ജെം പോര്‍ട്ടലില്‍ മൂന്നൂറ് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്റ്റോര്‍സ് പര്‍ച്ചേസ് നടപടികള്‍ക്ക് അത്താണിയായി മാറിയിരിക്കുന്ന ഓണ്‍ലൈന്‍ വിപണിയിലേക്കു സഹകരണ സ്ഥാപനങ്ങള്‍കൂടി എത്തിയതോടെ ജെം വഴിയുള്ള ക്രയവിക്രയങ്ങള്‍ ഗണ്യമായി വര്‍ധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 29 കോടി അംഗങ്ങളുള്ള രാജ്യത്തെ 8.54 ലക്ഷം സഹകരണ സംഘങ്ങള്‍ തുറന്ന വിപണിയില്‍ നിന്നാണു സാധനങ്ങളും സേവനങ്ങളും വാങ്ങുന്നത്. ജെം പോര്‍ട്ടലിന്റെ വരവോടെ ഇതിനു മാറ്റമുണ്ടാവും. മിതവും ന്യായവുമായ വിലയ്ക്കു ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇനി സഹകരണ സംഘങ്ങള്‍ക്കു കഴിയും. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനാണു സഹകരണ സംഘങ്ങള്‍ക്കും ജെം പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.
സഹകരണ സംഘങ്ങളെ ജെം വിപണിയില്‍ വാങ്ങലുകാരായി പ്രവേശിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായാണ്. 100 കോടി രൂപ വിറ്റുവരവും നിക്ഷേപവുമുള്ള സംഘങ്ങളെയാണു തുടക്കത്തില്‍ ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ അനുവദിക്കുക. ആദ്യദിവസംതന്നെ ഇഫ്കോ, ക്രിഭ്കോ, നാഫെഡ്, അമുല്‍, സാരസ്വത് സഹകരണ ബാങ്ക് എന്നിവ ജെം പോര്‍ട്ടലില്‍ പ്രവേശിച്ചു. 25 കോടി രൂപയുടെ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആദ്യദിവസം വിവിധ സംഘങ്ങള്‍ ഓര്‍ഡര്‍ നല്‍കിയതായാണു കരുതുന്നത്.
ആദ്യദിവസം മൂന്നൂറിലധികം സഹകരണ സംഘങ്ങള്‍ ജെം പോര്‍ട്ടലില്‍ പ്രവേശിച്ചതായി കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. ഇതില്‍ 45 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുംപെടും. സാധനങ്ങളുടെയും സേവനങ്ങളുടെയും വില്‍പ്പനക്കാരായും ( സെല്ലേഴ്സ് ) ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അമിത് ഷാ സഹകരണ സംഘങ്ങളോടാവശ്യപ്പെട്ടു. ധാരാളം സര്‍ക്കാര്‍സ്ഥാപനങ്ങള്‍ ജെം പോര്‍ട്ടലില്‍ നിന്നു ഇവ വാങ്ങുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. 50 കോടി രൂപ വിറ്റുവരവുള്ള സംഘങ്ങളെയും അടുത്ത ഘട്ടത്തില്‍ ജെം വിപണിയില്‍ പ്രവേശിപ്പിക്കും – അമിത് ഷാ പറഞ്ഞു.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 61,851 സര്‍ക്കാര്‍ ബയേഴ്സും 48.75 ലക്ഷം സെല്ലേഴ്സും സേവനദാതാക്കളും ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10,000 ഉല്‍പ്പന്നങ്ങളും 288 തരം സേവനങ്ങളും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സഹകരണ മേഖലയ്ക്കും ജെം പോര്‍ട്ടലില്‍ പ്രവേശനം ലഭിച്ചതോടെ എട്ടു ലക്ഷം പുതിയ ബയേഴ്സ് കൂടിയുണ്ടാവുമെന്നു കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.
