ധാന്യ ബാങ്കും കെട്ടുതെങ്ങും അധ:സ്ഥിതരുടെ സംഘങ്ങളും
തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി റിപ്പോര്‍ട്ട് – 03
– ടി. സുരേഷ് ബാബു
(2021 ജൂണ്‍ ലക്കം)
1920 – 30 കളില്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ധാന്യ ബാങ്ക്, കെട്ടുതെങ്ങ് തുടങ്ങിയ സമ്പ്രദായങ്ങളെപ്പറ്റി തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി തങ്ങളുടെ റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. അധ:സ്ഥിതരുടെ ഉന്നമനത്തിനായി രൂപം കൊണ്ടിരുന്ന സഹകരണ സംഘങ്ങളുടെ പരാജയത്തെക്കുറിച്ചും സമിതി വിശകലനം നടത്തുന്നുണ്ട്.
ബ്രിട്ടീഷിന്ത്യന്‍ പ്രവിശ്യകളിലും സംസ്ഥാനങ്ങളിലും 1920 കളില്‍ ധാന്യ ബാങ്കുകള്‍ നിലനിന്നിരുന്നു. തിരുവിതാംകൂറിലും ഇത്തരം ബാങ്കുകളുണ്ടായിരുന്നതായി ജി.കെ. ദേവധാര്‍ അധ്യക്ഷനായി തിരുവിതാംകൂറില്‍ രൂപവത്കരിച്ച സഹകരണാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാക്കാം. ( 1935 ലാണു അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ). 1933 ല്‍ ആറു ധാന്യ ബാങ്കുകളാണു തിരുവിതാംകൂറിലുണ്ടായിരുന്നത്. സാധാരണ വായ്പാ സംഘങ്ങളില്‍ നിന്നു വ്യത്യസ്തമായിരുന്നു ഇവ. പ്രവര്‍ത്തന മൂലധനമായി പണവും ധാന്യവുമാണു ഇത്തരം ബാങ്കുകളില്‍ കരുതിവെച്ചിരുന്നത്. ആ നിലയ്ക്കു ഇവയെ പൂര്‍ണമായും ധാന്യ ബാങ്കുകള്‍ എന്നു വിളിക്കാനും നിവൃത്തിയില്ലെന്നു സമിതി വിലയിരുത്തുന്നു.
ധാന്യ ബാങ്കുകള്‍ തിരുവിതാംകൂറില്‍ തുടങ്ങിയത് 1924 ലാണ്. ആദ്യത്തെ ധാന്യ ബാങ്കില്‍ 18 അംഗങ്ങളേയുണ്ടായിരുന്നുള്ളു. ഏഴു കൊല്ലത്തിനുള്ളില്‍ ഇവയുടെ എണ്ണം ആറായി. 1933 ല്‍ ഇവയിലെല്ലാംകൂടി 630 അംഗങ്ങളുണ്ടായിരുന്നു. ഓഹരി മൂലധനമായി 4455 രൂപയും 2572 പറ നെല്ലും ഇവയിലെല്ലാംകൂടി ഉണ്ടായിരുന്നു. പ്രവര്‍ത്തന മൂലധനമായുണ്ടായിരുന്നത് 9959 രൂപയും 2777 പറ നെല്ലുമായിരുന്നു. മറ്റു വായ്പാ സംഘങ്ങള്‍ പോലെ ധാന്യ ബാങ്കുകളുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ല. ഇവയ്ക്കു വ്യാപകമായ പ്രചാരവും അക്കാലത്തുണ്ടായിരുന്നില്ല. കടമായി വാങ്ങാന്‍ നെല്ലിനേക്കാള്‍ സൗകര്യം പണം തന്നെയാണെന്ന തിരിച്ചറിവാകാം ധാന്യ ബാങ്കുകളുടെ ക്ഷയത്തിനു കാരണം എന്നു സമിതി വിലയിരുത്തുന്നു.
വിവിധോദ്ദേശ്യ സംഘങ്ങള്‍
ആദ്യകാലത്തു ചില വായ്‌പേതര കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഒരേ സമയം വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ഒടുവില്‍ പി•-ാറേണ്ടിവന്ന സംഭവങ്ങള്‍ സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. വിവിധോദ്ദേശ്യങ്ങള്‍ക്കു പല സംഘങ്ങള്‍ രൂപവത്കരിക്കുന്നതിനു പകരം ഒരു സംഘം തന്നെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുക എന്ന സാഹസത്തിനാണു ഇത്തരം സംഘങ്ങള്‍ അക്കാലത്തു മുതിര്‍ന്നത്. ഇവയുടെ പ്രവര്‍ത്തനം തുടക്കത്തില്‍ ജനങ്ങള്‍ക്കു പ്രയോജനപ്പെട്ടെങ്കിലും അധികം വൈകാതെ അവ അസ്തമിക്കുകയാണുണ്ടായത്. ഇതിനുള്ള കാരണങ്ങളെപ്പറ്റി സഹകരണ സംഘം രജിസ്ട്രാര്‍ വിശദമായി അന്വേഷിക്കേണ്ടതാണെന്നു സമിതി അഭിപ്രായപ്പെടുന്നു.
ഉല്‍പ്പാദനം, വാങ്ങല്‍, വില്‍പ്പന എന്നിവയെല്ലാം ഒരുമിച്ചു നടത്താന്‍ ശ്രമിച്ച കൃഷ്ണപുരം ലക്ഷ്മീവിലാസം സഹകരണ സംഘത്തിന്റെ ഉദാഹരണം സമിതി എടുത്തുകാട്ടുന്നു. 1916 ലാണു ഈ സംഘം രജിസ്റ്റര്‍ ചെയ്തത്. സംഘാംഗങ്ങളില്‍ നിന്നു തേങ്ങ സംഭരിച്ചു കൊപ്രയാക്കി ആലപ്പുഴയില്‍ വില്‍ക്കുകയാണു സംഘം ആദ്യം ചെയ്തത്. അതോടൊപ്പം കയറുണ്ടാക്കാനും തുടങ്ങി. ഒന്നാം ലോകയുദ്ധ കാലമാണ്. കൊപ്രയുടെയും കയറിന്റെയും ഡിമാന്റ് കുത്തനെ ഇടിഞ്ഞതോടെ സംഘത്തിനു കനത്ത നഷ്ടം നേരിട്ടു.
യുദ്ധകാലത്തു ഭക്ഷ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും ചില സഹകരണ സംഘങ്ങളുടെ വയറ്റത്തടിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചുമതല ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തന്നെയാണു സംഘങ്ങളെ പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും. തിരുവിതാംകൂറില്‍ 52 സഹകരണ സംഘങ്ങള്‍ ഇങ്ങനെ വിതരണച്ചുമതല ഏറ്റെടുത്തു. യുദ്ധം കെട്ടടങ്ങി കാര്യങ്ങള്‍ സാധാരണ നിലയിലെത്തിയപ്പോള്‍ സംഘങ്ങളുടെ സേവനം ആവശ്യമില്ലാതായി. വില്‍പ്പന പ്രതീക്ഷിച്ച് ശേഖരിച്ച ഭക്ഷ്യധാന്യങ്ങള്‍ പല സംഘങ്ങള്‍ക്കും വിറ്റഴിക്കാന്‍ കഴിയാത്തതാവണം നഷ്ടത്തില്‍ കലാശിക്കാന്‍ കാരണമായത്. എന്നാല്‍, തൃക്കടവൂരിലെ സഹകരണ സംഘത്തിന്റെ അനുഭവം മറിച്ചായിരുന്നു. ഒരുപക്ഷേ, ഗ്രാമപ്രദേശത്തായിരുന്നതിനാലാവാം ഈ സംഘത്തിന്റെ വില്‍പ്പന അര ലക്ഷം രൂപ കടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നിന്നു സംഘത്തിനുണ്ടായ ലാഭമെത്ര എന്നതൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ചില സംഘങ്ങള്‍ ചെയ്തതുപോലെ സാധനങ്ങള്‍ വാങ്ങുന്നതിനു ഇന്റന്റു രീതി നടപ്പാക്കിയാല്‍ ഗ്രാമങ്ങളിലെ സംഘങ്ങള്‍ക്കും വിജയിക്കാനാവുമെന്നു സമിതി അഭിപ്രായപ്പെടുന്നു.
വിളകള്‍ക്കു ലോണാവാം
ബ്രിട്ടീഷിന്ത്യന്‍ പ്രവിശ്യകളിലും ചില സംസ്ഥാനങ്ങളിലുമുള്ളതുപോലെ തിരുവിതാംകൂറിലും കൊയ്‌തെടുത്ത വിളകള്‍ക്കു വായ്പ നല്‍കാമെന്നു സഹകരണാന്വേഷണ സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. നല്ലൊരു വില കിട്ടുന്നതുവരെ തങ്ങളുടെ ഉല്‍പ്പന്നം അടച്ചുറപ്പുള്ള കെട്ടിടത്തില്‍ സൂക്ഷിക്കാന്‍ കര്‍ഷകരെ സഹായിക്കാനുള്ളതാണു വിളവായ്പ. ഈ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി വെക്കണമെന്നും ഉല്‍പ്പന്നത്തിന്റെ വിപണിവിലയുടെ 60 – 70 ശതമാനത്തിലധികം ഒരു കാരണവശാലും വായ്പയായി നല്‍കരുതെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. വിപണിയില്‍ അഥവാ വില കുത്തനെ ഇടിഞ്ഞാല്‍ നഷ്ടം കര്‍ഷകരില്‍ നിന്ന് ഈടാക്കാന്‍ ബൈലോവില്‍ വ്യവസ്ഥയുണ്ടാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
തിരുവിതാംകൂറില്‍ അക്കാലത്തു സഹകരണ സംഘങ്ങള്‍ തുടങ്ങാനുള്ള ആവേശം പിന്നീട് അവ നിലനിര്‍ത്തുന്ന കാര്യത്തില്‍ ഉണ്ടാവുന്നില്ലെന്നു സമിതിയുടെ റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാക്കാം. പ്രവര്‍ത്തനം നിലച്ചുപോകുന്ന സംഘങ്ങളുടെ എണ്ണം കൊല്ലംതോറും വര്‍ധിച്ചുവരികയായിരുന്നു. 1933 ന്റെ അവസാനത്തില്‍ ഇങ്ങനെ നിലച്ചുപോയ സംഘങ്ങളുടെ എണ്ണം 599 ആയിരുന്നു. നന്നായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കു ഇത്തരം ചത്ത സംഘങ്ങള്‍ ഒരു ഭീഷണിയാണെന്നാണു സമിതിയുടെ അഭിപ്രായം. മുന്നറിയിപ്പു കൊടുത്ത് രണ്ടു കൊല്ലത്തിനുള്ളില്‍ പുനരുജ്ജീവിപ്പിക്കുന്നില്ലെങ്കില്‍ അത്തരം സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണു സമിതി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യുന്നത്.
കെട്ടുതെങ്ങ് എന്ന സമ്പ്രദായം
കെട്ടുതെങ്ങ് എന്ന രസകരമായ ഒരു സമ്പ്രദായത്തെപ്പറ്റി ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അക്കാലത്തു വൈക്കം, ചേര്‍ത്തല, പരവൂര്‍ താലൂക്കുകളിലാണു ചില സഹകരണ സംഘങ്ങള്‍ കെട്ടുതെങ്ങില്‍ ഏര്‍പ്പെട്ടിരുന്നത്. സംഘാംഗങ്ങളുടെ തെങ്ങുകള്‍ ഏറ്റെടുത്തു അതിലെ തേങ്ങ പറിച്ച് വിറ്റുകിട്ടുന്ന പണം വായ്പയിലേക്കു വരവു വെക്കുന്നതാണു കെട്ടുതെങ്ങ് രീതി. വായ്പയെടുക്കാത്ത അംഗങ്ങളുടെ തെങ്ങിന്റെ മേല്‍നോട്ടവും സംഘം നിര്‍വഹിക്കുമായിരുന്നു. എന്നിട്ട് തേങ്ങപ്പണം മുഴുവന്‍ നിക്ഷേപമായി അവരുടെ കണക്കില്‍ വരവു വെക്കും. ഒരുപാട് അംഗങ്ങള്‍ ഇങ്ങനെ കെട്ടുതെങ്ങ് രീതി അവലംബിച്ച് തങ്ങളുടെ വായ്പ അടച്ചു തീര്‍ത്തിട്ടുണ്ട്. ഇതു അനുകരിക്കാവുന്ന സമ്പ്രദായമാണെന്നു സമിതി അഭിപ്രായപ്പെടുന്നു. പറ്റുമെങ്കില്‍ മറ്റിടങ്ങളിലെ സംഘങ്ങള്‍ക്കും ഈ രീതി പിന്തുടരാവുന്നതാണെന്നു സമിതി പറയുന്നു.
സ്വന്തം കെട്ടിടം അഭിമാനകരം
ചെറുതും വലുതുമായ സ്വന്തം കെട്ടിടങ്ങളുണ്ടാക്കാന്‍ അക്കാലത്തെ പല സംഘങ്ങളും ശ്രമിച്ചിരുന്നു എന്നു റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാക്കാം. സ്വന്തം കെട്ടിടം ഒരു അന്തസ്സായാണു അംഗങ്ങള്‍ കണ്ടിരുന്നത്. അന്വേഷണ സമിതി അംഗങ്ങളുടെ പര്യടനവേളയില്‍ ഇത്തരത്തില്‍പ്പെട്ട സംഘങ്ങൡ പോവുകയുണ്ടായി. ചെറിയ ഗ്രാമങ്ങളില്‍പ്പോലും സംഘങ്ങള്‍ക്കു സ്വന്തം കെട്ടിടമുണ്ടായിരുന്നു. പല സംഘങ്ങളും ഈ കെട്ടിടത്തില്‍ ലൈബ്രറികള്‍ക്കും വായനശാലകള്‍ക്കും സ്ഥലം കൊടുത്തിരുന്നു. ചില സംഘങ്ങള്‍ നിശാപാഠശാലകളും ഇവിടെ നടത്തിയിരുന്നു. കാര്യം നല്ലതുതന്നെ. പക്ഷേ, സംഘത്തിന്റെ പൊതു ഫണ്ടെടുത്തു കെട്ടിടം കെട്ടുന്നതിനോടു അന്വേഷണ സമിതി യോജിച്ചിരുന്നില്ല. റിസര്‍വ് ഫണ്ടില്‍ നിന്നു അമ്പതു ശതമാനത്തില്‍ കൂടാത്ത ഒരു തുകയെടുത്തു കെട്ടിടം വെക്കുന്നതിനു രജിസ്ട്രാര്‍ക്കു അനുമതി നല്‍കാവുന്നതാണ്. ഇതിനും ചില വ്യവസ്ഥകള്‍ പാലിക്കണം. റിസര്‍വ് ഫണ്ടിലെ തുക പ്രവര്‍ത്തന മൂലധനത്തിന്റെ പത്തു ശതമാനത്തില്‍ കുറയാന്‍ പാടില്ല എന്നതാണു ആദ്യത്തെ വ്യവസ്ഥ. കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുകയുടെ അമ്പതു ശതമാനത്തില്‍ക്കൂടുതള്‍ റിസര്‍വ് ഫണ്ടില്‍ നിന്നുപയോഗിക്കരുത് എന്നതു രണ്ടാമത്തെ വ്യവസ്ഥ. ബാക്കി വരുന്ന തുക സംഭാവന വഴിയോ തുടക്കം മുതല്‍ക്കേ കരുതിവെക്കുന്ന ബില്‍ഡിങ് ഫണ്ടില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ കണ്ടെത്തിക്കോളണം. കടമെടുത്തു കെട്ടിടം കെട്ടരുത്. അതനുവദിക്കില്ല.
അധ:സ്ഥിതരുടെ സംഘങ്ങള്‍
അക്കാലത്തു സമുദായങ്ങള്‍ ചേരിതിരിഞ്ഞു സഹകരണ സംഘങ്ങളുണ്ടാക്കുന്നതു പതിവായിരുന്നു. സ്വസമുദായാംഗങ്ങളുടെ അഭിവൃദ്ധിയായിരുന്നു ഇത്തരം സംഘങ്ങളുടെ ലക്ഷ്യം. ചില സംഘങ്ങളില്‍ മറ്റു സമുദായക്കാരെയും അംഗങ്ങളായി ചേര്‍ത്തിരുന്നു. എന്നാലും, ബഹുഭൂരിപക്ഷവും ഒരു സമുദായത്തില്‍പ്പെട്ടവരായിരിക്കും.
1933 ല്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ള അധ:സ്ഥിത വിഭാഗക്കാരുടെ 191 സഹകരണ സംഘങ്ങള്‍ തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്നതായി സഹകരണാന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 102 എണ്ണം ചേരമര്‍ സമുദായത്തിന്റേതായിരുന്നു. സാംബവരുടെയും അരയ•ാരുടെയും 23 സംഘങ്ങള്‍ വീതമുണ്ടായിരുന്നു. വല സമുദായക്കാര്‍ക്കു 43 സംഘങ്ങളുണ്ടായിരുന്നു.
അധ:സ്ഥിത വിഭാഗക്കാരുടെ ആദ്യത്തെ സംഘം രജിസ്റ്റര്‍ ചെയ്തത് 1916 ലാണ്. തൊട്ടടുത്തുള്ള ഭൂപ്രഭുക്കളുടെ പുഞ്ച ഭൂമി പാട്ടത്തിനെടുത്തു കൂട്ടായി കൃഷി ചെയ്യുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ഉദ്ദേശ്യം. ധനാഢ്യനും മനുഷ്യസ്‌നേഹിയുമായ ഒരു ഈഴവ പ്രമാണിയായിരുന്നു ഈ സംഘത്തിന്റെ പ്രസിഡന്റ്. സംഘാംഗങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രമാണി സംഘത്തില്‍ ചേര്‍ന്നത്. പ്രസിഡന്റിന്റെ ഭൂസ്വത്തു പണയംവെച്ച് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നു സംഘം ആയിരം രൂപ വായ്പയെടുത്തു. കൃഷിയാവശ്യത്തിനു കാളകളെയും കലപ്പയും മറ്റും വാങ്ങാനായിരുന്നു ഈ വായ്പ. ഈ വായ്പയില്‍ നിന്നു ഏതാനും അംഗങ്ങള്‍ക്കു കച്ചവടം തുടങ്ങാന്‍ ചെറിയ വായ്പകളും കൊടുത്തു. കാലക്കേടിനു രണ്ടു വര്‍ഷം തുടര്‍ച്ചയായി നാട്ടില്‍ പ്രളയമായി. കാലികളെല്ലാം വെള്ളപ്പൊക്കത്തില്‍ ചത്തു. അതോടെ, തുടങ്ങിവെച്ച കൃഷിപ്പണിയെല്ലാം വെള്ളത്തിലായി. സംഘത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞു. കച്ചവടത്തിനു വായ്പയെടുത്തവരുടെ കാര്യവും കട്ടപ്പൊകയായി.
ഒമ്പതു വര്‍ഷത്തിനുശേഷം 1925 ല്‍ അധ:സ്ഥിത വിഭാഗക്കാരുടെ സഹകരണ സംഘങ്ങളുടെ എണ്ണം 94 ആയി. പക്ഷേ, ഇവയുടെ പ്രവര്‍ത്തനം ഒട്ടും ആശാവഹമായിരുന്നില്ല. തുടര്‍ന്നു രജിസ്ട്രാര്‍ ചില നിബന്ധനകള്‍ കൊണ്ടുവന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമെടുത്ത സംഘങ്ങള്‍ക്കു രജിസ്ട്രാര്‍ പ്രൊബേഷന്‍ കാലം നിശ്ചയിച്ചു. മൂന്നു മുതല്‍ എട്ടു മാസം വരെയായിരുന്നു പ്രൊബേഷന്‍ കാലാവധി. ഈ കാലത്തു സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു സഹകരണ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കും. ഇക്കാലത്തു തൃപ്തികരമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കേ രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നുള്ളു. ഇത്തരം നിയന്ത്രണങ്ങള്‍ക്കിടയിലും സംഘങ്ങളുടെ എണ്ണം വര്‍ധിച്ചുവന്നു. 1930 ആയപ്പോഴേക്കും 146 സംഘങ്ങളായി. എന്നാല്‍, 1933 ല്‍ എണ്ണം 125 ലേക്കു താണു. എല്ലാറ്റിലും കൂടിയുള്ള അംഗങ്ങളുടെ എണ്ണം 11,052 ആയിരുന്നു.
അധ:സ്ഥിത വിഭാഗക്കാരുടെ സംഘങ്ങളുടെ ശോച്യാവസ്ഥയെപ്പറ്റി സഹകരണാന്വേഷണ സമിതി വിശകലനം ചെയ്തു. കുറച്ചു കാലത്തേക്കു അധ:സ്ഥിതരുടെ വായ്പാ സംഘങ്ങള്‍ക്കു പുതുതായി രജിസ്‌ട്രേഷന്‍ കൊടുക്കരുതെന്നു സമിതി നിര്‍ദേശിച്ചു. നിലവിലുള്ള സംഘങ്ങള്‍ക്കു സഹകരണ വകുപ്പിന്റെ പ്രത്യേക ശ്രദ്ധ കിട്ടണമെന്നും സമിതി നിര്‍ദേശിച്ചു.
എന്തുകൊണ്ട് പരാജയപ്പെടുന്നു ?
അധ:സ്ഥിത വിഭാഗക്കാരുടെ സംഘങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നു എന്ന ചോദ്യത്തിനു അന്വേഷണ സമിതി പറയുന്ന കാരണങ്ങള്‍ ഇവയാണ് : 1. സംഘാംഗങ്ങളില്‍ ഭൂരിപക്ഷവും തീരെ ദരിദ്രരും നിരക്ഷരരുമാണ്. കൂട്ടത്തില്‍ ഭൂമി കൈവശമുള്ളവര്‍ വളരെ കുറവ്. 2. പലര്‍ക്കും നിശ്ചിത വരുമാനമില്ല. കിട്ടുന്ന വരുമാനം തന്നെ ഒന്നിനും തികയുന്നില്ല. ചിലര്‍ കിട്ടുന്നതില്‍ നല്ലൊരു ഭാഗം മദ്യപിച്ചു നശിപ്പിക്കുന്നു 3. സംഘത്തിന്റെ പ്രസിഡന്റോ സെക്രട്ടറിയോ ആയി നിയോഗിക്കാന്‍വേണ്ടി അംഗങ്ങളാക്കുന്ന ഉയര്‍ന്ന ജാതിക്കാരുടെ പ്രവര്‍ത്തനം തീരെ തൃപ്തികരമല്ല. ഇത്തരം സംഘങ്ങളില്‍ ഒന്നുകില്‍ ഇവരുടെ ഒറ്റയാള്‍ പ്രകടനമാണു നടക്കുന്നത്. അല്ലെങ്കില്‍, അവര്‍ പണം തിരിമറി ചെയ്യുന്നു.
ഈയൊരു പ്രശ്‌നത്തിനു സര്‍ക്കാര്‍ തന്നെ ഒരു പരിഹാരം കണ്ടുപിടിച്ചു. അധ:സ്ഥിതരില്‍ നിന്നു തന്നെ കുറെ സെക്രട്ടറിമാരെ കണ്ടെത്തി സംഘങ്ങളില്‍ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമനം. ഇവര്‍ക്കു പ്രതിമാസം പന്ത്രണ്ടു രൂപ ശമ്പളം നല്‍കി. ഓരോരുത്തരും ഏഴു മുതല്‍ പന്ത്രണ്ടു വരെ സംഘങ്ങളില്‍ പ്രവര്‍ത്തിക്കണം. പക്ഷേ, ഈ പരിഷ്‌കാരം കൊണ്ട് ഗുണമൊന്നുമുണ്ടായില്ലെന്നാണു സമിതിയുടെ അഭിപ്രായം. അതുകൊണ്ട് ഇത്തരം സെക്രട്ടറിമാരെ മേലാല്‍ നിയമിക്കരുതെന്നു സമിതി താക്കീതു ചെയ്തു. എന്നാലും, ഇത്തരം സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെക്രട്ടറിമാര്‍ക്കു സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നു സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. മൈസൂര്‍ സര്‍ക്കാര്‍ ചെയ്ത ഒരു കാര്യം സമിതി ചൂണ്ടിക്കാട്ടുന്നു. അധ:സ്ഥിത വിഭാഗക്കാരുടെ സംഘങ്ങളുടെ വികസനത്തിനായി 1932 – 33 ല്‍ മൈസൂര്‍ സര്‍ക്കാര്‍ ആയിരം രൂപ അനുവദിക്കുകയുണ്ടായി. ഇതില്‍ 900 രൂപയും സെക്രട്ടറിമാര്‍ക്കു ബോണസ് നല്‍കാനാണു ഉപയോഗിച്ചിരുന്നത്. രജിസ്ട്രാര്‍ക്കായിരുന്നു ഇതിന്റെ ചുമതല. 43 സംഘങ്ങളിലെ സെക്രട്ടറിമാര്‍ക്കു മൊത്തം 855 രൂപ രജിസ്ട്രാര്‍ വിതരണം ചെയ്തു. ഇതുപോലുള്ള ധനസഹായരീതി തിരുവിതാംകൂറിലും നടപ്പാക്കാമെന്നു സമിതി ശുപാര്‍ശ ചെയ്തു.
( തുടരും )