ക്ഷീരവിപണി വിദേശകമ്പനികൾക്ക് തുറന്നു കൊടുക്കാൻ കേന്ദ്രസർക്കാർ നീക്കം: ഇതോടെ ഇന്ത്യൻ ക്ഷീരമേഖല തകരും.
ഇന്ത്യൻ ക്ഷീര വിപണി വിദേശ കമ്പനികൾക്ക് തുറന്നുകൊടുക്കാൻ കേന്ദ്രസർക്കാർ തകൃതിയായി നീക്കം നടത്തുന്നു. ഇതിന്റെ ഭാഗമായി പല വിദേശ കുത്തക കമ്പനികളും ഇതിനകം തന്നെ ഈ ആവശ്യവുമായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ വിദേശ നയത്തിന്റെ പൊതു സമീപനത്തിന്റെ ഭാഗമാണ് ഈ നീക്കവും. ഇത് രാജ്യത്തെ ക്ഷീരമേഖലയുടെ നടുവൊടിക്കുക മാത്രമല്ല വൈകാതെ ഇല്ലായ്മ ചെയ്യുകയും കർഷകരെ നിഷ്കാസനം ചെയ്യുന്ന രീതിയിലേക്ക് മാറും. ക്ഷീരമേഖലയിൽ കേന്ദ്ര സർക്കാരിന്റെ വിചിത്ര നിലപാടാണ് ഇതിലൂടെ വെളിവാകുന്നത്. ഒരുവശത്ത് ഗോ സംരക്ഷണത്തിനും പാൽ ഉല്പാദനത്തിനുമായി മുറവിളിയിടുമ്പോളും മറുവശത്ത് ക്ഷീരകർഷകരെ ഭാവിയിൽ ഉന്മൂലനം ചെയ്യുന്ന വിദേശ നിക്ഷേപ/ ഇറക്കുമതി സാധ്യതകൾ ആണ് തുറന്നു കൊടുക്കാൻ ഒരുങ്ങുന്നത്.
ലോകത്തിന്റെ പാൽ ഉൽപ്പാദനത്തിൽ 18.5 % ഇപ്പോൾ ഇന്ത്യയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത പത്തുവർഷത്തിനകം ഇത് 30 ശതമാനത്തോളം ആയി ഉയരും. 160 ദശലക്ഷം ലിറ്റർ പാലാണ് ഇന്ത്യയിൽ പ്രതിവർഷം ഉല്പാദിപ്പിക്കുന്നത്. 2020ൽ ഉപഭോഗം 210 ദശലക്ഷം ലിറ്റർ ആകും. ആവശ്യകതയുടെ അത്ര ഉൽപ്പാദനം ഇല്ലെങ്കിൽ പോലും ഇന്ന് ഇന്ത്യ പാൽ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്താണ്.2020ൽ 210 ദശലക്ഷം ലിറ്റർ ആകുമ്പോൾ ക്ഷാമം ഉണ്ടാകും എന്ന കണക്കുകൂട്ടലിൽ ക്ഷാമം നേരിടാൻ വിദേശമൂലധനവും സങ്കേതിക വിദ്യകളും വേണമെന്നാണു കേന്ദ്രസർക്കാർപക്‌ഷം.എന്നാൽ വിദേശാശ്രയം ഇന്ത്യൻകർഷകർക്കു കിട്ടുന്ന
വിലയെ പിന്നൊട്ട് വലിക്കുകവഴി ആഭ്യന്തര പാലിന്റെ ഉൽപാദനത്തെ താറുമാറാക്കും.
ആർ.സി.ഇ.പി കരാറിൽ ഒപ്പിടാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ഇന്ത്യ പാൽക്ഷാമം രാജ്യത്ത് ഉണ്ടാകും എന്ന് പറഞ്ഞാണ് വിദേശ നിക്ഷേപവും ഇറക്കുമതിയും ആലോചിക്കുന്നത്. പാൽപ്പൊടി ഉൾപ്പെടെയുള്ള പാൽ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണമായും എടുത്തുകളയണമെന്ന് ന്യൂസിലൻഡ് ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചർച്ചയിൽ ആവശ്യപ്പെടുന്നുണ്ട്. ആർ. സി.ഇ.പി കരാർ പ്രകാരം ഇറക്കുമതി തീരുവ കുറച്ചാൽ പാലുൽപാദനം നഷ്ടത്തിൽ ആയാൽ പശുക്കൾ പതിയെ അറവുശാലകളിലേക്കു തള്ളപ്പെട്ട് കയറ്റുമതി ചെയ്യുന്ന സാഹചര്യമുണ്ടാകും. ആർ.സി.ഇ.പി കരാറിൽ നിന്നും ക്ഷീരമേഖലയെ ഒഴിവാക്കണമെന്ന് മിൽമ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ ക്യാബിനറ്റ് മിനിസ്റ്റർ ഗിരിരാജ് സിംഗിനാണ് ഇതുസംബന്ധിച്ച് നിവേദനം നൽകിയത്. മറ്റു സംസ്ഥാനങ്ങളിലെ മിൽമ പോലുള്ള സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് നിവേദനം നൽകുമെന്നും മിൽമ ചെയർമാൻ പറഞ്ഞു. കരാർ നിലവിൽ വന്നാൽ മിൽമ ഉൾപ്പെടെ ക്ഷീര മേഖല പൂർണ്ണമായും തകരുമെന്ന് മിൽമ ചെയർമാൻ സൂചിപ്പിച്ചു.
രാജ്യത്തിന്റെ കാർഷിക വികസനത്തിന് വിപണികളെ എങ്ങനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താമെന്നതിനു ഉത്തമ ഉദാഹരണമാണ് അമൂൽ മാത്രുകയിലൂടെ ഡോക്ടർ വർഗീസ് കുര്യൻ രാജ്യത്തിന് കാണിച്ചുതന്നത്. അതിന്റെ കേരളീയ വൽക്കരണമാണ് മിൽമ. ക്ഷീരകർഷകരുടെ സമ്പദ്സമൃദ്ധിക്ക് ഉപഭോക്തൃ സംതൃപ്തിയെ ഉപയോഗപ്പെടുത്തുന്നതാണ് അമൂലിന്റെയും മിൽമയുടെയും എല്ലാം വികസന തന്ത്രം. ക്ഷീരകർഷകരെ സ്വന്തം സഹകരണ പ്രസ്ഥാനത്തിലൂടെ വിപണിയിൽ ശാക്തീകരിക്കുകയും പാലുല്പാദനം, സംഭരണം, സംസ്കരണം, മൂല്യവർധന, വിപണനം എന്നിവ ഏകോപിപ്പിക്കുകയും ജനാധിപത്യം, സാങ്കേതികവിദ്യകൾ, മാനേജ്മെന്റ് വൈദഗ്ധ്യം, മൂലധന സൃഷ്ടി എന്നിവയിലൂടെ സ്വയം നിലനിന്നു പോകാൻ പ്രാപ്തരാക്കുകയും, കർഷകവരുമാനവർദ്ധനയുണ്ടെങ്കിൽ മാത്രം അവരുടെ പേരിൽ നിലനിന്നു പോകുന്ന ഉദ്യോഗസ്തർക്ക്‌സ്വന്തം വരുമാനവർദ്ധന അനുഭവിക്കാനകുന്ന വിധം പരസ്പര ആശ്രത്വം ഉണ്ടാക്കിയെടുക്കുകയും
ചെയ്യുന്ന ഈ തന്ത്രം വിജയകരമായി നടപ്പാക്കാൻ മിൽമ പോലുള്ള ക്ഷീരകർഷകരുടെ സ്ഥാപനങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. ഇത് വിദേശനിക്ഷേപം വരുന്നതോടെ ഇല്ലാതാവുകയും ക്ഷീരകർഷകർ ഈ മേഖലയിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും.
രാജ്യത്തെ സ്വാശ്രയ ജനകീയ പാൽ ബ്രാൻഡുകൾക്കെതിരെ വർഷങ്ങൾ ആയി ബദൽ ബ്രന്റുകൾ ഉണ്ടാക്കാനായി നടന്നുവന്നിരുന്ന വലിയൊരു പ്രചാരണത്തിനു ആക്കംകൂട്ടുന്നതാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം.
ലോകത്തിലെ ഏറ്റവും വലിയ പാലുൽപ്പാദക രാഷ്ട്രം ആണിന്ന് ഭാരതം. ലക്ഷക്കണക്കിനു ഗ്രാമീണ ചെറുകിട ക്ഷീരകർഷകരെ സഹകരണാടിസ്‌ഥാനത്തിൽ സംഘടിപ്പിച്ചുകൊണ്ട് അവരെ വിപണിയിൽ അമുൽ, നന്ദിനി,മിൽമ,ആവിൻ,വിജയ,വെർക,സാഞ്ചി,സുധ,മേഘ,സരസ് എന്നിങ്ങനെ നിരവധി ബ്രാൻഡ് കളിലൂടെ ശാക്തീകരിച്ചുകൊണ്ടാണു ഇതു ഡോക്ടർ വർഗീസ് കുര്യൻ സാധിച്ചെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ ക്ഷീരവിപണി കൂടിയാണു ഇന്ത്യ. ഭാരതത്തിനു വേണ്ട പാൽ ഇവിടെത്തന്നെ ഉണ്ടാക്കി വിൽക്കാനുള്ള ടെക്നോളജിയും കാര്യപ്രാപ്തിയും ഇന്ത്യക്കില്ല എന്നും അതിനാൽ തങ്ങളുടെ രാജ്യത്തു നിന്നും ഇറക്കുമതി അനുവദിച്ചു കൂടെ എന്ന വിദേശചോദ്യത്തിനു കീഴ്പ്പെട്ടാണു കേന്ദ്രസർക്കാർ ക്ഷീരകർഷകരെ നിഷ്കാസനം ചെയ്യുന്ന നടപടിയിലേക്ക് നീങ്ങാൻ ഒരുങ്ങുന്നത്. എന്നാൽ ഇന്ന് ടെക്നോളജിയിലും മാർക്കറ്റിങ്ങിലും ഉൽപാദനത്തിലും ഭാരതം ഏറെ മുന്നോട്ടു പോയി. ലോകത്തിലെ ഒന്നാം നമ്പർ ശക്തിയായി ക്ഷീരമേഖലയിൽ ഇന്ത്യ മാറി. ഇന്ത്യയുടെ പാൽ വിപണി ലക്ഷ്യംവെച്ചാണ് വിദേശ കമ്പനികൾ ഇവിടെ നിക്ഷേപത്തിനും ഇറക്കുമതി കച്ചവടത്തിനും വരുന്നത്. ഇവർ വരുന്നതോടെ കർഷകരുടെ പാലിന്റെ വില കുറയും. ഈ സാഹചര്യത്തിൽ മിൽമ പോലുള്ള മിക്ക സൊസൈറ്റികളും ഉൽപ്പാദനച്ചെലവ് താങ്ങാനാകാതെ നശിച്ചുപോകുമെന്ന് മിൽമ മലബാർ മേഖല മുൻ ജനറൽ മാനേജർ തോമസ് പറഞ്ഞു. ഇത് മനസ്സിലാക്കി ക്ഷീരകർഷകന് വേണ്ടി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ ഭരണകർത്താക്കളോ ഇല്ലെന്നുള്ളതാണ് ഈ മേഖലയുടെ ഇപ്പോഴത്തെ പ്രതിസന്ധി.
പാവപ്പെട്ട ഗ്രാമീണ ക്ഷീരകർഷകന്റെ വയറ്റത്തടിക്കുന്ന തീരുമാനം ഉണ്ടായാൽ സമീപഭാവിയിൽ രാജ്യത്തുനിന്ന് ക്ഷീരമേഖലയും ക്ഷീരകർഷകനും പതിയെപ്പതിയെ ഉന്മൂലനം ചെയ്യപ്പെടും.
f