കാൻ കഴിയും. കുടുംബശ്രീ പ്രവർത്തകർക്ക് മൂല്യവർദ്ധിത വസ്തുക്കൾ ഉണ്ടാക്കുന്ന യൂണിറ്റ് തുടങ്ങുകയാണെങ്കിൽ കാർഷിക രീതിയിലുള്ള വൈദ്യുതി ചാർജ്ജായിരിക്കും ഈടാക്കുക. വൈദ്യുത മേഖലയെ സ്വകാര്യ വൽക്കരിക്കുന്നതിനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട് – മന്ത്രി പറഞ്ഞു.
ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും, തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ആദരവും മന്ത്രി നിർവ്വഹിച്ചു. ഇ.ടി.ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ടി.ബി.ജിനി റിപ്പോർട്ട് അവതരിപ്പിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരിജ മുഖ്യാതിഥിയായി. മതിലകം പഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് ബഷീർ, ബാങ്ക് പ്രസിഡൻ്റ് ഇ.കെ.ബിജു, ടെക്‌നിക്കൽ ഡയറക്ടർ ആർ.എ.മുരുകേശൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.എസ്.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഹഫ്‌സ ഒഫൂർ, പഞ്ചായത്തംഗം ഒ.എസ്.ഷെരീഫ, സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ കെ.കെ.സത്യഭാമ, ബാങ്ക് വൈസ് പ്രസിഡൻ്റ് ഗീത പ്രസാദ്, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.