കേന്ദ്രസർക്കാറിന്റെ ഒത്താശയോടെ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു – മന്ത്രി വി.എൻ. വാസവൻ

moonamvazhi

സംസ്ഥാനത്തെ ബാങ്കിംഗ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്ന സഹകരണ ബാങ്കുകളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ സംഘങ്ങൾക്ക് മേൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ഇ.ഡി. നടത്തുന്ന പരിശോധനകളെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ ആരോപിച്ചു.

കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണ്ണായക സ്വാധീനമാണ് സഹകരണ സംഘങ്ങൾക്കുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്. 1.86 ലക്ഷം കോടി രൂപ വായ്പ കൈകാര്യം ചെയ്യുന്നു.

സഹകരണ മേഖലയിലാകെ കള്ളപ്പണം എന്ന തെറ്റായ സന്ദേശം നൽകി ഈ മേഖല പടുത്തുയർത്തിയ വിശ്വാസത്തെ തകർക്കുകയാണ് ലക്ഷ്യം. ഏറ്റവും ജനാധിപത്യ. രീതിയിൽ പ്രവർത്തിക്കുന്ന സുശക്തമായ സംവിധാനമാണ് കേരളത്തിലെ പ്രാഥമിക വായ്പാ സംഘങ്ങളുടേത്. ശക്തമായ ഭരണസമിതിയും, കാര്യക്ഷമമായ ഉദ്യോഗസ്ഥവൃന്ദവുമാണ് ഓരോ സഹകരണ സംഘത്തിന്റെയും ശക്തി.
രാഷ്ട്രീയ ലക്ഷ്യത്തോടെ ചില നിക്ഷിപ്ത താത്പര്യക്കാർ നടത്തുന്ന കുപ്രചരണമാണ് ഇപ്പോൾ ഇ.ഡി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണമുണ്ട് എന്ന് നോട്ടു നിരോധനകാലത്ത് ഉയർന്നു വന്ന ആരോപണങ്ങളെല്ലാം തന്നെ അന്ന് നബാർഡ്, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവയൊക്കെ വിശദമായ പരിശോധന നടത്തി ഒരു പ്രശ്നവും കണ്ടെത്താനായില്ല. ഇപ്പോൾ കരുവന്നൂരിൽ നടന്ന കേസിന്റെ പിന്നാലെ നടത്തുന്ന പരിശോധന പരമ്പരകൾ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ്.


സഹകരണ മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള അനഭിലഷണീയമായ പ്രവർത്തനങ്ങളുണ്ടെങ്കിൽ അതിനെതിരായ നടപടികൾ സ്വീകരിക്കുന്നതിൽ ആരും എതിര് പറയുകയില്ല. എന്നാൽ അതിന്റെ മറവിൽ സഹകരണ മേഖലയിലാകെ കുഴപ്പമാണെന്ന് പ്രതീതി വരുത്തുന്നത് നല്ല പ്രവണതയല്ല. ഇത് സഹകരണ മേഖലയിലെ നിക്ഷേപകരിൽ അതിന്റെ ഇടപാടുകാരിൽ ഭീതി വളർത്താനേ സഹായകമാകൂ. അത്തരത്തിൽ ഒരു ഭയാശങ്കകൾക്കും അടിസ്ഥാനമില്ല എന്നതാണ് വാസ്തവം.

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് എന്നും സർക്കാരിന്റെ ഉറപ്പുണ്ട്. സഹകരണ ബാങ്കുകളിലെ ഒരാളിന്റേയും നിക്ഷേപം ഒരു കാരണവശാലും നഷ്ടമാകില്ല. നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടിയുണ്ട്. എല്ലാ സംഘങ്ങളും എപ്പോഴും നിക്ഷേപം തിരികെ നൽകാൻ കഴിയുന്ന തരത്തിൽ ആവശ്യമായ ലിക്വഡിറ്റി ഉറപ്പാക്കുന്നു. എന്നു മാത്രമല്ല സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് നിക്ഷേപ ഗ്യാരണ്ടി ബോർഡുണ്ട്. ഇതിനു പുറമേ സഹകരണ പുനരുദ്ധാരണ നിധി സഹകരണ വകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിക്ഷേപങ്ങൾക്ക് ഏറ്റവും വലിയ പരിരക്ഷ നൽകുന്ന സംസ്ഥാനമാണ് കേരളം.

സഹകരണ മേഖലയിൽ ചില ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകൾ കടന്നു വരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. അതിനെ ശക്തമായി ചെറുക്കുന്നതിനുള്ള നടപടികൾ സഹകരണ വകുപ്പ് ചെയ്തു വരുന്നു. ഇക്കഴിഞ്ഞ നിയമസഭ ഐകകണ്ഠേന പാസ്സാക്കിയ നിയമഭേദഗതിയിൽ ഒട്ടേറെ നിദ്ദേശങ്ങൾ ഉൾക്കൊള്ളുന്നു. സഹകരണ സംഘങ്ങളിലെ ആഡിറ്റ് സംവിധാനം ശക്തമാക്കുന്നതിന് ടീം ആഡിറ്റ് സംവിധാനം കൊണ്ടുവന്നു. ആഡിറ്റിൽ കണ്ടെത്തുന്ന ന്യൂനതകൾ പരിശോധിച്ച് ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിന് നിരവധി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ-ന് അംഗീകാരം നൽകി. ആഡിറ്റ് റിപ്പോർട്ടിലെ ന്യൂനത, ഭരണസമിതി അംഗങ്ങളും ജീവനക്കാരും അവരുടെ ബന്ധുക്കളും സംഘങ്ങളിൽ നിന്നും എടുത്തിട്ടുള്ള വായ്പ ബാദ്ധ്യതകൾ എന്നിവ ജനറൽ ബോഡിയിൽ വയ്ക്കുന്നതിനു് നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. ആഡിറ്റിലും പരിശോധനകളിലും ക്രിമിനൽ സ്വഭാവമുള്ള കേസുകൾ കണ്ടെത്തുമ്പോൾ അത് പോലീസിനും അഴിമതി നിരോധന നിയമപ്രകാരം ക്രൈംബ്രാഞ്ചിനും നൽകി നടപടി സ്വീകരിക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അത്തരത്തിൽ ശക്തമായ ഭരണനിയമ സംവിധാനങ്ങൾ നടപ്പിലാക്കി മുന്നോട്ട് പോകുമ്പോൾ അതിനെതിരായി ബോധപൂർവ്വമായ നീക്കമാണ് ഇ.ഡി ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് നടന്നുവരുന്നത്.

തികഞ്ഞ രാഷ്ട്രീയ ലക്ഷ്യമാണ് പിന്നിലെന്ന് ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുന്നു. സഹകരണ സംഘങ്ങളിലാകെ കള്ളപ്പണമാണ് എന്ന ധാരണ പരത്തുകയാണ് ലക്ഷ്യം. നോട്ടു നിരോധന കാലത്ത് ഇ.ഡി. ഉയർത്തിയ ഇതേ നയം തന്നെയാണ് ഇ.ഡി.യുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ എന്നാണ് ഇപ്പോഴത്തെ നടപടികളിൽ നിന്ന് വ്യക്തമാകുന്നത്. നോട്ടു നിരോധനകാലത്ത് കേന്ദ്രം ഉയർത്തിയ പല വെല്ലുവിളികളേയും നിയമപരമായും ജനകീയപ്രക്ഷോഭങ്ങളിലൂടേയും ഭരണ പ്രതിപക്ഷ ഐക്യത്തിലൂടെയുമാണ് കേരളം ചെറുത്തത്. പുതിയ കേന്ദ്രമന്ത്രാലയത്തിന്റെ പല നയങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങൾക്കെതിരായ സംസ്ഥാന വിഷയമായ സഹകരണ മേഖലയിൽ ഇടപെടുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ കേരളം ശക്തമായ ചെറുത്തുനിൽപ്പാണ് നടത്തി വരുന്നത്. ഈ വിഷയത്തിൽ കേരള സർക്കാർ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തരം നടപടികൾക്കെതിരായ പ്രതികാര നടപടികൾ കൂടിയാണ് ഇ.ഡി യെ ഉപയോഗിച്ച് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകൾ.
ഇതിനെതിരെ ശക്തമായ പ്രതിഷേധം സഹകാരി സമൂഹത്തിൽ നിന്ന് ഉണ്ടാകണം. നോട്ടുനിരോധനകാലത്ത് സഹകാരിസമൂഹം ഉയർത്തിയ ചെറുത്തു നിൽപ്പ് ഇവിടെ ഉണ്ടാകണം. സഹകരണമേഖലയ്ക്ക് എതിരെ പ്രവർത്തിക്കുന്ന ശക്തികളെ പ്രതിലോമ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News