ഗഹാന് 100 രൂപ വീതം ഫീസടക്കാനുളള ബജറ്റ് തീരുമാനത്തിനെതിനെ ശക്തമായി പ്രതികരിക്കുക: കേരള സഹകരണ ഫെഡറേഷന്‍
സഹകരണ സംഘങ്ങളില്‍ കൊടുക്കുന്ന വായ്പയ്ക്ക് ഗഹാന്‍ പദ്ധതി പ്രകാരം ഒരു ഗഹാന് 100 രൂപ വീതം ഫീസ് ഈടാക്കാനുളള ബജറ്റ് തീരുമാനത്തിനതിരെ കേരളത്തിലെ മുഴുവന്‍ സഹകാരികളും ശക്തമായി പ്രതികരിക്കണമെന്ന് കേരള സഹകരണ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. കേരള ഗവര്‍മെന്റ് ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തിലെ സഹകരണ സംഘങ്ങളില്‍ കൊടുക്കുന്ന വായ്പയ്ക്ക് ഒരു ഗഹാന് 100 രൂപ വീതം ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഏപ്രില്‍ 1 മുതല്‍ ഗഹാന്‍ ചെയ്യുന്ന എല്ലാ സഹകരണ സംഘങ്ങളും ഇതുവഴി ഭീമമായ തുക കൊടുക്കണം. അല്ലെങ്കില്‍ ലോണെടുക്കുന്ന പാവപ്പെട്ട ആളുകളില്‍ നിന്നും ഈ തുക വാങ്ങണം. ലോണെടുക്കുന്ന ആളുകളുടെ മേല്‍ പലിശയ്ക്കു പുറമെ ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടി അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇതൊക്കെ സഹകരണ മേഖലയിലെ വായ്പയ്ക്ക് കുറവ് വരാനുളള സാധ്യത കൂട്ടുന്നതാണ്, ഈ ബജറ്റില്‍ 100 രൂപ വര്‍ദ്ധിപ്പിച്ചത് വരും ബജറ്റിലും ആവര്‍ത്തിക്കാനുളള സാധ്യതയുമുണ്ട്.
സഹകരണ മേഖലയില്‍ ഏറ്റവും വലിയ മാറ്റം വരുത്തിയിട്ടുള്ള ഒരു പദ്ധതിയാണ് ഗഹാന്‍ പദ്ധതി. പൂര്‍ണ്ണമായും സൗജന്യമായ ഗഹാന്‍ പദ്ധതി കൊണ്ടുവന്നത് സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനായിരുന്നു. കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്ന സമയത്ത് ഗഹാന് മുകളില്‍ ഫീസീടാക്കുന്നതിനുളള തീരുമാനം കൊണ്ടുവന്നിരുന്നു. എന്നാല്‍ കേരളത്തിലെ സഹകാരികള്‍ ഒറ്റക്കെട്ടായി ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് ഹൈക്കോടതിയില്‍ ഇത് നടപ്പിലാക്കുകയില്ല എന്ന് ഗവണ്‍മെന്റ് സമ്മതിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
പിന്നീട് ഇപ്പോഴാണ് ഇങ്ങനെ 100 രൂപ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാത്രമല്ല ഈ പദ്ധതി കൊണ്ടുവന്ന സമയത്ത് രാഷ്ട്രപതിയുടെ അനുവാദത്തോട് കൂടിയാണ് മന്ത്രിയായിരുന്ന എം.വി.രാഘവന്‍ ഗഹാന്‍ പദ്ധതി നടപ്പാക്കിയത്. അതുകൊണ്ടു തന്നെ പദ്ധതിയില്‍ മാറ്റം വരുത്തുന്നതിനും രാഷ്ട്രപതിയുടെ അനുവാദം വാങ്ങേണ്ടതായിട്ടുണ്ട്. ഇത് രണ്ടും ചെയ്യാതെയാണ് ഗഹാന് ഫീസ് ഈടാക്കാനുളള തീരുമാനം ബജറ്റില്‍ കൊണ്ടുവന്നിട്ടുള്ളത്. ലോണെടുക്കാനായി വരുന്നവര്‍ക്ക് ഗഹാന്‍ പദ്ധതി പൂര്‍ണമായും സൗജന്യമായി നല്‍കേണ്ടതാണെന്നും ഇപ്പോള്‍ കൊണ്ടുവന്നിട്ടുളള ഈ ഫീസിനെതിരെ ശക്തമായി മുഴുവന്‍ സഹകാരികളും പ്രതികരിക്കണമെന്നും എല്ലാ സഹകാരികളും ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിക്കണെന്നും സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണനും ജനറല്‍ സെക്രട്ടറി എം.പി. സാജുവും ആവശ്യപ്പെട്ടു.