നൂറു ദിന കര്‍മപരിപാടിയുടെ ചുമതല അഡീ. രജിസ്ട്രാര്‍ ബിനോയ് കുമാറിന്
മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറു ദിന കര്‍മപരിപാടികളില്‍ സഹകരണ വകുപ്പിലെ പ്രവര്‍ത്തനം ഏകോപിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതിനും സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചു. അഡീഷണല്‍ രജിസ്ട്രാര്‍ ബിനോയ് കുമാറിനാണ് ചുമതല.
നൂറു ദിന കര്‍മപരിപാടിയുടെ മൂന്നാംഘട്ടത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് സഹകരണ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. സംരംഭകത്വ വായ്പയിലൂടെ 10,000 തൊഴിലവസരം സൃഷ്ടിക്കാനാണ് തീരുമാനം. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, അപ്പക്സ് സഹകരണ ഫെഡറേഷനുകള്‍, കേരള ബാങ്ക്, മറ്റ് സംഘങ്ങള്‍ എന്നിവയിലൂടെ തൊഴിലധിഷ്ഠിത സംരംഭങ്ങള്‍ക്കു വായ്പ ഉറപ്പാക്കുകയാണ് ലക്ഷ്യം.
നൂറു ദിന കര്‍മപരിപാടിയുടെ രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ച ചില പദ്ധതികള്‍ സഹകരണ വകുപ്പിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഘങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിയവ മാത്രമാണ് വിജയിച്ചത്. 960 കോ-ഓപ് മാര്‍ട്ടുകള്‍ തുടങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് നടപ്പാക്കാനായില്ല. തുടക്കത്തില്‍ നാല് കോ-ഓപ് മാര്‍ട്ടുകള്‍ വിവിധ സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ തുടങ്ങി എന്നത് മാത്രമാണ് നടന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അതേരീയിലാണ് കോ-ഓപ് മാര്‍ട്ട് പദ്ധതി തയ്യാറാക്കിയത്. മാര്‍ക്കറ്റിങ് സഹകരണ സംഘത്തിലൂടെ നടപ്പാക്കാനായിരുന്നു തീരുമാനം. ഇത് ഉദ്യോഗസ്ഥതലത്തില്‍ അട്ടിമറിച്ചതാണ് പദ്ധതി പാളിപ്പോകാന്‍ കാരണം. കോ-ഓപ് മാര്‍ട്ട് പദ്ധതി നാലായി വിഭജിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചതോടെയാണ് എങ്ങുമെത്താതായത്.
ഇതേ രീതി മൂന്നാംഘട്ട കര്‍മപരിപാടിക്കും സംഭവിക്കാതിരിക്കാനാണ് മേല്‍നോട്ടത്തിന് പ്രത്യേക ഉദ്യോഗസ്ഥന് ചുമതല നല്‍കിയത്. സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിലൂടെയാണ് ബിനോയ് കുമാറിന് ചുമതല നല്‍കിയത്. സഹകരണ സംഘങ്ങള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാരെ രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നൂറുദിന കര്‍മപരിപാടി സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം അഡീഷണല്‍ രജിസ്ട്രാര്‍ക്ക് ( ക്രെഡിറ്റ് ) നല്‍കിയിരുന്നു. നിലവില്‍ ഈ സ്ഥാനത്താണ് ബിനോയ് കുമാര്‍. എന്നാല്‍, സര്‍ക്കാര്‍തീരുമാനം എന്ന നിലയിലാണ് പ്രത്യേക ഉത്തരവിലൂടെ ഈ ചുമതല അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ നല്‍കിയത്.
[mbzshare]