പരിശീലനം പൂര്‍ത്തിയാകുന്നു; സഹകരണ ടീം ഓഡിറ്റിന് ഘടനയായി
സഹകരണ സംഘങ്ങളില്‍ ടീം ഓഡിറ്റ് നടത്തുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് വേഗത്തിലാക്കി. നിലവില്‍ പത്തനംതിട്ട ജില്ലയിലാണ് പൈലറ്റ് പ്രൊജക്ട് എന്ന രീതിയില്‍ ടീം ഓഡിറ്റ് നടപ്പാക്കിയത്. രണ്ടാം ഘട്ടത്തില്‍ തൃശൂര്‍ ജില്ലയില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ടീം ഓഡിറ്റിലേക്ക് മാറാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഇതിനായി സഹകരണ ഓഡിറ്റര്‍മാര്‍ക്കുള്ള പരിശീലനം നടക്കുകയാണ്. ഓഡിറ്റ് ടീമിന്റെ ഘടനയും നിശ്ചയിച്ചു.
തിരുവനന്തപുരം അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഓഡിറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. ഒക്ടോബറില്‍ തുടങ്ങി ഘട്ടം ഘട്ടമായാണ് പരിശീലനം നല്‍കുന്നത്. ഇതുവരെ 11 ജില്ലകളിലെ ഓഡിറ്റര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. ഡിസംബറോടെ എല്ലാവരുടെയും പരിശീലനം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന മൂലധനം അല്ലെങ്കില്‍ ആകെ വരുമാനം കണക്കാക്കി ഒരു ടീമില്‍ മൂന്ന് ഓഡിറ്റര്‍മാര്‍ എന്ന തരത്തിലാണ് ഓഡിറ്റ് സംഘത്തെ ക്രമീകരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ടീം, അസിസ്റ്റന്റ് ഡയറക്ടര്‍ ടീം, സ്പെഷ്യല്‍ ഗ്രേഡ് സീനിയര്‍ ഓഡിറ്റര്‍ എന്നിങ്ങനെയാണ് ടീം ഓഡിറ്റ് പൈലറ്റ് പദ്ധതിയ്ക്കായി ടീമിന്റെ ഘടന തീരുമാനിച്ചിരിക്കുന്നത്. വസ്തു ഈടുകളുടെ സാംപിള്‍ തെരഞ്ഞെടുത്ത് നേരിട്ട് പരിശോധന നടത്തുവാന്‍ ആഡിറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
സഹകരണ സംഘങ്ങളിലെ ഓഡിറ്റ് കാര്യക്ഷമമവും കുറ്റമറ്റതുമാക്കുകയാണ് ടീം ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ പറഞ്ഞു. സഹകരണ വകുപ്പ് ഓഡിറ്റ് ആധുനികവത്കരണത്തിന്റെ ഭാഗമായി സിഡിറ്റ് മുഖേന നടപ്പിലാക്കിയിട്ടുള്ള ഇന്റഗ്രേറ്റഡ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് സിസ്റ്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹകരണ ഓഡിറ്റ് മോണിറ്ററിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി. അനഭലഷണീയപ്രവണതകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം അപ്പകസ് സംഘങ്ങളിലെ ഓഡിറ്റ് രീതിയും പരിഷ്‌കരിക്കുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റാണ് പ്രധാനമായും അപ്പക്‌സ് സ്ഥാപനങ്ങളില്‍ നടത്തുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള പ്രത്യേകമാതൃക ഓഡിറ്റ് ഡയറക്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ മാതൃക സര്‍ക്കാര്‍ അംഗീകരിച്ചു. കേരള സംസ്ഥാന ലേബര്‍ ഫെഡറേഷന്‍, സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ ഫെഡറേഷന്‍, സംസ്ഥാന കൈത്തറി നെയ്തു സഹകരണ സംഘം എന്നിവയുടെ ഓഡിറ്റ് മാതൃക സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കി.