ഗ്രാമീണ കാര്‍ഷിക മേഖലയിലെ താരമായി ടാഡ്‌കോസ്
(2020 ജൂലായ് ലക്കം)
യു.പി. അബ്ദുള്‍ മജീദ്
കൃഷിയും അനുബന്ധ മേഖലകളും കൂട്ടിയിണക്കി കൃഷിക്കാര്‍ക്ക് എല്ലാ തലത്തിലും പ്രയോജനപ്പെടുന്ന പരീക്ഷണമാണ് തിരുവമ്പാടി അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് കോ-ഒാപ്പറേറ്റീവ് സൊസൈറ്റി എന്ന ടാഡ്‌കോസ് നടത്തുന്നത്.
അ ടച്ചിടല്‍ ( ലോക്ഡൗണ്‍ ) കാലത്ത് മലയാളികളുടെ തിരിച്ചറിവിന്റെ ഗുണം ഏറ്റവും ലഭിച്ചത് കാര്‍ഷിക മേഖലക്കാണ്. അരിക്കും പച്ചക്കറികള്‍ക്കുമൊക്കെ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചാല്‍ നമ്മുടെ അടുപ്പ് പുകയില്ലെന്ന ബോധ്യം കാര്‍ഷിക മേഖലയിലുണ്ടാക്കിയ ചലനം ചെറുതല്ല. ആയിരക്കണക്കിനാളുകള്‍ പുതുതായി കാര്‍ഷിക മേഖലയിലേക്ക് ചുവടു വെച്ചപ്പോള്‍ കൃഷിയും അനുബന്ധ മേഖലകളും ഉണര്‍ന്നു കഴിഞ്ഞു. വിത്തും വളവും ഉപകരണങ്ങളും വിപണിയും അന്വേഷിച്ച് പുതുകര്‍ഷകരുടെ നെട്ടോട്ടം ഗ്രാമങ്ങളില്‍ പതിവുകാഴ്ചയായി. സ്വന്തം വീട്ടുവളപ്പില്‍ എന്തെങ്കിലും ഉല്‍പാദിപ്പിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയും അവസരത്തിനൊത്ത് ഉയര്‍ന്ന് കൃഷി വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളും ഗ്രാമീണ സാമ്പത്തികരംഗത്ത് പ്രതീക്ഷക്ക് വക നല്‍കുന്നു. ചട്ടികളിലും ഗ്രോബാഗുകളിലും മാത്രമല്ല ഏക്കര്‍ കണക്കിനു തരിശുനിലങ്ങളിലും ആഹാരത്തിനുള്ള സാധനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയത് കാര്‍ഷികോല്‍പ്പാദനരംഗത്ത് സ്വയം പര്യാപ്തതയുടെ വഴിതുറക്കുന്നതാണ്. കൃഷിയോടും കര്‍ഷകരോടും മുഖം തിരിച്ചു നിന്നവരുടെ മനംമാറ്റം മുതലെടുത്ത് മുന്നേറ്റത്തിന് ഊര്‍ജം പകരാന്‍ നേതൃത്വം നല്‍കേണ്ടത് സഹകരണ സ്ഥാപനങ്ങളാണ്. കാര്‍ഷിക വായ്പ നല്‍കുകയും വളം ഡിപ്പോ നടത്തുകയും ചെയ്താല്‍ കാര്‍ഷിക മേഖലയിലെ തങ്ങളുടെ ചുമതല പൂര്‍ത്തിയായെന്ന് കരുതുന്ന കാര്‍ഷിക വികസന സഹകരണ സംഘങ്ങളും വന്‍കിട സഹകരണ ബാങ്കുകളും ഏറെയുള്ള പ്രദേശത്ത് കൃഷിയും അനുബന്ധ മേഖലകളും കൂട്ടിയിണക്കി കൃഷിക്കാര്‍ക്ക് എല്ലാ തലത്തിലും പ്രയോജനം ലഭിക്കുന്ന പരീക്ഷണം നടത്തുകയാണ് ഠഅഉഇഛട എന്നറിയപ്പെടുന്ന തിരുവമ്പാടി അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. കോഴിക്കോട ്- മുക്കം റോഡില്‍ മാമ്പറ്റയില്‍ സംഘം ആരംഭിച്ച കൃഷികേന്ദ്രം ഗ്രാമീണ കാര്‍ഷിക മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം കൂടിയാണ്. കാര്‍ഷിക നഴ്‌സറി, അലങ്കാരച്ചെടി നഴ്‌സറി, ജൈവ കാര്‍ഷിക വിപണി, കാര്‍ഷികോപകരണ വിപണി, ജൈവ മത്സ്യ ഉല്‍പാദന കേന്ദ്രം, അലങ്കാരമത്സ്യ വിപണി, മണ്‍പാത്ര വിപണി, കൃഷി പരിശീലന കേന്ദ്രം തുടങ്ങി നാട്ടു ചന്തയും വിത്തു ബാങ്കും ലേബര്‍ ബാങ്കുമൊക്കെ കൃഷികേന്ദ്രത്തിന്റെ ഭാഗമാണ്.
ബാങ്കിങ്ങില്‍ തുടക്കം
കോഴിക്കോട് ജില്ല പ്രവര്‍ത്തന പരിധിയായി 2002 ല്‍ റജിസ്റ്റര്‍ ചെയ്ത ടാഡ്കോസ് കുറെക്കാലം നിര്‍ജീവമായിരുന്നു. 2015 ല്‍ പുതിയ അംഗങ്ങളെ ചേര്‍ത്ത് ഭരണസമിതി രൂപവല്‍ക്കരിച്ച് പുതിയ ബൈലോ അംഗീകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങി. ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കോടഞ്ചേരി, ചാത്തമംഗലം, കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തുകളും മുക്കം നഗരസഭാ പ്രദേശവുമാണ് ഇപ്പോഴത്തെ പ്രവര്‍ത്തന പരിധി. തിരുവമ്പാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാഡ്‌കോസ് ബാങ്കിങ് മേഖലയിലാണ് ആദ്യം ചുവടുവെച്ചത്. കുടിയേറ്റ കാര്‍ഷിക മേഖലയില്‍ വന്‍കിട സഹകരണ ബാങ്കുകളോട് മത്സരിച്ച് നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും കുറഞ്ഞ കാലം കൊണ്ട് മികച്ച നേട്ടം കൈവരിക്കാനായതോടെ സംഘം ശ്രദ്ധിക്കപ്പെട്ടു. പ്രളയകാലത്തും കോവിഡ് പ്രതിസന്ധിയിലും പാവപ്പെട്ടവര്‍ക്ക് സംഘം താങ്ങായി. ഗ്രൂപ്പ് നിക്ഷേപവും ലഘു സമ്പാദ്യ പദ്ധതിയും ആളുകളെ ആകര്‍ഷിച്ചു. കാര്യക്ഷമമായി പ്രവര്‍ത്തിച്ച് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷനും നേടിയെടുത്തു. ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ മുഴുവന്‍ ഒരുക്കിയത് ഇടപാടുകള്‍ വേഗത്തിലാക്കി. ഗ്രാമങ്ങളില്‍ വനിതാ സ്വാശ്രയ സംഘങ്ങള്‍ രൂപവല്‍ക്കരിച്ച് വലിയ ജാമ്യവും നടപടിക്രമങ്ങളുമില്ലാതെ വായ്പ നല്‍കാന്‍ തുടങ്ങിയതോടെ സംഘത്തിന്റെ പ്രവര്‍ത്തനം താഴെ ത്തട്ടിലെത്തി. 1500- ഓളം അംഗങ്ങളാണ് സംഘത്തിനുള്ളത്. 2019 ജൂലായില്‍ നിലവില്‍ വന്ന പുതിയ ഭരണ സമിതിയാണ് കാര്‍ഷിക രംഗത്തെ സാധ്യതകള്‍ തേടാനും സംരംഭങ്ങള്‍ തുടങ്ങാനും തീരുമാനിച്ചത് .
എല്ലാം ഒരു കുടക്കീഴില്‍
കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് പ്രവര്‍ത്തിക്കുക എന്ന ആശയമാണ് കൃഷികേന്ദ്രത്തിലൂടെ യാഥാര്‍ഥ്യമായത്. മലയോര മേഖലയുടെ ആസ്ഥാനമായ മുക്കത്ത് പ്രധാന റോഡിനോട് ചേര്‍ന്നു സ്ഥലം കിട്ടിയതോടെ സംഘം വളരെ വേഗത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കിയത്. പുതിയ ഉദ്യമത്തിന്നു സഹകരണ വകുപ്പിന്റെ പൂര്‍ണ പിന്തുണയും പ്രോത്സാഹനവും ലഭിച്ചു. അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. മത്സ്യം വളര്‍ത്താന്‍ കുളവും തൈകള്‍ സൂക്ഷിക്കാന്‍ പോളി ഹൗസും സജ്ജമാക്കി. 2020 ഫിബ്രവരിയോടെ കേന്ദ്രം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. മാര്‍ച്ച് അവസാനം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴായിരുന്നു ലോക്ഡൗണ്‍.
കൃഷിക്ക് ഊന്നല്‍
കാര്‍ഷിക രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി സംഘം രൂപവല്‍ക്കരിച്ച സാങ്കേതിക ഉപദേശക സമിതി വിശദമായി ചര്‍ച്ച ചെയ്ത് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയതോടെ കൃഷികേന്ദ്രം തുടക്കത്തില്‍ത്തന്നെ ശരിയായ ദിശയിലേക്ക് നീങ്ങി. ലോക്ഡൗണ്‍ കാലത്ത് കാര്‍ഷിക മേഖലക്ക് നല്‍കിയ ഇളവ് ഫലപ്രദമായി വിനിയോഗിച്ചതാണ് സ്ഥാപനത്തിനു നേട്ടമായത്. കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞ വലിയൊരു വിഭാഗം ആളുകള്‍ കൃഷിക്കാവശ്യമായ സാധനങ്ങള്‍ക്കായി മാത്രം പുറത്തിറങ്ങുന്ന സാഹചര്യം പരിഗണിച്ച് വളരെ പ്രയാസപ്പെട്ട് തൈകളും നടീല്‍ വസ്തുക്കളും എത്തിച്ചു നല്‍കി. പോലീസില്‍ നിന്നും കൃഷി വകുപ്പില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് ലോക്ഡൗണ്‍കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ ഫാമുകളില്‍ നിന്നും തൈകള്‍ എത്തിച്ചത്. നാലു മാസം കൊണ്ട് ജില്ലയിലെ മികച്ച നഴ്‌സറിയെന്ന കൃഷിക്കാരുടെ അംഗീകാരം കൃഷികേന്ദ്രത്തിനു നേടാനായതായി ലക്ഷങ്ങളുടെ വിറ്റുവരവ് സൂചിപ്പിക്കുന്നു.
നല്ലയിനം ഫലവൃക്ഷത്തൈകള്‍ കുറഞ്ഞ വിലക്ക് നല്‍കിയാണ് സംഘം വിപണി പിടിച്ചത്. മാവിന്‍തൈകള്‍ക്ക് അടുത്ത കാലത്തുണ്ടായ വലിയ ഡിമാന്‍ഡ് സംഘം തിരിച്ചറിഞ്ഞു. മുപ്പതോളം ഇനം മാവിന്‍ തൈകളാണ് സംഘത്തിന്റെ നഴ്‌സറി വിഭാഗത്തിലുള്ളത്. കാലാപാടി, മല്ലിക, നാസി പസന്ത്, ചന്ദ്രകാരന്‍, ഹൈജംബോ, സുവര്‍ണ രേഖ, മല്‍ഗോവ, പ്രിയൂര്‍ , കോശ്ശേരി, അല്‍ഫോണ്‍സ തുടങ്ങി നാടന്‍ ഒളോര്‍വരെ കൃഷി കേന്ദ്രത്തിലുണ്ട്. പത്തിലധികം ഇനം പ്ലാവും എട്ട് തരം പേരയുമുണ്ട്. വിദേശ പഴങ്ങളുടെ നാല്‍പ്പതോളം ഇനം തൈകള്‍ സംഭരിച്ചിട്ടുണ്ട്. ജാതിക്ക, കുടംപുളി, കുറ്റിക്കുരുമുളക്, തെങ്ങ്, കവുങ്ങ്, ചാമ്പ, സപ്പോട്ട തുടങ്ങിയവയുടെ പല വലുപ്പത്തിലുള്ള തൈകളുണ്ട്. പച്ചക്കറിക്കൃഷിക്കാ വശ്യമായ വിത്തും തൈകളും നല്‍കുന്നുണ്ട്. പ്രാദേശികമായി കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന തൈകള്‍ സംഘം നേരിട്ട് സംഭരിക്കുന്നുണ്ട്. ഇഞ്ചി, മഞ്ഞള്‍, കാച്ചില്‍, ചേമ്പ് തുടങ്ങിയവ വന്‍തോതില്‍ സംഘം വിറ്റു. സ്വകാര്യ സ്ഥാപനങ്ങളക്കാള്‍ 30 ശതമാനം വരെ വിലക്കുറവ് നല്‍കാനും സംഘത്തിന് കഴിഞ്ഞു. ‘ വിത്തും വളവും ഉപദേശവും ‘ എന്നതാണ് കൃഷികേന്ദ്രത്തിലെ വില്‍പ്പന രീതി. അലങ്കാരച്ചെടികള്‍ക്ക് കൃഷികേന്ദ്രം നല്ല പ്രാധാന്യം നല്‍കുന്നുണ്ട്. മഴ തുടങ്ങുന്നതുവരെ ആഴ്ചയില്‍ രണ്ട് ലോഡ് വരെ അലങ്കാരച്ചെടികളിറക്കി വിപണനം നടത്തുകയുണ്ടായി. മഴക്കാലം തുടങ്ങിയതോടെ ഇന്‍ഡോര്‍ ചെടികളാണ് ഇറക്കുന്നത്. ചട്ടികളിലും ഗ്രോബാഗുകളിലുമൊക്കെ കൃഷി ചെയ്യുന്നവര്‍ ആദ്യമന്വേഷിക്കുന്നത് ചാണകപ്പൊടിയാണ്. കൃഷികേന്ദ്രത്തില്‍ ഏറ്റവും വില്‍പ്പന നടക്കുന്ന വളം ചാണകപ്പൊടിയാണ്. മലയോര മേഖയിലെ കാലി വളര്‍ത്തുകാരില്‍നിന്നും ഫാമുകളില്‍ നിന്നും ശേഖരിക്കുന്ന ചാണകപ്പൊടി ലോഡ് കണക്കിനാണ് ഈ സീസണില്‍ വിറ്റത്. ഒന്നും രണ്ടും കിലോ മുതല്‍ എട്ടും പത്തും ചാക്കുകള്‍ വരെ വാങ്ങുന്നവരുണ്ട്. എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം തുടങ്ങിയവയും കൃഷികേന്ദ്രത്തിലെ പ്രധാന വില്‍പ്പന ഇനങ്ങളാണ്. ജൈവക്കൃഷിക്കാരുടെ പ്രധാന വളമായ ജീവാമൃതം സ്വന്തമായി തയാറാക്കി ടാഡ് കോസ് വിപണിയിലിറക്കുന്നുണ്ട്.
ജൈവ മത്സ്യങ്ങള്‍
കൃഷികേന്ദ്രത്തിലെ പ്രധാന സംരംഭം ജൈവ മത്സ്യ ഉല്‍പാദനവും വിപണനവുമാണ്. മത്സ്യക്കുളത്തിലെ വെള്ളത്തില്‍ കലരുന്ന അമോണിയ വിഘടിപ്പിച്ച് നൈട്രേറ്റ ്കലര്‍ന്ന വെള്ളം മെറ്റല്‍ ബെഡ്ഡിലൂടെ കടത്തിവിട്ട് പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന രീതിയാണ് അക്വപോണിക്‌സ്. മത്സ്യവും പച്ചക്കറിയും ഒരേ സമയം ശാസ്ത്രീയമായി ഉല്‍പാദിപ്പിക്കുന്ന അക്വപോണിക്‌സ് യൂണിറ്റില്‍ ഒന്നാം ഘട്ട മത്സ്യവിളവെടുപ്പ് ജൂണ്‍ ഒന്നിനായിരുന്നു. മുക്കം നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഒരു ക്വിന്റലിലധികം ഗിഫ്റ്റ് മത്സ്യങ്ങളെയാണ് രണ്ട് മണിക്കൂര്‍ കൊണ്ട് വിറ്റഴിച്ചത്. ആറു മാസം കഴിഞ്ഞാല്‍ വിളവെടുക്കുന്ന അക്വപോണിക്‌സ് യൂണിറ്റില്‍ മൂന്നര മാസം കൊണ്ട് വിളവെടുത്തപ്പോള്‍ 450 ഗ്രാം വരെ തൂക്കമുള്ള മത്സ്യങ്ങളെ കിട്ടി. കിലോ ഗ്രാമിന് 300 രൂപയാണ് ഈടാക്കിയത്. യൂണിറ്റിലെ മെറ്റല്‍ ബെഡ്ഡില്‍ വളര്‍ത്തിയ ചീര, കൈപ്പ, പടവലം, വെണ്ട, തക്കാളി തുടങ്ങിയവയില്‍ നിന്നും നല്ല വിളവ് കിട്ടി. സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത അക്വപോണിക്‌സ് യൂണിറ്റുകളില്‍ ഉല്‍പാദിപ്പിക്കുന്ന മത്സ്യവും വിപണനം നടത്തുന്നുണ്ട്. ഒരു പഞ്ചായത്തില്‍ 10 വീതം ചെറിയ അക്വപോണിക്‌സ് യൂണിറ്റുകള്‍ വീടുകളില്‍ തുടങ്ങുന്ന പദ്ധതി ഒരു മാസത്തിനുള്ളില്‍ നടപ്പാക്കും. അലങ്കാരമല്‍സ്യങ്ങളെ വളര്‍ത്തി വിപണനം നടത്തുന്ന യൂണിറ്റിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. മത്സ്യം വളര്‍ത്തുന്നവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍, തീറ്റ തുടങ്ങിയവയുടെ വില്‍പ്പനയും തുടങ്ങുന്നുണ്ട്.
കര്‍ഷകര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ന്യായ വിലക്ക് കിട്ടുന്ന വിപണി കൃഷികേന്ദ്രത്തില്‍ തുറന്നിട്ടുണ്ട്. ആദ്യഘട്ടത്തില്‍ വിവിധ തരം ചട്ടികളും ഗ്രോബാഗുകളും വില്‍പ്പനക്കുണ്ട്. മണ്ണ്, സിമന്റ്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ ചട്ടികള്‍ വിവിധ ഡിസൈനില്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. കൃഷിക്കാര്‍ ഉപയോഗിക്കുന്ന ലഘു യന്ത്രങ്ങളും ഉപകരണങ്ങളും ഉടനെയെത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങി കൃഷിക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വാടകക്ക് നല്‍കാനുള്ള പദ്ധതിയും സംഘം നടപ്പാക്കുന്നുണ്ട്
ഉല്‍പ്പന്ന വിപണി
കൃഷികേന്ദ്രം ഏറ്റവും പ്രാധാന്യം നല്‍കുന്നത് ഉല്‍പ്പന്ന വിപണനത്തിനാണ്. കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കാനും റൊക്കം വിലക്ക് വില്‍ക്കാനുമുള്ള സംവിധാനം കൃഷികേന്ദ്രത്തില്‍ ഒരുക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് സാധനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തി നേരിട്ട് വാങ്ങാനും കഴിയും. ജൈവക്കൃഷിക്കാര്‍ക്കാണ് സംഘം മുന്‍ഗണ നനല്‍കുന്നത്. വീടുകളില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളും പഴങ്ങളും ആവശ്യത്തിലധികമുള്ളത് കൃഷികേന്ദ്രത്തിലെത്തിച്ച് പണം വാങ്ങാം. കൃഷികേന്ദ്രത്തിന്റെ മുന്‍വശത്ത് കാര്‍ഷിക വിപണിക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഏലം, കുരുമുളക്, ഗ്രാമ്പൂ, ജാതിക്ക , കാപ്പി തുടങ്ങിയവയുടെ വിപണനവും കേന്ദ്രത്തില്‍ തുടങ്ങുന്നുണ്ട്.
കൃഷികേന്ദ്രത്തില്‍ ആരംഭിച്ച മണ്‍പാത്ര വിപണിക്ക് വീട്ടമ്മമാരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ലോക്്ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തൊഴിലാളികളില്‍ നിന്നു സംഭരിച്ച പാത്രങ്ങളാണ് ടാഡ്‌കോസ് കൃഷികേന്ദ്രത്തില്‍ വില്‍പ്പനക്കുള്ളത്. ലോഹപ്പാത്രങ്ങളില്‍ നിന്ന് മണ്‍പാത്രങ്ങളിലേക്ക് മലയാളികളുടെ തിരിച്ചുപോക്ക് പ്രോല്‍സാഹിപ്പിക്കുക എന്നതും മണ്‍പാത്ര വിപണിയുടെ ലക്ഷ്യമാണ്. വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന കലങ്ങള്‍ക്കും ചട്ടികള്‍ക്കും പുറമെ കുപ്പിക്കൂജ മുതല്‍ തീന്‍മേശയിലേക്കുള്ള മുഴുവന്‍ പാത്രങ്ങളും മണ്ണില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ കരകൗശല ഉല്‍പ്പന്നങ്ങളും താമസിയാതെ ഇവിടെ ലഭിക്കും.
ലേബര്‍ ബാങ്കും വിത്ത് ബാങ്കും
അതിഥിത്തൊഴിലാളികളുടെ മടക്കം ഗ്രാമീണ തൊഴില്‍ മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. കാര്‍ഷിക ജോലികള്‍ ചെയ്തിരുന്ന മറുനാടന്‍ തൊഴിലാളികള്‍ എന്നു തിരിച്ചു വരുമെന്നറിയാത്തത് ആശങ്കപ്പെടുത്തുന്നു. ലേബര്‍ ബാങ്ക് രൂപവല്‍ക്കരിച്ച് ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് ടാഡ്‌കോസ് നടത്തുന്നത്. തൊഴില്‍ ചെയ്യാന്‍ തയാറുള്ളവരെ ബാങ്കില്‍ റജിസ്റ്റര്‍ ചെയ്യിക്കുകയും തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്ക് അവരെ നല്‍കുകയുമാണ് ലേബര്‍ ബാങ്കിന്റെ പ്രവര്‍ത്തനം. ചെറിയ ജോലികള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് തീര്‍ക്കാനാവുമെങ്കില്‍ അത്തരം തൊഴില്‍ ചെയ്യുന്നവര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വേതനം നിശ്ചയിച്ചു നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ചെയ്യാവുന്ന പാര്‍ട്ട് ടൈം ജോലികള്‍ക്കും പ്രതിഫലം നിശ്ചയിക്കും. തെങ്ങ് കയറ്റം, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ് ജോലികള്‍ തുടങ്ങിയവയും ലേബര്‍ ബാങ്ക് വഴി ലഭ്യമാക്കുന്നുണ്ട്. 25 അംഗ കര്‍മ സേന രൂപവത്കരിച്ച് ജല സംരക്ഷണ ജോലികളില്‍ കോഴിക്കോട് സി. ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതിന്റെ ചെലവ് സംഘം വഹിച്ചു. കിണര്‍ റീചാര്‍ജ്, തുള്ളിനന, തിരി നന തുടങ്ങിയ പദ്ധതിജോലികള്‍ക്ക് കര്‍മസേന അംഗങ്ങളെ ഉപയോഗിക്കും. സംഘത്തിനു കീഴിലുള്ള വനിതാ സാശ്രയ സംഘം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി കൃഷി ഫാം വഴി തൊഴില്‍ നേടിക്കൊടുക്കാനും ശ്രമമുണ്ട്.
കൃഷിക്കാര്‍ അന്വേഷിച്ചു നടക്കുന്ന അപൂര്‍വ്വ വിത്തുകള്‍ ശേഖരിച്ച് സൗജന്യമായി നല്‍കുന്ന വിത്ത് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇത്തരം വിത്തുകള്‍ കൈപ്പറ്റുന്നവര്‍ കൃഷി വിളവെടുത്ത ശേഷം വിത്തുകള്‍ തിരിച്ചുനല്‍കണം. ഇത് വീണ്ടും വിതരണം ചെയ്യും. അഞ്ച് ഇനം പച്ചക്കറി വിത്തുകള്‍ ഇരുനൂറോളം പേര്‍ക്ക് തുടക്കത്തില്‍ നല്‍കിയിട്ടുണ്ട്. മുക്കം നഗരസഭയിലെ മൂത്താലം അങ്ങാടിക്കടുത്ത് സംഘത്തിന്റെ കീഴിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് കൃഷിഫാം ആരംഭിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. കൃഷിത്തോട്ടവും ആട്, പശു എന്നിവയുടെ ഫാമുമാണ് ഇവിടെ തുടങ്ങുന്നത്. കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ പോളി ഹൗസ് നിര്‍മിച്ച് ആധുനിക രീതിയില്‍ കൃഷി നടത്താനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. പ്രധാന കാര്‍ഷിക വിളകളുടെ പ്രദര്‍ശനത്തോട്ടവും ഇവിടെ ഒരുക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവാന്‍ പ്രൊഫഷണലിസം അനിവാര്യമാണെന്നാണ് സംഘം ഭരണ സമിതിയുടെ വിലയിരുത്തല്‍. നഴ്‌സറി രംഗത്തും ജൈവ മത്സ്യ ഉല്‍പാദനരംഗത്തും പ്രവര്‍ത്തിച്ച് പരിചയമുള്ള സന്തോഷ് ജോണിന്റെ മേല്‍നോട്ടത്തിലാണ് കൃഷികേന്ദ്രത്തിന്റെ പ്രവര്‍ത്തനം
പരിശീലന കേന്ദ്രം
ലാഭകരമായി നടത്തുന്ന ഒരു തൊഴിലായി കൃഷിയെ മാറ്റുക എന്ന ഉദ്ദേശ്യത്തോടെ കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രവും ടാസ്‌കോസ് ആരംഭിച്ചിട്ടുണ്ട്. മത്സ്യക്കൃഷിയില്‍ താല്‍പര്യമുള്ള 50 പേര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കിക്കൊണ്ടാണ് തുടക്കം. കൃഷികേന്ദ്രത്തിലെ അക്വപോണിക്‌സ് യൂണിറ്റാണ് ഇതിനുപയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ കൃഷി വിജ്ഞാന്‍ കേന്ദ്രം, സംസ്ഥാന കൃഷിവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിശീലന പരിപാടികള്‍ നടത്തുക. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, സഹകരണം എന്നീ വകുപ്പുകളില്‍ നിന്ന് റിട്ടയര്‍ചെയ്ത ഉദ്യോഗസ്ഥരുടെ പാനല്‍ തയാറാക്കിയിട്ടുണ്ട്. ഇവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. അനുഭവജ്ഞാനമുള്ള കര്‍ഷകരുടെ ക്ലാസ് ഒരുക്കുക എന്ന ലക്ഷ്യത്തോടെ തെങ്ങുകൃഷിക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇന്ത്യയിലെ മികച്ച കേരകര്‍ഷകനുള്ള അവാര്‍ഡും കേരള സര്‍ക്കാറിന്റെ കേര കേസരി അവാര്‍ഡും ലഭിച്ച ഡൊമനിക് മണ്ണുക്കുശുമ്പേലാണ് പരിശീലകന്‍. സ്‌കൂള്‍ക്കുട്ടികളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള പരിശീലന പരിപാടിക്കും രൂപം നല്‍കിയിട്ടുണ്ട്. പച്ചക്കറിക്കൃഷി, അലങ്കാര മത്സ്യം വളര്‍ത്തല്‍ എന്നിവയിലാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. പ്രായോഗിക പരിശീലനങ്ങള്‍ക്കാണ് കൃഷികേന്ദ്രം ഊന്നല്‍ നല്‍കുന്നത്. ബഡ്ഡിങ്, ഗ്രാഫ്റ്റിങ് തുടങ്ങിയവയില്‍ പ്രത്യേക പരിശീലനം നല്‍കും. കാര്‍ഷിക മേഖലയിലെ അറിവുകള്‍ നവ മാധ്യമങ്ങളിലൂടെ പുതു തലമുറയിലെ കൃഷിക്കാര്‍ക്ക് കൈമാറാന്‍ കൃഷികേന്ദ്രത്തിന് സംവിധാനമുണ്ട്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വേണു കല്ലുരുട്ടിയാണ് സംഘം പ്രസിഡന്റ്. ടി.ജെ. സണ്ണിമാസ്റ്റര്‍, എം. മധുമാസ്റ്റര്‍, വി.കെ. പ്രസാദ്, എം. കെ. കണ്ണന്‍, യു.പി. അബ്ദുള്‍ മജീദ്, പി. ഭാനുമതി ടീച്ചര്‍, മറിയാമ്മ ബാബു, ബിന്ദു തോമസ് എന്നിവര്‍ ഡയരക്ടര്‍മാരാണ്. എം. ജെ. ആന്റണി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും നിപിന്‍ വര്‍ഗീസ് സെക്രട്ടറി ഇന്‍ ചാര്‍ജുമാണ്.