പി.എസ്.സി യോഗത്തിൽ ജൂനിയർ കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ലിസ്റ്റ് സംബന്ധിച്ച് ചർച്ച നടന്നില്ല: സഹകരണ വകുപ്പിൽ നിന്നും പ്രൊപ്പോസൽ ലഭിക്കാത്തതാണ് ലിസ്റ്റ് വൈകാൻ കാരണം.
ഇന്ന് ചേർന്ന പി.എസ്.സി യുടെ യോഗത്തിൽ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ ലിസ്റ്റ് സംബന്ധിച്ച് ചർച്ച ഉണ്ടായില്ല. സഹകരണ വകുപ്പിൽ നിന്നും ഇതുസംബന്ധിച്ച് പ്രപ്പോസൽ ലഭിക്കാത്തതാണ് ഇതിന് കാരണമെന്ന് അറിയുന്നു. ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് പി. എസ്. സി യോഗം ചേർന്നത്. തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക് ഡൗൺ ആയതിനാലാണ് പി എസ് സി യുടെ യോഗം വൈകിയത്. സംസ്ഥാനത്തെ 58000 ൽ അധികം ഉദ്യോഗാർത്ഥികൾ ഏറെ പ്രതീക്ഷയോടെയാണ് പി.എസ്.സി യുടെ യോഗത്തെ കാത്തിരുന്നത്. പി. എസ്.സി യുടെ യോഗത്തിൽ ജെ.സി.ഐ യുടെ ലിസ്റ്റ് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു.
ഉദ്യോഗാർഥികളുടെ സംശയം ബലപ്പെടുന്നത് ആയിരുന്നു ഇന്നത്തെ പി.എസ്.സി യുടെ യോഗം. സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ബോധപൂർവം പ്രൊപ്പോസൽ നൽകാത്തതാണെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ജനപ്രതിനിധികൾ മുഖേന ഇവർ പരാതിയും നൽകിയിട്ടുണ്ട്. വകുപ്പിലെ ജീവനക്കാരുടെ പ്രമോഷനു തടസ്സമാകും എന്നതിനാലാണ് പ്രൊപ്പോസൽ നൽകാൻ ചില ഉദ്യോഗസ്ഥർ വിമുഖത കാണിക്കുന്നത് എന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. എന്തായാലും കൂടുതൽ ശക്തമായ സമ്മർദ്ദത്തിന് ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.