ക്ഷീര സഹകരണ മേഖലയില്‍ ആന്ധ്രമാതൃകയുടെ സാധ്യത തേടി മില്‍മയും സര്‍ക്കാരും
പാലും പാലുല്‍പന്നങ്ങളും കൂട്ടാനും വിപണി മെച്ചപ്പെടുത്താനുമുള്ള സാധ്യത തേടി സര്‍ക്കാരും മില്‍മയും. ഇതിനായി ആന്ധ്രയില്‍ ക്ഷീരമേഖലയിലെ സഹകരണ ഇടപെടല്‍ പരിശോധിക്കാന്‍ മന്ത്രി ജെ.ചിഞ്ചുറാണിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പാലുല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിന് ആധുനിക പ്ലാന്റ്, കര്‍ഷകരെ സഹായിക്കാന്‍ വെറ്ററിനറി മരുന്ന് വിതരണം, സഹകരണ സംഘങ്ങള്‍ക്ക് കീഴിലും സംഘങ്ങളുടെ സഹായത്തിലുമായി ക്ഷീരകര്‍ഷക ഉല്‍പാദന കമ്പനി രൂപീകരിക്കുന്നതിനുള്ള സാധ്യത എന്നിവയാണ് സംഘം പരിശോധിക്കുന്നത്.
മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐ.എ.എസ്. എന്നിവരാണ് മന്ത്രിക്കൊപ്പം സംഘത്തിലുള്ളത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയായ ‘സംഗം ഡയറി’ സന്ദര്‍ശിച്ച് അതിന്റെ പ്രവര്‍ത്തനവും വിവിധ ഉല്‍പ്പന്നങ്ങളുെടെ നിര്‍മ്മാണവും സംഘം വീക്ഷിക്കുകയും ഇവരുടെ ഉല്‍പാദന ചെലവ്, വിപണന രീതി എന്നിവയെ കുറിച്ചെല്ലാം മന്ത്രിയുടെ സാനിധ്യത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണ്ണമായി യന്ത്രവല്‍ക്കരിച്ച ഡയറി പ്ലാന്റിന്റെയും വിവിധ ഉല്‍പ്പന്നങ്ങളായ തൈര്, യോഗര്‍ട്ട്, നെയ്യ്, പാലുകൊണ്ട് നിര്‍മ്മിക്കുന്ന വിവിധതരം ബിസ്‌ക്കറ്റ്, സ്വീറ്റ്സ്, കേക്ക് എന്നിവയുടെ നിര്‍മാണം , ഗുണ നിയന്ത്രണ ലാബുകളുടെ പ്രവര്‍ത്തനം എന്നിവ സംഘം നിരീക്ഷിച്ചു. കേരളത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന ഒട്ടേറെ സാങ്കേതിക പരിഷ്‌കാരങ്ങള്‍ ഇവിടെയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൈലേജ് നിര്‍മ്മാണം, വിവിധ ഉല്‍പ്പന്നങ്ങളുടെ റിസര്‍ച്ചും ഡെവലപ്മെന്റും വിവിധയിനം തീറ്റപ്പുല്ലുകളുടെയും പച്ചക്കറിയുടെയും വിത്തിന്റെ പരീക്ഷണങ്ങളെയും പറ്റിയും ഇവിടെനിന്ന് സംഘം മനസ്സിലാക്കി.
ഡയറിയുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് കുറഞ്ഞ വിലയ്ക്ക് സൈലേജ് വിതരണം ചെയ്യുന്നതിനെ കുറിച്ച് ധാരണയുണ്ടാക്കാനുള്ള പ്രാരംഭ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മലബാര്‍ മേഖല യൂണിയന്റെ എത്തനോ വെറ്റിനറി മെഡിസിന്‍ സംഘം ഡയറി വഴി വിപണനം ചെയ്യുന്നതിന്റെയും സാധ്യതകളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍നടപടികള്‍ക്ക് മന്ത്രി മില്‍മയെ ചുമതലപ്പെടുത്തുകയും ചെയ്തു. കൂടാതെ കേരളത്തില്‍ ക്ഷീര മൃഗസംരക്ഷണ മേഖലയില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.
[mbzshare]