നാഫെഡും എൻ.സി.സി.എഫും ഭാരത് അരി വിപണിയിലെത്തിക്കും
സഹകരണ സ്ഥാപനങ്ങളായ നാഫെഡും (നാഷണൽ അഗ്രിക്കൾച്ചറൽ കോ – ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) എൻ.സി.സി.എഫും (നാഷണൽ കോ- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ) സബ്സിഡി നിരക്കിൽ കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരി വിപണിയിലെത്തിക്കും. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആദ്യഘട്ടത്തിൽ അഞ്ചു ലക്ഷം ടൺ അരിയാണ് ഈ സഹകരണസ്ഥാപനങ്ങൾക്കും കേന്ദ്രീയഭണ്ഡാറിനും വിതരണത്തിനായി അനുവദിക്കുക. ഒരു കിലോ ഭാരത് അരിക്ക് 29 രൂപയാണ് വില. 5 കിലോ , 10 കിലോ പാക്കറ്റിൽ കിട്ടും.
അരിയുടെ ചില്ലറ വിൽപ്പനയ്ക്കായി പുറപ്പെട്ട 100 മൊബൈൽവാനുകളെ ചൊവ്വാഴ്ച ഡൽഹിയിൽ കേന്ദ്ര ഭക്ഷ്യ – ഉപഭോക്തൃ കാര്യമന്ത്രി പിയൂഷ് ഗോയൽയാത്രയാക്കി. ഇ കോമേഴ്സ് പ്ലാറ്റ് ഫോമിലും ഭാരത് അരി വാങ്ങാം. ഇപ്പോൾ ചില്ലറ വിൽപ്പനക്കായി 8000- 9000 കേന്ദ്രങ്ങളാണുള്ളത്. ഇത് 18,000 കേന്ദ്രങ്ങളാക്കും. സബ്സിഡി നിരക്കിലുള്ള ഭാരത് ദാളും ആട്ടയും ഇപ്പോൾ വിപണിയിലുണ്ട്.