പാലില്‍ കേരളം സ്വയംപര്യാപ്തമായി

moonamvazhi

കിരണ്‍ വാസു

(2021 മാര്‍ച്ച് ലക്കം)

കേരളത്തിലെ മൊത്തം ജനങ്ങള്‍ക്കും ആവശ്യമായ പാല്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ലെങ്കിലും മില്‍മ വിതരണം ചെയ്യുന്ന പാല്‍ മുഴുവന്‍ ഇവിടെ ഉണ്ടാക്കുന്നു എന്നതു വലിയ നേട്ടമാണ്.

പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്ന സ്വപ്നം ക്ഷീര സഹകരണ സംഘങ്ങളും മില്‍മയും കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പാലിനു വില കിട്ടാതായതും പശുവളര്‍ത്തല്‍ ചെലവേറിയതായി മാറിയതും പുതിയ കര്‍ഷകര്‍ ഈ മേഖലയിലേക്കു എത്താതിരുന്നതുമാണു ആ ലക്ഷ്യം നേടുന്നതിനു തടസ്സമായത്. എന്നാല്‍, ക്ഷീര കര്‍ഷകര്‍ക്കായി വൈവിധ്യമാര്‍ന്ന പദ്ധതികളും സബ്‌സിഡി ആനുകൂല്യങ്ങളും ഉറപ്പാക്കിയതോടെ ആ പ്രശ്‌നം ഇല്ലാതായി. ഒടുവില്‍, പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയെന്ന സ്വപ്‌നം കേരളം ഒരര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കി. എന്നാല്‍, കേരളത്തിലെ മൊത്തം ജനങ്ങള്‍ക്കും ആവശ്യമായ പാല്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാനായിട്ടില്ല. മില്‍മ വിതരണം ചെയ്യുന്ന പാല്‍ മുഴുവന്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കാനായി എന്നതാണു നേട്ടം. ഏകദേശം അഞ്ചു ലക്ഷം ലിറ്റര്‍ പാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു ഇപ്പോള്‍ കേരളത്തില്‍ എത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നു മൂന്നര ലക്ഷം ലിറ്ററും കര്‍ണാടകയില്‍ നിന്നു ഒന്നര ലക്ഷം ലിറ്ററുമാണു വരുന്നത്. ഇതിന്റെ തോതു കുറയ്ക്കാനും പിന്നീട് പൂര്‍ണമായും അവസാനിപ്പിക്കാനും കഴിയുമ്പോഴാണു കേരളം പൂര്‍ണ അര്‍ഥത്തില്‍ പാലില്‍ സ്വയംപര്യാപ്തത നേടിയെന്നു പറയാനാവുക. ക്ഷീര സംഘങ്ങളിലൂടെ പാലുല്‍പ്പാദനം കൂട്ടി ആ ലക്ഷ്യവും നേടാന്‍ വൈകാതെ കേരളത്തിനാകുമെന്നതാണു ഇപ്പോഴത്തെ കണക്കനുസരിച്ചുള്ള വിലയിരുത്തല്‍.

വില്‍പ്പന നടത്തുന്നതിനേക്കാളും ഒരു ലക്ഷത്തോളം ലിറ്റര്‍ പാലാണു പ്രതിദിനം മില്‍മ ഇപ്പോള്‍ കൂടുതല്‍ സംഭരിക്കുന്നത്. മലബാര്‍ മേഖലയില്‍നിന്നുള്ള പാല്‍ സംഭരണമാണു മില്‍മയെ സ്വയം പര്യാപ്തമാക്കിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂന്നു ജില്ലകളില്‍ രണ്ടെണ്ണവും മലബാര്‍ മേഖലയിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലബാറിലെ പാല്‍ സംഭരണം വിപണനത്തേക്കാള്‍ 1.26 ലക്ഷം ലിറ്റര്‍ കൂടുതലായിരുന്നു. മലബാറില്‍ അധികമുള്ള പാല്‍ തിരുവനന്തപുരം, എറണാകുളം മേഖലകള്‍ക്കു നല്‍കുകയായിരുന്നു പതിവ്. ഈ വര്‍ഷം മലബാറില്‍ പാല്‍സംഭരണം പിന്നെയും കൂടി. 50,000 ലിറ്റര്‍ പാലിന്റെ വര്‍ധനവാണുണ്ടായത്. ഇതോടെ ഓരോ ദിവസവും വിപണനത്തേക്കാള്‍ അധികമായിരുന്ന പാലിന്റെ അളവ് 2.12 ലക്ഷം ലിറ്ററായി. ഇതു മറ്റു രണ്ടു മേഖലകളിലേക്കു കൈമാറുന്നതോടെ മില്‍മയ്ക്കു ആവശ്യമുള്ള പാല്‍ മുഴുവന്‍ കേരളത്തില്‍ നിന്നു ലഭിക്കും.

നിലവില്‍ ഒരു ദിവസം ശരാശരി 13.25 ലക്ഷം ലിറ്റര്‍ പാലാണു മില്‍മ വില്‍പ്പന നടത്തുന്നത്. 2019-20 സാമ്പത്തിക വര്‍ഷം കേരളത്തില്‍ മില്‍മ സംഭരിച്ചിരുന്നതു ശരാശരി പ്രതിദിനം 12.5 ലക്ഷം ലിറ്റര്‍ പാലായിരുന്നു. പ്രതിദിന വിപണന ശരാശരി 13.37 ലക്ഷം ലിറ്ററുമായിരുന്നു. വിപണനത്തിനുവേണ്ട അധിക പാലിനായി തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ആവിന്‍, കെ.എം.എഫ്. പോലെയുള്ള സഹകരണ സ്ഥാപനങ്ങളെയാണു ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു പാല്‍ എത്തിക്കുന്നതു പൂര്‍ണമായും ഒഴിവാക്കാന്‍ മില്‍മക്കു കഴിയും.

പദ്ധതികള്‍ ലക്ഷ്യം കണ്ടു

പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടു സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണു മില്‍മയെ സ്വയംപര്യാപ്തമാക്കിയത്. 2571 ലക്ഷം രൂപയാണു സര്‍ക്കാര്‍ ഇതുവരെ മില്‍മക്കു നല്‍കിയത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ മില്‍മയുടെ വിറ്റുവരവ് 15 ശതമാനം കൂടി. 78 ഉല്‍പ്പന്നങ്ങള്‍ മില്‍മ പുതുതായി പുറത്തിറക്കി. ഓഖി, നിപ, പ്രളയങ്ങള്‍, കോവിഡ് എന്നീ പ്രതികൂല ഘടകങ്ങളെയെല്ലാം അതിജീവിച്ചാണു ഈ നേട്ടം. തിരിച്ചടികള്‍ ഓരോന്നായി സംഭവിച്ചപ്പോഴും ക്ഷീരമേഖലയില്‍ നിന്നു കര്‍ഷകര്‍ അകന്നുപോകാതിരിക്കാനുള്ള കരുതലാണു സര്‍ക്കാര്‍ പദ്ധതികളിലുണ്ടായിരുന്നത്. ക്ഷീരമേഖലയിലെ സഹകാരികളെ ഒരുമിച്ചു ചേര്‍ക്കാനും ആ കൂട്ടായ്മയിലൂടെ ക്ഷീര സഹകരണ സംഘങ്ങളുടെ വളര്‍ച്ച ഉറപ്പാക്കാനുമുള്ള ശ്രമവും സര്‍ക്കാര്‍ നടത്തി.

ക്ഷീരഗ്രാമം, ഇന്‍ൂറന്‍സ് പരിരക്ഷ, രാത്രിയിലെ ചികിത്സാ സൗകര്യം, കാലിത്തീറ്റ വിലനിയന്ത്രണം, കാലിത്തീറ്റയുടെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍, ഡെയറി ഫാമുകള്‍ തുടങ്ങാനാകുന്ന വിധത്തില്‍ തയാറാക്കിയ പ്രവാസി പാക്കേജ് എന്നിവയെല്ലാം പാലുല്‍പ്പാദനം കൂട്ടാന്‍ സഹായകമായ പദ്ധതികളാണ്. ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനമാണു കേരളത്തെ നല്ല പാലിന്റെ കേന്ദ്രമാക്കി മാറ്റാന്‍ സഹായിച്ചത് എന്നാണു ക്ഷീര വികസന വകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 502 ക്ഷീര സഹകരണ സംഘങ്ങളാണു കേരളത്തില്‍ പുതുതായി രൂപം കൊണ്ടത്. ഇതില്‍ കൂടുതലും തിരുവനന്തപുരം മേഖലയിലാണ് – 232 എണ്ണം. മലബാറില്‍ 175, എറണാകുളം 95 എന്നിങ്ങനെയാണു പുതുതായി പ്രവര്‍ത്തനം തുടങ്ങിയ സംഘങ്ങള്‍. നിരവധി ഡെയറി ഫാമുകള്‍ സംരംഭ അടിസ്ഥാനത്തില്‍ പുതുതായി തുടങ്ങി. കേരളത്തിലേക്കു മടങ്ങിയെത്തുന്ന പ്രവാസികളും ഡെയറി ഫാം തുടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതു ഈ നേട്ടത്തിനു പിന്നിലെ ഘടകമാണ്.

മറുനാടന്‍ പാലിനു പരിശോധന

മില്‍മ വിതരണം ചെയ്യുന്ന പാല്‍ പൂര്‍ണമായി ഇവിടെത്തന്നെ ഉല്‍പ്പാദിപ്പാക്കായെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പാലിന്റെ വരവ് നിന്നിട്ടില്ല. ഇങ്ങനെ എത്തുന്ന പാലിന്റെ ഗുണനിലവാരവും ശുദ്ധിയും ഉറപ്പാക്കാനുള്ള നടപടി ശക്തമാക്കിയിട്ടുണ്ട്. പാലക്കാട് മീനാക്ഷിപുരം, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗുണനിലവാര ലാബ് ക്ഷീരവികസന വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഒരു ലക്ഷം ലിറ്റര്‍ പാല്‍ ഓരോ ദിവസവും അതിര്‍ത്തി കടന്നെത്തുന്ന പാറശ്ശാല ചെക്്പോസ്റ്റില്‍ ഫെബ്രുവരി മുതല്‍ പാല്‍ ചെക്പോസ്റ്റ് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്തേക്കെത്തുന്ന പാലിന്റെ ഗുണനിലവാരം ഇവിടെ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണു കടത്തിവിടുന്നത്.

ഈ പരിശോധനാ സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ പുതിയ തസ്തികകളും മൃഗസംരക്ഷണ വകുപ്പ് അനുവദിച്ചു. ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ലാബ് ടെക്നീഷ്യന്‍, ലാബ് അസിസ്റ്റന്റ് എന്നിവരടങ്ങുന്നതാണു പരിശോധനാ സംഘം. ഇവര്‍ക്കു പുറമെ ഒരു ക്ഷീര വികസന ഓഫീസറുടെയും ലാബ് അസിസ്റ്റന്റിന്റെയും തസ്തികയാണു ഇപ്പോള്‍ അധികമായി സൃഷ്ടിച്ചത്. ക്ഷീര വികസന ഓഫീസറുടേതു സ്ഥിരം തസ്തികയാണ്. മായം ചേര്‍ത്തിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിനു പുറമെ രാസ, അണു, ഗുണ നിലവാരവും വിലയിരുത്തും. ഗുണ നിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആണു പാലെന്നു പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ മേഖലാ ലബോറട്ടറിയില്‍ വീണ്ടും പരിശോധിക്കും. ഇതിനു ശേഷം തുടര്‍നടപടിക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറും.

ഇതിനു പുറമെ ജില്ലാ തലത്തിലും പരിശോധന ശക്തമാക്കും. ജില്ലാതല പാല്‍ പരിശോധനാ ലാബില്‍ 25 ബ്രാന്‍ഡ് പാലുകളുടെ പരിശോധന ഓരോ ദിവസവും നടത്തുന്നുണ്ട്. എന്‍.എ.ബി.എല്‍. അക്രഡിറ്റേഷനുള്ള തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡെയറി ലാബില്‍ പാലിന്റെ ഗുണനിലവാര പരിശോധന കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ മില്‍മ പ്ലാന്റുകളിലെല്ലാം പാലിന്റെ ഗുണപരിശോധനക്കു ലാബുകളുണ്ട്. മില്‍മ ലാബുകള്‍ ആന്റി ബയോട്ടിക് ടെസ്റ്റ്, അഡല്‍ട്രേഷന്‍ ടെസ്റ്റ്, പ്രിസര്‍വേറ്റീവ് ടെസ്റ്റ്, ബാക്ടീരിയോളജിക്കല്‍ ടെസ്റ്റ് എന്നീ പരിശോധനകള്‍ കൂടി നടത്തുന്നവയാണ്. മില്‍മയുടെ വിപണിയും വിശ്വാസ്യതയും മറയാക്കി എത്തുന്ന വ്യാജന്മാരെ പിടിക്കാനുള്ള പരിശോധനയും ശക്തമാക്കാന്‍ ക്ഷീരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മില്‍മയുടെ കവറിനു സമാനമായ രീതിയില്‍ പാക്കറ്റ് പാല്‍ നല്‍കുകയാണ് പ്രധാന രീതി. ഇതിനായി മറ്റു സംസ്ഥാനങ്ങളില്‍നിന്നു കുറഞ്ഞ വിലയ്ക്കു ഗുണനിലവാരമില്ലാത്ത പാല്‍ എത്തിക്കുന്നുണ്ട്. അതിര്‍ത്തിയിലെ പരിശോധന കര്‍ശനമാകുന്നതോടെ കൊള്ളലാഭം ലക്ഷ്യമിട്ടെത്തുന്ന വ്യാജന്മാരെ നിയന്ത്രിക്കാനാകും.

മൂര്‍ക്കനാട്ട് സ്വന്തം പാല്‍പ്പൊടി പ്ലാന്റ്

പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള കേരളത്തിന്റെ പരിശ്രമത്തില്‍ പാല്‍പ്പൊടി പ്ലാന്റ്, കണ്ടന്‍സിങ് പ്ലാന്റ് എന്നിവയെല്ലാം നമ്മുടെ പരിഗണനാ വിഷയത്തില്‍നിന്നു പുറത്തായി. ഇത്തരം പ്ലാന്റ് അനിവാര്യമാണെന്ന ബോധ്യം കേരളത്തിനുണ്ടാക്കിയതു കോവിഡ് -19 വ്യാപനവും പിന്നാലെ എത്തിയ ലോക്ഡൗണുമായിരുന്നു. മില്‍മ മലബാര്‍ യൂണിയനില്‍ വിതരണം ചെയ്യുന്നതിലുമധികം പാല്‍ സംഭരിക്കാന്‍ തുടങ്ങിയിരുന്നു. ഇങ്ങനെ അധികമായി സംഭരിക്കുന്ന പാലില്‍ പ്രതിദിനം 1.25 ലക്ഷം ലിറ്റര്‍ വരെ തമിഴ്‌നാട്ടിലേക്കു പാല്‍പ്പൊടിയാക്കാന്‍ അയച്ചിരുന്നു. ലോക്ഡൗണ്‍ കാലത്തു കേരളത്തില്‍നിന്നുള്ള പാല്‍ അതിര്‍ത്തി കടത്തുന്നതു തമിഴ്‌നാട് തടഞ്ഞു. ഇതു ക്ഷീര കര്‍ഷകര്‍ക്കും മില്‍മയ്ക്കും വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. തുടര്‍ന്ന് കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കി മാറ്റാമെന്നു തമിഴ്‌നാട് സമ്മതിച്ചു. ബാക്കി അങ്കണവാടികള്‍, അതിഥിത്തൊഴിലാളി ക്യാമ്പുകള്‍, സമൂഹ അടുക്കളകള്‍, കണ്‍സ്യൂമര്‍ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലൊക്കെ എത്തിച്ചാണു ഉപയോഗപ്പെടുത്തിയത്. ഈ പാഠം ഉള്‍ക്കൊണ്ടാണു കേരളത്തിനു സ്വന്തമായ പാല്‍പ്പൊടി പ്ലാന്റും പാലില്‍നിന്നു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാനാകുന്ന വിധത്തില്‍ കണ്ടന്‍സിങ് പ്ലാന്റും സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ടാണു പുതിയ പാല്‍പ്പൊടി പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനു നബാര്‍ഡ് സാമ്പത്തിക സഹായം നല്‍കും. പ്രതിദിനം പത്തു മെട്രിക് ടണ്‍ പാല്‍പ്പൊടി ഉല്‍പ്പാദിപ്പിക്കുന്നതാണു പ്ലാന്റ്. പ്രതിദിനം 2.12 ലക്ഷം ലിറ്റര്‍ പാലാണു മലബാര്‍ മേഖലയില്‍ മില്‍മ വിപണനം ചെയ്യുന്നതിനേക്കാളും അധികമായി സംഭരിക്കുന്നത്.

മൊത്തം 53.93 കോടി രൂപയാണു പ്ലാന്റിന്റെ ചെലവായി കണക്കാക്കിയിട്ടുള്ളത്. ഇതിനുള്ള ഭരണാനുമതി സര്‍ക്കാര്‍ നല്‍കി. പ്ലാന്റിനു തറക്കല്ലിട്ടു കഴിഞ്ഞു. നിലവിലെ മലപ്പുറം ഡെയറി പ്രോജക്റ്റിനു ഒരു ലക്ഷം ലിറ്റര്‍ ശേഷിയാണുള്ളത്. ഇതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനോടു ചേര്‍ന്നാണു പാല്‍പ്പൊടി പ്ലാന്റും പണിയുന്നത്. 32.72 കോടി രൂപ നബാര്‍ഡ് സഹായമായി നല്‍കും. മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ വിഹിതമായി 5.71 കോടിയും സംസ്ഥാന സര്‍ക്കാര്‍ 15.50 കോടിയും പ്ലാന്റിനായി നല്‍കും. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍നിന്നാണു നബാര്‍ഡ് മില്‍മയ്ക്കു പണം നല്‍കുന്നത്.

മലബാറില്‍ പാലുല്‍പ്പാദനത്തില്‍ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തിയ ജില്ലയാണു മലപ്പുറം എന്നതിനാലാണു പ്ലാന്റ് അവിടെ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഏറ്റവുമധികം പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല പാലക്കാടാണ്. ഇവിടെനിന്നു പെട്ടെന്നു പ്ലാന്റിലേക്കു പാല്‍ എത്തിക്കാനാകുമെന്നതിനാലാണു മൂര്‍ക്കനാട് തിരഞ്ഞെടുത്തത്. ക്ഷീര കര്‍ഷകരില്‍നിന്നുള്ള മുഴുവന്‍ പാലും മില്‍മയ്ക്കു സംഭരിക്കാനാകുമെന്നതാണു പാല്‍പ്പൊടി പ്ലാന്റ് തയാറാവുന്നതോടെയുള്ള നേട്ടം. ഒരു വര്‍ഷത്തിനകം പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാകും. പാല്‍പ്പൊടി നിര്‍മാണത്തിനുള്ള പുതിയ ടെക്‌നോളജിയായ ടി.വി.ആര്‍. സാങ്കേതിക സംവിധാനമാണു മില്‍മ ഉപയോഗപ്പെടുത്തുന്നത്.

വയനാട്ടിലാണു മില്‍ക് കണ്ടന്‍സിങ് പ്ലാന്റ് നിര്‍മിക്കുന്നത്. കേരളത്തില്‍ പാലുല്‍പ്പാദനം കൂടുതലുള്ള ജില്ലകളിലൊന്നാണു വയനാട്. മാത്രവുമല്ല, ക്ഷീര സൗഹൃദ ജില്ലയായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തതും വയനാടിനെയാണ്. മണിക്കൂറില്‍ 3000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റാണു സ്ഥാപിക്കുന്നത്. രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയില്‍നിന്നു 3.10 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഇതിനൊപ്പം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മലബാര്‍ മേഖലാ യൂണിയനു അനുവദിച്ച തുകയും യൂണിയന്റെ സ്വന്തം ഫണ്ടായി 1.20 കോടിയും ഉപയോഗിച്ചാണു പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.