പാമ്പാടിയിലെ സഹകാരി ഇനി സഹകരണ വകുപ്പിന്റെ നാഥന്‍
പഠിച്ചുപറയുകയും ഉറച്ചുനിന്ന് നയിക്കുകയും ചെയ്യുന്ന സഹകാരിയായ രാഷ്ട്രീയ നേതാവാണ് വി.എന്‍.വാസവന്‍. കോട്ടയം പാമ്പാടിയിലെ ഹിമഭവന്‍ വീട്ടില്‍നിന്ന് സംസ്ഥാനത്തിന്റെ സഹകരണ മേഖലയുടെ നിയന്ത്രണ നായകനായി ഇനി അദ്ദേഹം അനന്തപുരയിലുണ്ടാകും. പാമ്പാടി ചെത്തുതൊഴിലാളി സഹകരണ സംഘം മുതല്‍ റബ്കോവരെ നീളുന്ന ‘സഹകരണ’ അനുഭവം ഇതിന് അദ്ദേഹത്തിന് തുണയാകും.
പ്രതിസന്ധികളില്‍നിന്ന് ഒളിച്ചോടി രക്ഷപ്പെടുകയല്ല, പൊരുതിനിന്ന് അതിജീവിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ശീലം. അത് ജീവിതം പഠിപ്പിച്ചതാണ്. കഷ്ടതകള്‍ നിറഞ്ഞ ഒരുസാധരണകുടുംബത്തില്‍നിന്ന് സാധാരണക്കാരുടെ നായകനായി മാറിയ ആറുപതിറ്റാണ്ട് പിന്നിട്ട ജീവിതകഥയാണ് അദ്ദേഹത്തിന്റേത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അറിയുകയും ഇടപെടുകയും ചെയ്യുകയെന്നതാണ് സഖാക്കളുടെ വി.എന്‍.വി.യായ വാസവന്റെ രീതി. ‘നാട്ടിലെന്തെങ്കിലും സംഭവമുണ്ടായാല്‍ ഒരാളെ അറിയിച്ചാല്‍ മതി. പോലീസും ഫയര്‍ഫോഴ്സും അവിടെ പാഞ്ഞെത്തിക്കോളും’ കോട്ടയത്ത് നാട്ടുകാര്‍ക്കിടയിലെ സംസാരമാണിത്. ഈ ഇടപെടല്‍ രീതിയാണ് ഇനി സഹകരണ മേഖലയും കാത്തിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തിലാണ് വാസവന്‍ സഹകരണ മന്ത്രിയായി ചുമതലയേല്‍ക്കുന്നത് എന്നത് കൂടി ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
പാമ്പാടി ക്ഷീരസഹകരണത്തിന്റെ ബോര്‍ഡ് അംഗമായിരുന്നു വാസവന്‍. പിന്നീട് ഏറെക്കാലം കോട്ടയം ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റായി. സഹകരണ മേഖലയില്‍ റബ്ബര്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ക്കും ഫര്‍ണീച്ചര്‍ നിര്‍മ്മാണത്തിലേക്കും സംരംഭങ്ങള്‍ തുടങ്ങുകയെന്ന ആദ്യ ചുവടുവെപ്പ് നടത്തിയ റബ്കോയുടെ രൂപവത്കരണത്തില്‍ തുടക്കമുതല്‍ നേതൃത്വം നല്‍കിയവരില്‍ വാസവനുമുണ്ടായിരുന്നു.
ഇ.നാരായണന്‍ എന്ന മികച്ച സഹകാരിക്കൊപ്പം തുടക്കം മുതല്‍ റബ്കോ ഡയറക്ടര്‍ ബോര്‍ഡില്‍ വാസവന്‍ അംഗമായിരുന്നു. പിന്നീട് വൈസ് ചെയര്‍മാനായി. നാരായണന്റെ വിയോഗത്തോടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. കോട്ടയം പാമ്പാടിയിലെ കിടക്ക നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയതും വളര്‍ത്തിയതും വാസവന്റെ മിടുക്കുകൊണ്ടാണ്. മാര്‍ക്കറ്റിങ് തന്ത്രവും വിപണരീതിക്ക് പുതിയ കാഴ്ചപ്പാടും അദ്ദേഹം കൊണ്ടുവന്നു.
ജന്മനാടായ കോട്ടയം മറ്റക്കരയിലെ ജ്ഞാനപ്രബോധിനി എന്ന വായനശാലയാണ് വാസവന്റെ വാക്കുകള്‍ക്ക് മൂര്‍ച്ചയും തിളക്കവും കൂട്ടിയത്. ചരിത്രവും കവിതയും സഞ്ചാരസാഹിത്യവും ഇഷ്ടപ്പെടുന്ന അദ്ദേഹം ഏതു കാര്യത്തെക്കുറിച്ചും പഠിച്ചുപറയുക എന്ന രീതിയാണ് സ്വീകരിച്ചത്. അതിനൊപ്പം ജീവിതാനുഭവവും സംഘടനാപാടവവും മികച്ച നേതാവിനെയും തീര്‍ത്തു. ഇനി അദ്ദേഹത്തിലൂടെ സഹകരണ വകുപ്പിന് ഏറെ മുന്നോട്ടുപോകാനാകുമെന്ന് പ്രതീക്ഷിക്കാം. ആശംസകളും നേരാം.