കേരള ബാങ്ക് : ഒമ്പതു ജില്ലാ ബാങ്കുകളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം: നാലിടത്ത് കേവല ഭൂരിപക്ഷം
കേരളബാങ്ക് രൂപവത്കരണത്തിന് അനുമതി തേടിക്കൊണ്ട് സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളില്‍ വ്യാഴാഴ്ച നടന്ന പൊതുയോഗങ്ങളില്‍ ഒമ്പതിടത്ത് പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസായി. വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ കേവല ഭൂരിപക്ഷമേയുള്ളു. മലപ്പുറം ജില്ലാ ബാങ്ക് പൊതുയോഗം പ്രമേയം തള്ളി. ഇവിടെ പകുതി അംഗങ്ങള്‍പോലും ലയനത്തെ അനുകൂലിച്ചില്ല.
ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതിനുള്ള അനുമതി തേടുന്ന പ്രമേയമാണ് പൊതുയോഗത്തില്‍ അവതരിപ്പിച്ചത്. 14 ജില്ലാ ബാങ്കുകളിലും രാവിലെ 11ന് ആരംഭിച്ച പൊതുയോഗങ്ങള്‍ ഏറെക്കുറെ സമാധാനപരമായിരുന്നു. കേരളബാങ്ക് രൂപവത്കരണത്തിനുള്ള നിര്‍ണായക നടപടിക്രമമാണ് വ്യാഴാഴ്ച നടന്നത്. ഏഴ് ജില്ലാ ബാങ്കുകളിലെ പൊതുയോഗം ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലാവണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടര്‍മാര്‍ നിരീക്ഷകരായത്.
മലപ്പുറത്ത് 32 അംഗങ്ങളാണ് പ്രമേയത്തിനനുകൂലമായി വോട്ടു ചെയ്തത്. 97 പേര് എതിര്‍ത്തു. ആദ്യം തീരുമാനം പ്രഖ്യാപിച്ചത് കൊല്ലത്തായിരുന്നു. ഇവിടെ കൈപൊക്കിയായിരുന്നു വോട്ടെടുപ്പ്. 86 അംഗങ്ങള്‍ അനുകൂലിച്ചും 24 പേര് എതിര്‍ത്തും കൈ പൊക്കി. കണ്ണൂരില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള സംഘങ്ങളുടെ പ്രതിനിധികള്‍ പ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്തതായി വാര്‍ത്തകളുണ്ട്. കാസര്‍കോട്ട് ബി.ജെ.പി. പൊതുയോഗം ബഹിഷ്കരിച്ചതിനാലാണ് പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസായത്.
ജില്ലകളിലെ വോട്ടു നില ( അനുകൂലിച്ചവര്‍, എതിര്‍ത്തവര്‍ എന്നീ ക്രമത്തില്‍ ) : തിരുവനന്തപുരം: 94 – 18 , കൊല്ലം : 86 – 24 , പത്തനംതിട്ട : 81 – 21, കോട്ടയം : 79 – 40 , ആലപ്പുഴ : 116 – 52 , എറണാകുളം : 102 56 , ഇടുക്കി : 42 – 31, തൃശ്ശൂര്‍ : 106 – 48, പാലക്കാട് : 63 – 28, മലപ്പുറം : 32 – 97, കോഴിക്കോട് : 83 – 23 , വയനാട് : 20 – 13, കണ്ണൂര്‍ : 95 – 29, കാസര്‍കോട് : 34 – 16.