ക്രിഭ്‌കോയുടെ ലാഭത്തില്‍ സര്‍വകാല റെക്കോഡ്

moonamvazhi

രാജ്യത്തു സഹകരണ മേഖലയിലെ രണ്ടാമത്തെ രാസവളം നിര്‍മാണസ്ഥാപനമായ ക്രിഭ്‌കോ 2021-22 സാമ്പത്തികവര്‍ഷം ഇതുവരെയില്ലാത്ത വന്‍ലാഭം കരസ്ഥമാക്കി. പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലയിലും മികച്ചുനിന്ന ക്രിഭ്‌കോ 1493.26 കോടി രൂപയുടെ ലാഭമാണു നേടിയത്. ഇതു സര്‍വകാല റെക്കോഡാണ്. ഓഹരിയുടമകള്‍ക്കു ഇരുപതു ശതമാനം ലാഭവിഹിതം ക്രിഭ്‌കോ പ്രഖ്യാപിച്ചു.

ക്രിഭ്‌കോയുടെ 42-ാമതു വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ ചന്ദ്രപാല്‍ സിങ് യാദവാണു ഈ സഹകരണ സ്ഥാപനത്തിന്റെ അഭിമാനകരമായ നേട്ടം ഓഹരിയുടമകളെ അറിയിച്ചത്. ക്രിഭ്‌കോ മാനേജിങ് ഡയരക്ടര്‍ രാജന്‍ ചൗധരിയും സഹപ്രവര്‍ത്തകരുമാണു ഈ നേട്ടത്തിനു പിന്നിലെന്നു ചന്ദ്രപാല്‍ സിങ് യാദവ് പ്രശംസിച്ചു.

77.68 കോടി രൂപയാണു ലാഭവിഹിതം വിതരണം ചെയ്യാന്‍ വേണ്ടിവരിക. ക്രിഭ്‌കോയുടെ മൊത്തം ആസ്തി 2020-21 ലെ 3,557.37 കോടി രൂപയില്‍ നിന്നു 2021-22 ല്‍ 4,643.10 കോടിയായി വര്‍ധിച്ചു. 2021-22 ല്‍ സംഘത്തിന്റെ രാസവളം വില്‍പ്പന 44 ലക്ഷം മെട്രിക് ടണ്ണായും യൂറിയ വില്‍പ്പന 34.58 ലക്ഷം മെട്രിക് ടണ്ണായും വര്‍ധിച്ചു. വില്‍പ്പനയും സേവനവും ഒരു മേല്‍ക്കൂരക്കു കീഴില്‍ എന്ന ലക്ഷ്യത്തോടെ ക്രിഭ്‌കോ 63 ക്രിഷക് ഭാരതി സേവാ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഇതിനായി 187 സഹകരണ സംഘങ്ങളെ ദത്തെടുത്തിട്ടുണ്ട് – ചെയര്‍മാന്‍ അറിയിച്ചു.

1980 ല്‍ സഹകരണ മന്ത്രാലയത്തിന്റെ ഉടമസ്ഥതയില്‍ സ്ഥാപിതമായ കേന്ദ്ര സര്‍ക്കാര്‍ സഹകരണ സ്ഥാപനമാണു ക്രിഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( KRIBHCO ) എന്ന ക്രിഭ്‌കോ. രാസവളം നിര്‍മാണത്തിലും വിപണനത്തിലും ഒന്നാം സ്ഥാനത്തുള്ള സഹകരണ സ്ഥാപനം ഇഫ്‌കോ ( ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ( IFFCO ) യാണ്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘമായ ഇഫ്‌കോയുടെ ഉടമകള്‍ സഹകരണ സംഘങ്ങളാണ്. 1967 ലാണിതു സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News