ക്ഷീര കേരളത്തിനു കിടാരി പാര്‍ക്കുകള്‍
– അനില്‍ വള്ളിക്കാട്
മൂന്നു വര്‍ഷം മുമ്പു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കിടാരി പാര്‍ക്കുകള്‍ കേരളത്തെ വര്‍ധിതമായ പശുസമ്പത്തിലേക്കു നയിക്കുന്നു. മൂന്നു ജില്ലകളിലായി നാലിടത്തു പ്രവര്‍ത്തിക്കുന്ന പാര്‍ക്കുകളില്‍ ഇതിനകം 550 ലേറെ പശുക്കുട്ടികളെ വാങ്ങി വളര്‍ത്തി. ഇതില്‍ നാനൂറോളം എണ്ണത്തെ കറവപ്പശുക്കളാക്കി ക്ഷീരകര്‍ഷകര്‍ക്കു വില്‍പ്പന നടത്തുകയും ചെയ്തു. ആരോഗ്യമുള്ള, മികച്ചയിനം കറവപ്പശുക്കളെ ഇടനിലക്കാരില്ലാതെ സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്കു ലഭ്യമാക്കുക എന്നതാണു കിടാരി പാര്‍ക്കുകളുടെ ലക്ഷ്യം. സംസ്ഥാനത്തു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വ്യവസായ സഹകരണ സംഘങ്ങളുടെ കീഴില്‍ ആരംഭിച്ച പാര്‍ക്കുകള്‍ക്ക് അടിസ്ഥാന സൗകര്യമുള്‍പ്പടെ ഇതിനകം അഞ്ചു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ 70 ലക്ഷത്തോളം രൂപ ക്ഷീര വികസന വകുപ്പിന്റെ സബ്‌സിഡിയാണ്.
2018 -19 സാമ്പത്തിക വര്‍ഷമാണു കേരളത്തില്‍ വിവിധ ഘട്ടങ്ങളിലായി 50 കിടാരി പാര്‍ക്കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ നാലെണ്ണം തുടങ്ങിയെങ്കിലും കോവിഡിന്റെ വരവോടെ കൂടുതല്‍ പാര്‍ക്കുകള്‍ തുടങ്ങുന്നതിനു പ്രതിസന്ധിയുണ്ടായി. എങ്കിലും, ഈ സാമ്പത്തിക വര്‍ഷത്തില്‍ 15 പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കാന്‍ കഴിയുമെന്നാണു ക്ഷീര വികസന വകുപ്പിന്റെ പ്രതീക്ഷ.
നല്ല പശു; കൂടുതല്‍ പാല്‍
മികച്ച പശുസമ്പത്തിലൂടെ കേരളത്തെ ക്ഷീര സമൃദ്ധമാക്കുക എന്നതാണു കിടാരി പാര്‍ക്കുകള്‍ പ്രധാനമായും മുന്നോട്ടു വെക്കുന്ന ആശയം. സാധാരണയായി കേരളത്തിലെ ക്ഷീര കര്‍ഷകര്‍ പശുക്കളെ വാങ്ങാന്‍ ആശ്രയിക്കുന്നത് അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിനെയും കര്‍ണാടകയേയുമാണ്. വില്‍പ്പനക്ക് ഇടനിലക്കാരുമുണ്ടാകും. പലപ്പോഴും ഇവരുടെ തട്ടിപ്പിനു വിധേയമായി കറവ കുറഞ്ഞതും രോഗാവസ്ഥയിലുള്ളതുമായ പശുക്കളെയാവും കര്‍ഷകര്‍ക്കു കിട്ടുക. ഇതു കേരളത്തിന്റെ ക്ഷീര മേഖലയുടെ വളര്‍ച്ചക്കു തടസ്സമായി മാറും. ഇതിനു പരിഹാരമെന്ന നിലയിലാണു സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി പശുക്കിടാങ്ങളെ കൊണ്ടുവന്നു വളര്‍ത്തി ആരോഗ്യമുള്ള നല്ല കറവപ്പശുക്കളാക്കി കര്‍ഷകര്‍ക്കു ന്യായവിലയ്ക്കു വില്‍ക്കുന്നതിനു സര്‍ക്കാര്‍തലത്തില്‍ കിടാരി പാര്‍ക്കുകള്‍ ആരംഭിച്ചത്. തിരുവനന്തപുരം മേല്‍കടയ്ക്കാവൂര്‍, പാലക്കാട് മൂലത്തറ, കുമരനൂര്‍, കാസര്‍ഗോഡ് ചിത്താരി എന്നീ ക്ഷീര വ്യവസായ സഹകരണ സംഘങ്ങളാണു കിടാരി പാര്‍ക്കുകള്‍ നടത്തുന്നത്.
തെക്കും വടക്കും
സംസ്ഥാനത്തു തെക്കും വടക്കുമായാണ് ആദ്യം രണ്ടു കിടാരി പാര്‍ക്കുകള്‍ തുടങ്ങിയത്. തിരുവനന്തപുരം മേല്‍കടയ്ക്കാവൂര്‍ ക്ഷീര സംഘം 2019 ഫെബ്രുവരിയിലാണു പാര്‍ക്ക് തുടങ്ങിയത്. ‘മില്‍കോ’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്തിട്ടുള്ള സംഘം കീഴാറ്റിങ്ങലില്‍ രണ്ടര ഏക്കര്‍ സ്ഥലമാണു ഫാമിനായി ഒരുക്കിയിട്ടുള്ളത്. ക്ഷീര വികസന വകുപ്പിന്റെ 19 ലക്ഷം രൂപ ഉള്‍പ്പടെ 74 ലക്ഷം രൂപ പാര്‍ക്കിനായി ചെലവഴിച്ചു. ആദ്യഘട്ടത്തില്‍ നൂറും പിന്നീട് ഇരുപതും പശുക്കിടാങ്ങളെ വാങ്ങി. അതില്‍ അമ്പതെണ്ണത്തെ കറവപ്പശുക്കളാക്കി വില്‍പ്പന നടത്തി. ഇതുവരെ തദ്ദേശീയമായാണു കിടാരികളെ വാങ്ങിയതെന്നു സംഘം സെക്രട്ടറി മനേഷ് പറഞ്ഞു.
2019 ഡിസംബറിലാണു കാസര്‍ഗോഡ് ജില്ലയില്‍ രാവണീശ്വരം പഞ്ചായത്തില്‍ ചിത്താരി ക്ഷീര സംഘത്തിന്റെ കീഴില്‍ കിടാരി പാര്‍ക്ക് തുടങ്ങിയത്. ക്ഷീര മേഖലയിലെ മികച്ച ഇടപെടലുകള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ ഡോ. വര്‍ഗീസ് കുര്യന്‍ പുരസ്‌കാരം നേടിയിട്ടുള്ള സംഘം കാഞ്ഞങ്ങാട് നിന്നും ഏഴു കിലോ മീറ്റര്‍ മാറി ചിത്താരി വില്ലേജ് കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം നടത്തുന്നത്. നാലായിരത്തോളം ചതുരശ്ര അടി വിസ്തൃതിയുള്ള തൊഴുത്തിലാണ് ഇവിടെ കിടാരികളെ പാര്‍പ്പിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നു മികച്ചയിനം പശുക്കുട്ടികളെ കൊണ്ടുവന്നാണു വളര്‍ത്തുന്നത്. ഇതിനകം നൂറോളം പശുക്കളെ മറ്റു ജില്ലകളിലേക്കടക്കം വില്‍പ്പന നടത്തിയെന്നു സംഘം സെക്രട്ടറി ബി. പ്രജീഷ് പറഞ്ഞു. ഇപ്പോള്‍ മുപ്പതോളം പശുക്കള്‍ പാര്‍ക്കിലുണ്ട്. സ്വന്തമായും പാട്ടത്തിനെടുത്തും ഒരുക്കിയ മൂന്നര ഏക്കര്‍ സ്ഥലത്താണു ഫാം നടത്തുന്നത്. മൂന്നേക്കറിലേറെ സ്ഥലത്ത് പശുക്കള്‍ക്കായി തീറ്റപ്പുല്‍ കൃഷിയും ചെയ്യുന്നുണ്ട്. ഇരുപതു ലക്ഷം രൂപ സര്‍ക്കാര്‍ സഹായത്തിനു പുറമെ ഒരു കോടി രൂപ സംഘം ചെലവിട്ടാണ് കിടാരി പാര്‍ക്ക് നടത്തുന്നത്.
പാലക്കാട്ട് രണ്ട് പാര്‍ക്കുകള്‍
ക്ഷീരോല്‍പ്പാദന രംഗത്തു വന്‍ മുന്നേറ്റം കാഴ്ചവെക്കുന്ന പാലക്കാട് ജില്ലയില്‍ രണ്ടു കിടാരി പാര്‍ക്കുകള്‍ക്കാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്. രണ്ടു പാര്‍ക്കുകളും തമിഴതിര്‍ത്തിയോടു ചേര്‍ന്നാണു പ്രവര്‍ത്തിക്കുന്നത്. മൂലത്തറയിലും കുമരനൂരിലും. കൊഴിഞ്ഞാമ്പാറക്കടുത്തുള്ള കുമരനൂരില്‍ 2020 ഏപ്രിലിലാണു ഫാം തുടങ്ങിയത്. ക്ഷീര വികസന വകുപ്പിന്റെ 15 ലക്ഷവും സംഘത്തിന്റെ ഒരു കോടി രൂപയും ഇതിനകം ചെലവഴിച്ചു. 155 കിടാരികളെ കൊണ്ടുവന്നു വളര്‍ത്തിയതില്‍ 125 ഉം വിറ്റുപോയി. മൂന്നര ഏക്കര്‍ സ്ഥലത്താണു പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. രണ്ടര ഏക്കറില്‍ പുല്‍ക്കൃഷിയും ചെയ്യുന്നുണ്ട്. പശുക്കള്‍ക്കു സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ സൂപ്പര്‍ നേപ്പിയര്‍ എന്ന തീറ്റപ്പുല്‍ ഇനമാണ് കൃഷി ചെയ്യുന്നതെന്നു കുമരനൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി ശോഭന പറഞ്ഞു. പ്രളയകാലത്തു സമീപ ജില്ലകളില്‍ പശുക്കള്‍ക്കു തീറ്റപ്പുല്‍ കിട്ടാതായപ്പോള്‍ കുമരനൂരില്‍ നിന്നു പുല്ലു കയറ്റി അയച്ചിരുന്നു.
2020 ഒക്ടോബറിലാണു പാലക്കാട് ജില്ലയിലെ രണ്ടാമത്തെ കിടാരി പാര്‍ക്ക് തമിഴതിര്‍ത്തിയായ മീനാക്ഷിപുരത്തോടു ചേര്‍ന്നുള്ള മൂലത്തറ ക്ഷീര സംഘത്തിന്റെ കീഴില്‍ തുടങ്ങിയത്. ശില്‍വാമ്പതി എന്ന സ്ഥലത്തു മൂന്നര ഏക്കറിലാണു പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. സംഘം പ്രസിഡന്റിന്റെ സ്ഥലം വാടകക്കെടുത്തതാണിത്. പാര്‍ക്ക് സ്ഥാപിക്കാന്‍ ക്ഷീര വികസനവകുപ്പ് 15 ലക്ഷം രൂപ ചെലവിട്ടു. പശുക്കളെ വാങ്ങുന്നതിനും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുമായി സംഘം ഒരു കോടിയോളം രൂപയും വിനിയോഗിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നു മികച്ചയിനം പശുക്കുട്ടികളെ കൊണ്ടുവന്നാണു വളര്‍ത്തി വലുതാക്കി ആവശ്യക്കാരായ കര്‍ഷകര്‍ക്കു നല്‍കുന്നത്. ഹരിയാന, കൃഷ്ണഗിരി, ഉദുമല്‍പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു 150 കിടാരികളെ ഇതിനകം കൊണ്ടുവന്നു. കഴിഞ്ഞ മൂന്നു മാസത്തിനകം 120 ഓളം കിടാരികളെ വില്‍ക്കുകയും ചെയ്തുവെന്നു സംഘം സെക്രട്ടറി വി.ടി.സുരേഷ്‌കുമാര്‍ പറഞ്ഞു.
ആധുനിക യന്ത്ര സംവിധാനത്തോടെയുള്ള തൊഴുത്തുകളിലാണ് മൂലത്തറയില്‍ കിടാരികളെ വളര്‍ത്തുന്നത്. ചൂടു കൂടുമ്പോള്‍ തനിയെ പ്രവര്‍ത്തിക്കുന്ന സ്പ്രിംഗ്‌ളറുകള്‍ തൊഴുത്തിനകത്തു ഘടിപ്പിച്ചിട്ടുണ്ട്. പാത്രങ്ങളില്‍ വെള്ളം ഒഴിയുന്ന മുറയ്ക്കു അതു നിറയ്ക്കാനും യന്ത്രസംവിധാനമുണ്ട്. ഒരേക്കര്‍ പുല്‍ത്തോട്ടം പാര്‍ക്കിലുണ്ട്.
ആരോഗ്യമുള്ള പശുക്കളെ കിടാരി പാര്‍ക്കുകളില്‍ വളര്‍ത്തിയെടുക്കുന്നതിനു ക്ഷീര സംഘങ്ങള്‍ വലിയ ശ്രമം നടത്തുന്നുണ്ട്. ഇതിനായി നല്ല ഭക്ഷണം നല്‍കണം. തീറ്റപ്പുല്‍ സുഭിക്ഷമായി ഒരുക്കണം. കൃത്യമായ ഇടവേളകളില്‍ മൃഗഡോക്ടറുടെ സേവനവും ഉറപ്പു വരുത്തണം. ക്ഷീര വികസന വകുപ്പിന്റെതന്നെ വിവിധ പദ്ധതികളിലൂടെയാണു കര്‍ഷകര്‍ക്കു പശുക്കളെ പാര്‍ക്കുകളില്‍ നിന്നു വില്‍പ്പന നടത്തുന്നത്. അഞ്ചു മുതല്‍ പത്തു മാസം വരെ പ്രായമുള്ള പശുക്കിടാങ്ങളെയാണു വളര്‍ത്താനായി കൊണ്ടുവരിക. ഗര്‍ഭിണിയാക്കി പ്രസവിപ്പിച്ചു വില്‍പ്പന നടത്തുമ്പോള്‍ 28 മാസം വരെയെടുക്കാം. ഇത്രയും ദീര്‍ഘ കാലം ആരോഗ്യത്തോടെ പരിപാലിക്കേണ്ടതിന്റെ ചെലവ് വലുതാണെന്ന വിലയിരുത്തല്‍ സംഘങ്ങള്‍ക്കുണ്ട്. അതുകൊണ്ട് പത്തുമാസം വരെ പ്രായമുള്ള കിടാരികളെ വാങ്ങുന്നതാവും ഉചിതമെന്നു സംഘം പ്രവര്‍ത്തകര്‍ പറയുന്നു.