കേരള ബാങ്ക് രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് രജിസ്ട്രാർ
കേരള ബാങ്ക് രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിനാകെ മാതൃകയാകുമെന്ന് സഹകരണ സംഘം രജിസ്ട്രാർ എസ്.ഷാനവാസ് ഐ.എ.എസ്.ആശങ്കകളെല്ലാം പരിഹരിച്ചാവും കേരള ബാങ്ക് രൂപീകരിക്കുക .കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളുടെ സാധ്യതകളും എന്ന വിഷയത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ പല ആവശ്യങ്ങൾക്കും ആദ്യം സമീപിക്കുക സഹകരണ മേഖലയെയാണ്. അതു കൊണ് തന്നെ മേഖലയെ തളർത്തുന്ന ഒരു നടപടിയും സ്വീകരിക്കുക. പൂർണമായും ആധുനികവത്കരിച്ച കേരള ബാങ്കിന് കുറഞ്ഞ കാലയളവിൽ വലിയ നേട്ടം ഉണ്ടാക്കാൻ ആകും.കേരള ബാങ്കിനെ വിജയത്തിലെത്തിക്കാനുള്ള ബാധ്യത സഹകാരി സമൂഹത്തിനുണ്ടെന്നും രജിസ്ട്രാർ കൂട്ടിച്ചേർത്തു.
തൃശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എം.രാമനുണ്ണി വിഷയാവതരണം നടത്തി. ബാങ്കിങ് മേഖലയിൽ സംസ്ഥാനത്തിന് പുതിയ സാധ്യതകൾ തുറക്കുന്നതാവും കേരള ബാങ്കെന്ന് അദ്ദേഹം പറഞ്ഞു. നവകേരളം സൃഷ്ടിക്കാനുള്ള പ്രധാന ഇടപെടൽ കൂടിയാണ് കേരള ബാങ്ക് രൂപീകരണം. ആഗോള തലത്തിലെ ബാങ്കിങ് സൗകര്യങ്ങൾ പ്രാഥമിക സംഘങ്ങളിലേക്കും കൊണ്ടുവരാനാകും.സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ പൂർണമായും നിറവേറ്റാനാകും. സാങ്കേതികമായി കൂടി സ്വയം പര്യാപ്തമാകുന്നതോടെ വിദേശ പണമിടപാടുകളും നെറ്റ് ബാങ്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങളും സുഗമമായി നടത്താനാകും. മൈക്രോ ഫിനാൻസ് രംഗത്തും ശക്തമായ ഇടപെടൽ നടത്താൻ കേരള ബാങ്കിനാകുമെന്നും അദ്ദേഹം പറഞ്ഞു.കേരള ബാങ്കിനെക്കുറിച്ച് പഠിച്ച ശ്രീറാം കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ പൂർണമായി നടപ്പാക്കുകയല്ല മറിച്ച് അതിലെ ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുക മാത്രമാവും ചെയ്യുകയെന്നും സഹകാരികളുടെ സംശയങ്ങൾക്കുള്ള മറുപടിയായി എം.രാമനുണ്ണി വ്യക്തമാക്കി.
സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ അധ്യക്ഷനായിരുന്നു.പുതു തലമുറ ബാങ്കുകൾക്കൊപ്പം പിടിച്ചു നിൽക്കാൻ സഹകരണ മേഖലക്ക് കേരള ബാങ്ക് രൂപീകരണം അനിവാര്യമാണ്. കേരളം തീരുമാനമെടുത്തതോടെ ദ്വിതല സംവിധാനം വേണ്ടെന്ന് തീരുമാനിച്ച പല സംസ്ഥാനങ്ങളും തിരിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ ജിൽസ് മോൻ ജോസ്, ജോയിന്റ് രജിസ്ട്രാർ ദിനേശ് ബാബു, പ്രൈമറി കോപ്പറേറ്റിവ് അസോസിയേഷൻ സെക്രട്ടറി കെ.നാരായണൻ, കണ്ണൂർ ജില്ലാ ബാങ്ക് ജനറൽ മാനേജർ ഇൻ ചാർജ് ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരള ബാങ്ക് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ എല്ലാ ജില്ലകളിലും സഹകരണ വകുപ്പ് ശിൽപശാല സംഘടിപ്പിക്കുന്നുണ്ട്