‘കേരളബാങ്ക്’ മാതൃക ലയനമാനദണ്ഡമാക്കി റിസര്‍വ് ബാങ്കിന്റെ മാര്‍ഗരേഖ

[mbzauthor]

സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനത്തിനുള്ള മാര്‍ഗരേഖ റിസര്‍വ് ബാങ്ക് തയ്യാറാക്കി. കേരളബാങ്ക് രൂപീകരണത്തിന് സ്വീകരിച്ച നടപടികള്‍ പൊതുമാനദണ്ഡമാക്കി അംഗീകരിക്കുന്നതാണ് ഈ മാര്‍ഗരേഖ. കേരളത്തിന് പിന്നാലെ മറ്റ് ഏഴ് സംസ്ഥാനങ്ങള്‍ സംസ്ഥാന-ജില്ലാബാങ്കുകളുടെ ലയനത്തിന് അപേക്ഷ നല്‍കിയ പശ്ചാത്തലത്തിലാണ് രാജ്യത്താകെ ബാധകമായ പൊതുമാനദണ്ഡം നിശ്ചയിച്ച് റിസര്‍വ് ബാങ്ക് വിജ്ഞാപനമിറക്കിയത്.

കേരളബാങ്കിന്റെ കാര്യത്തില്‍ റിസര്‍വ് സ്വീകരിച്ച രണ്ടുഘട്ട അനുമതിയാണ് പൊതുമാനദണ്ഡത്തിലുമുള്ളത്. ആദ്യം തത്വത്തില്‍ അനുമതിയും, പിന്നെ അന്തിമ അനുമതിയുമായിരിക്കും നല്‍കുക. തത്വത്തില്‍ അനുമതി ലഭിക്കുന്നതിന് അപേക്ഷ നല്‍കേണ്ട രീതി എങ്ങനെയാണെന്നും നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന-ജില്ലാബാങ്കുകള്‍ ലയിച്ച് ഒറ്റ സ്ഥാപനമാകുമ്പോള്‍ അതത് സംസ്ഥാനത്തെ സഹകരണ വായ്പ ഘടനയിലും അംഗങ്ങളുടെ സാമ്പത്തികാവസ്ഥയിലും ഉണ്ടാക്കാവുന്ന മാറ്റങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തണം. ജീവനക്കാരുടെ പുനര്‍വിന്യാസമടക്കം ഈ പഠനത്തിന്റെ ഭാഗമാകണം.

ലയനശേഷമുള്ള ബാങ്കിന്റെ പ്രവര്‍ത്തനം, ബിസിനസ് രീതി, ലാഭസാധ്യത, ഭരണസംവിധാനം എന്നിവയെല്ലാം ഈ പഠനത്തിലൂടെ വിലയിരുത്തണം. പഠനത്തിന് ശേഷം തയ്യാറാക്കുന്ന ലയന പ്രപ്പോസല്‍ പൊതുയോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങേണ്ടതുണ്ട്. ഈ പ്രപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച് നബാര്‍ഡ് വഴി റിസര്‍വ് ബാങ്ക് അനുമതിക്കായി സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് കേരളബാങ്കിന്റെ കാര്യത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങളാണ്.


എന്നാല്‍, പൊതുയോഗത്തിന്റെ കേവല ഭൂരിപക്ഷം മതിയെന്ന കേരളബാങ്കിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട്, പൊതുമാനദണ്ഡമായി അംഗീകരിച്ചിട്ടില്ല. ലയനത്തിന് പൊതുയോഗത്തിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മൊത്തം നിഷ്‌ക്രിയ ആസ്തി ഏഴ് ശതമാനത്തില്‍ താഴെയായിരിക്കണം. കാലാകാലങ്ങളില്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന മൂലധന പര്യാപ്തത ഉറപ്പുവരുത്തണം. ഇതിനാവശ്യമായ ഫണ്ട് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഇത് കേരളബാങ്കിന് അനുമതി നല്‍കിയുള്ള ഉത്തരവിലും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയതാണ്.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്ക് ശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതിയില്‍ റിസര്‍വ് ബാങ്കിന് നേരിട്ട് ഇടപെടാനുള്ള വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. ഇത്തരമൊരു വ്യവസ്ഥ ഇല്ലാതിരുന്ന ഘട്ടത്തിലാണ് ഭരണസമിതിക്ക് പുറമെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് രൂപീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, നിയമഭേദഗതിക്ക് ശേഷവും ബോര്‍ഡ് ഓഫ് മാനേജ്മെന്റ് നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. അതിനാല്‍, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ ലയിച്ചാല്‍, ഭരണസമിതിക്ക് പുറമെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് രൂപീകരിക്കണമെന്ന് പുതിയ മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.