നിയമസഭയില്‍ സഹകരണ കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു
നിയമസഭാ നടപടികളില്‍ സഹകരണ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് മേല്‍നോട്ടം വഹിക്കുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനും പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു. സഹകരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി പി.എസ്. രാജേഷിനെയാണ് സ്പെഷല്‍ ഓഫീസറാക്കിയത്. ഏഴാം സമ്മേളന കാലത്തേക്ക് മാത്രമാണ് നിയമനം.
ഡിസംബര്‍ 13വരെയാണ് നിലവില്‍ ഏഴാം സഭാ സമ്മേളനം ചേരാന്‍ കാര്യോപദേശ സമിതി തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, അതിന് ശേഷം സഭ പിരിച്ചുവിടാന്‍ ഇടയില്ല. ഒരുപക്ഷെ, ബജറ്റുവരെ ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായി ചേര്‍ന്നേക്കും. ജനവരിയില്‍ ബജറ്റ് അവതരിപ്പിക്കാനാണ് നിലവിലെ ധാരണ. അതിനുള്ള ഒരുക്കങ്ങളെല്ലാം നടക്കുന്നുണ്ട്. ഈ സമ്മേളനം പിരിച്ചുവിടാതെ ബജറ്റുവരെ നീട്ടിയാല്‍, ഗവര്‍ണറുടെ നയപ്രഖ്യാപനം ഉണ്ടാവില്ല.
ഓരോ വകുപ്പിന്റെയും ചര്‍ച്ചകള്‍ സഭയില്‍ നടക്കുമ്പോള്‍ അതത് വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം സഭാഗ്യാലറിയിലുണ്ടാകും. മന്ത്രിമാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറുക, സഭയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച് രേഖപ്പെടുത്തുക, ഇതില്‍ മന്ത്രി നല്കുന്ന മറുപടിക്ക് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുക, പരാതികളില്‍ പരിശോധന നടത്തുക എന്നിവയെല്ലാമാണ് ഈ ഉദ്യോഗസ്ഥരുടെ ചുമതല. സഹകരണ വകുപ്പിനെ സംബന്ധിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് സ്പെഷല്‍ ഓഫീസറുടെ ചുമതല.
സഹകരണ മന്ത്രി വി.എന്‍.വാസവന്റെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് ഇത്തരമാരാവശ്യം മുന്നോട്ടുവെച്ചത്. നവംബര്‍ 25ന് അദ്ദേഹം ഇത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സഭാ സമ്മേളനകാലത്തുതന്നെ സ്പെഷല്‍ ഓഫീസറെ നിയോഗിച്ച് ഉത്തരവിറിക്കിയത്. ജോയിന്റ് സെക്രട്ടറി പി.കെ.ഗോപകുമാറിന്റേതാണ് ഉത്തരവ്.