കേരള ബാങ്കിലെ കോര്‍ബാങ്കിങ് :പരിശോധനയ്ക്കു സമിതി
കേരള ബാങ്കിലെ കോര്‍ബാങ്കിങ് നടപടികള്‍ കമ്മിറ്റി പരിശോധനയിലും ആവര്‍ത്തിച്ചുള്ള ടെണ്ടര്‍ നടപടിയിലും കുരുങ്ങിക്കിടക്കുന്നു. കേരള ബാങ്കിനു തത്വത്തില്‍ അംഗീകാരം നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് വെച്ച ഉപാധികളിലൊന്നായിരുന്നു സംസ്ഥാന – ജില്ലാ ബാങ്കുകളെ ബന്ധിപ്പിച്ചുള്ള കോര്‍ബാങ്കിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നത്. എന്നാല്‍, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ടെണ്ടര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്നതാണു അവസ്ഥ. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളുടെ ഫിനാന്‍ഷ്യല്‍ ബിഡ് പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചതാണു ഒടുവിലത്തെ നടപടി.
കേരള ബാങ്കിന് കോര്‍ബാങ്കിങ്, നെറ്റ്വര്‍ക്ക് എന്നിവയ്ക്കായി നേരത്തെ ഒരു പ്രപ്പോസല്‍ തയാറാക്കിയിരുന്നു. ഇതിന്റെ ടെണ്ടര്‍ നടപടി കഴിഞ്ഞ ശേഷം അതു റദ്ദാക്കി. കോര്‍ബാങ്കിങ്, നെറ്റ്‌വര്‍ക്കിങ് എന്നിവ പ്രത്യേകമായി ടെണ്ടര്‍ ചെയ്യാനാണ് തീരുമാനിച്ചത്. ഇതിനായി തയാറാക്കിയ പ്രപ്പോസല്‍ രണ്ടു തവണ മാറ്റി. ഒടുവില്‍ മാസങ്ങള്‍ കഴിഞ്ഞാണു ടെണ്ടര്‍ നടത്തിയത്. അതില്‍ പങ്കെടുത്ത കമ്പനികള്‍ സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ ബിഡ് പരിശോധിക്കാനാണു ഇപ്പോള്‍ സമിതിയെ നിയോഗിച്ചിട്ടുള്ളത്.
2021 ജനുവരി എട്ടിനാണു ഫിനാന്‍ഷ്യല്‍ ബിഡ് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നു കേരള ബാങ്ക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 2020 ഡിസംബര്‍ 23നു നടന്ന ഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈയാവശ്യം പരിഗണിച്ചാണു ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ചെയര്‍മാനായ ആറംഗ സമിതിക്കു സര്‍ക്കാര്‍ രൂപം നല്‍കിയത്. ബാങ്ക് സി.ഇ.ഒ. ആണ് കണ്‍വീനര്‍. ബാങ്ക് ഡയരക്ടര്‍മാരില്‍നിന്നു പ്രസിഡന്റ് നോമിനേറ്റ് ചെയ്യുന്ന ഒരാള്‍, ധനകാര്യ വകുപ്പിന്റെ പ്രതിനിധി, എന്‍.ഐ.സി. പ്രതിനിധി, അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) എന്നിവരാണു മറ്റംഗങ്ങള്‍.
2017 നവംബര്‍ 14 നാണു കേരള ബാങ്കില്‍ കോര്‍ബാങ്കിങ് സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കേരള ബാങ്കിന്റെ ഐ.ടി.കാര്യങ്ങള്‍ പരിശോധിക്കാനും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാനും സര്‍ക്കാര്‍ ഒരു ഐ.ടി.സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ മേല്‍നോട്ടത്തിലാണു ആദ്യം ആര്‍.എഫ്.പി. തയാറാക്കിയത്. നബാര്‍ഡിനും ആര്‍.ബി.ഐ.യ്ക്കും വേണ്ടി സോഫ്റ്റ്വെയര്‍ ഇന്റഗ്രേഷന്‍ നടത്തിയ കമ്പനികളെല്ലാം ഇതില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഈ ആര്‍.എഫ്.പി. മൂന്നു ഭാഗങ്ങളാക്കി വീണ്ടും ടെണ്ടര്‍ നടത്താനുള്ള തീരുമാനം വന്നതോടെ നേരത്തെ ടെണ്ടറില്‍ പങ്കെടുത്ത രാജ്യത്തെ മുന്‍നിര കമ്പനികള്‍ പലതും ഒഴിവായി. പുതിയ ടെണ്ടറില്‍ അഞ്ചു കമ്പനികളുണ്ടെന്നാണു വിവരം. ഇപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പരിശോധന കഴിഞ്ഞാല്‍ ഏതു കമ്പനിക്കാണു കരാര്‍ നല്‍കുകയെന്നു വ്യക്തമാകും.