കേരളത്തിന്റെ പാല്‍പ്പൊടി ഫാക്ടറിഒരു വര്‍ഷത്തിനകം – മന്ത്രി ജെ. ചിഞ്ചുറാണി

Deepthi Vipin lal

കേരളത്തിന്റെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്നു മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മില്‍മയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ മിച്ചംവരുന്ന പാല്‍ കേരളത്തില്‍ത്തന്നെ പാല്‍പ്പൊടിയാക്കി മാറ്റാന്‍ കഴിയുമെന്നു മന്ത്രി പറഞ്ഞു. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നിര്‍മിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് കെട്ടിടത്തിനു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു മന്ത്രി. പാല്‍ ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു.

മിച്ചംവരുന്ന പാല്‍ മില്‍മ സംഭരിച്ച് മറ്റു സംസ്ഥാനങ്ങളില്‍ക്കൊണ്ടുപോയി പാല്‍പ്പൊടിയാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. സ്വന്തമായി പാല്‍പ്പൊടി ഫാക്ടറി യാഥാര്‍ഥ്യമാകുന്നതോടെ ഇക്കാര്യത്തിലും സ്വയംപര്യാപ്തത കൈവരിക്കാനാകും. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വ്യവസായം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പനീര്‍ യൂണിറ്റിനും മില്‍മ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ക്ഷീര വികസന മേഖലയിലേക്കു വലിയ തോതില്‍ ചെറുകിട സംരംഭങ്ങള്‍ വരുന്നുണ്ട്. യുവാക്കളടക്കമുള്ളവര്‍ ഈ മേഖലയോടു വലിയ താത്പര്യം കാണിക്കുന്നുണ്ട്. ഇങ്ങനെയെത്തുന്നവര്‍ക്കു മൃഗസംരക്ഷണ മേഖലയെക്കുറിച്ചും മൃഗ പരിപാലനം, വ്യവസായം തുടങ്ങിയവയിലും മികച്ച പരിശീലനം നല്‍കേണ്ടതുണ്ട്.

സെന്റര്‍ ഓഫ് എക്സലന്‍സ് പോലുള്ള സ്ഥാപനങ്ങള്‍ ഇതു ലക്ഷ്യംവച്ചുള്ളതാണെന്നു മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈലല്‍ ടെലി വെറ്ററിനരി യൂണിറ്റിന്റെയും മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൈ എന്‍ഡ് അള്‍ട്രാ സൗണ്ട് മെഷീനിന്റെയും ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എസ്. ജയചന്ദ്രന്‍ നായര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ. കൗശിഗന്‍, പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫിസര്‍ ഡോ. ഹരികൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.