കേരള ബാങ്ക് വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതായി അടൂർ പ്രകാശ് എം.പി : ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ സമ്മേളനം.
കേരള ബാങ്ക് വിഷയത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതായി അടൂർ പ്രകാശ് എം.പി. പറഞ്ഞു. കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ ആറാം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംപി. ഒരു മുന്നൊരുക്കവുമില്ലാതെ തട്ടിക്കൂട്ടിയ സംവിധാനമാണ് കേരള ബാങ്ക്. ജില്ലാ- സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംവിധാനം പൂർത്തീകരികാത്തതിനാൽ ജീവനക്കാർക്കിടയിൽ വലിയ അതൃപ്തിയുണ്ട്. 1.4.2017 മുതൽ നടപ്പിൽ വരുത്തേണ്ട ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. സഹകരണ മന്ത്രി ജീവനക്കാർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോ.ബാങ്ക് ടവറിൽ നടന്ന സമ്മേളനം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ, സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള, പി. പ്രദീപ്കുമാർ, അഡ്വക്കേറ്റ് എം.പി. സാജു, എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. അഡ്വക്കറ്റ് അടൂർ പ്രകാശ് എം.പി.യാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. അഡ്വക്കേറ്റ് എം പി സാജു വർക്കിങ് പ്രസിഡന്റ്. എസ് സന്തോഷ് കുമാർ ആണ് ജനറൽ സെക്രട്ടറി.